- രവി കൊമ്മേരി
യു.എ.ഇ: ശരിയായ രീതിയില്‍ ശമ്പളം നല്‍കാത്ത സ്ഥാപനങ്ങള്‍ക്കെതിരേ പുതിയ ശിക്ഷാനടപടികള്‍ ഉള്‍പ്പെടുത്തി രാജ്യത്തെ വേതന സംരക്ഷണ സംവിധാനത്തില്‍ ഭേദഗതിവരുത്തിയതായി തൊഴില്‍ മന്ത്രാലയം അറിയിച്ചു. ശമ്പളം വൈകിപ്പിച്ച കാലയളവ്, ജീവനക്കാരുടെ എണ്ണം, ശമ്പളം നിഷേധിക്കപ്പെട്ടവരുടെ എണ്ണം എന്നിവയുടെ അടിസ്ഥാനത്തില്‍ സ്ഥാപനങ്ങള്‍ക്കെതിരേ വിവിധ ശിക്ഷാ നടപടികള്‍ ഉള്‍പ്പെടുത്തിയാണ് യു.എ.ഇയിലെ വേജ് പ്രൊട്ടക്ഷന്‍ സിസ്റ്റത്തില്‍ ഭേദഗതികള്‍ നടപ്പാക്കുന്നത്.
തൊഴില്‍ മന്ത്രി ഡോ. അബ്ദുറഹ്മാന്‍ അബ്ദുല്‍ മന്നാന്‍ അല്‍ അവാറിന്റെ നിര്‍ദേശപ്രകാരമാണ് പുതിയ മാറ്റങ്ങള്‍. ജീവനക്കാര്‍ക്ക് കൃത്യസമയം ശമ്പളം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ സ്ഥാപനങ്ങളുടെ വലുപ്പച്ചെറുപ്പം പരിഗണിക്കാതെ തന്നെ പരിശോധന കര്‍ശനമാക്കാനാണ് തീരുമാനം. ഇലക്ട്രോണിക് സംവിധാനം വഴി ജീവനക്കാരുടെ ബാങ്ക് അക്കൗണ്ടുകളില്‍ വേതനം എത്തുന്നുണ്ടോ എന്ന് നിരീക്ഷിക്കും. ഇതിന് പുറമെ, സ്ഥാപനങ്ങളില്‍ നേരിട്ടെത്തി പരിശോധന നടത്താനും മന്ത്രാലയം നിര്‍ദേശിക്കുന്നു.
ശമ്പളം വൈകുന്നുണ്ടെന്ന് കണ്ടാല്‍ കമ്പനികള്‍ക്ക് മുന്നറിയിപ്പ് നല്‍കും. വീഴ്ച പരിഹരിക്കുന്നില്ലെങ്കില്‍ ഈ സ്ഥാപനങ്ങള്‍ക്ക് പുതിയ വര്‍ക്ക് പെര്‍മിറ്റ് നല്‍കുന്നത് നിര്‍ത്തിവെക്കും. അമ്പത് ജീവനക്കാരില്‍ കൂടുതലുള്ള സ്ഥാപനങ്ങളാണ് ശമ്പളനിഷേധം തുടരുന്നതെങ്കില്‍ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറും. ഒപ്പം ഫെഡറല്‍, ലോക്കല്‍ അതോറിറ്റികളോട് കമ്പനിക്കെതിരേ നിയമനടപടി ആരംഭിക്കാന്‍ നിര്‍ദേശം നല്‍കും. ആറുമാസം വീഴ്ച തുടര്‍ന്നാല്‍ വന്‍ തുക പിഴചുമത്തുകയും സ്ഥാപനത്തെ തരംതാഴ്ത്തുകയും ചെയ്യും.
മുഴുവന്‍ ജീവനക്കാര്‍ക്കും വേജ് പ്രൊട്ടക്ഷന്‍ സിസ്റ്റം (ഡബ്ല്യൂ.പി.എസ് സംവിധാനം) വഴിയാണ് ശമ്പളം നല്‍കേണ്ടത്. കപ്പല്‍ ജീവനക്കാര്‍, വിദേശത്തെ ഓഫിസുകളില്‍നിന്ന് ശമ്പളം കൈപ്പറ്റുന്നവര്‍, യു.എ.ഇ സ്വദേശികളുടെ കീഴിലെ ടാക്‌സി, മത്സ്യബന്ധന ബോട്ട് ജീവനക്കാര്‍, ബാങ്ക് ജീവനക്കാര്‍ തുടങ്ങി ചുരുക്കം വിഭാഗം ജീവനക്കാര്‍ക്ക് മാത്രമേ ഈ സംവിധാനം വഴിയല്ലാതെ ശമ്പളം നല്‍കാന്‍ അനുമതിയുള്ളൂവെന്നും തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി.