മറ്റ് സസ്യങ്ങള്‍ക്ക് ഇടവും സൗകര്യവും നല്‍കാതെ നമ്മുടെ പറമ്പുകളിലെല്ലാം ത്വരിതഗതിയില്‍ ഇടതൂര്‍ന്ന് വളര്‍ന്നുപടരുന്ന കുറ്റിച്ചെടിയാണ് അമേരിക്കന്‍ തദ്ദേശവാസിയായായ കമ്യൂണിസ്റ്റ് പച്ച .നാച്ചുറല്‍ ബെറ്റാര്‍ഡിന്‍ എന്ന വിളിപ്പേരില്‍ക്കൂടി അറിയപ്പെടുന്ന കമ്യുണിസ്റ്റ് പച്ചയുടെ ശാസ്ത്രീയ നാമം (Chromolaena odorata.) എന്നാണ്. തീവ്രമായ വംശവര്‍ധന ശേഷിയുമുള്ള ഈ ചെടി എതെങ്കിലും പറമ്പുകളിലെത്തിയാല്‍ പൂര്‍ണ്ണമായും ഇല്ലായ്മ ചെയ്യാന്‍ ഒരുപാട് യത്‌നിക്കേണ്ടതായിവരും.
സൂര്യകാന്തിച്ചെടിയുടെ വംശപരമ്പരയില്‍പെട്ട ആസ്റ്ററേഷ്യ കുടുംബത്തിലുള്ള ഏകവാര്‍ഷികച്ചെടിയായ ഈ കുറ്റിച്ചെടി ഉഷ്ണമേഖല പ്രദേശങ്ങളില്‍ നിന്നാണ് ഇന്ത്യയിലെത്തിയത്. അമേരിക്കയിലെ ഫ്‌ളോറിഡ, ടെക്സാസ് എന്നിവിടങ്ങളില്‍ ഇവ സുലഭം.ആന്റി ഓക്‌സിഡന്റ് അടങ്ങിയ ഇതിന്റെ ഇലയിട്ട് തിളപ്പിച്ച വെള്ളത്തില്‍ കുളിക്കുന്നത് ശരീര വേദന കുറയ്ക്കാന്‍ സഹായകമാകും. ഇതിന്റെ ഇലയുടെ നീരും അല്‍പ്പം പച്ചമഞ്ഞളും അരച്ചുപുരട്ടിയാല്‍ ത്വക് രോഗങ്ങള്‍ക്ക് ശമനമുണ്ടാകുമെന്നും പ്രമുഖ ആയുര്‍വ്വേദ ചികിത്സകര്‍ സാക്ഷ്യപ്പെടുത്തുന്നു. കമ്യുണിസ്റ്റ് പച്ചയുടെ തളിരിലകള്‍ പിഴിഞ്ഞെടുത്ത നീര് പുരട്ടിയാല്‍ മുറിവുകള്‍ എളുപ്പത്തില്‍ ഉണങ്ങുമെന്നും ‘മുറിവ് കുട്ടി’ എന്ന ഔഷധച്ചെടിയെക്കാള്‍ എത്രയോ മടങ്ങ് ഔഷധവീര്യമുള്ളതാണ് ഈ ഇലച്ചാറിന്.
സംരക്ഷിത വനമേഖലകള്‍ക്കും അതാത് പ്രദേശങ്ങളിലെ ജൈവ വൈവിധ്യത്തിനും വരെ കനത്ത പ്രഹരമേല്‍പ്പില്‍ക്കുന്നതാണ് ഈ അധിനിവേശ സസ്യം. പ്രാദേശിക വിളവുകള്‍ക്കെല്ലാം പ്രഹരമേല്‍പ്പിച്ചുകൊണ്ട് ഫലഭൂയിഷ്ഠമായ കേരളത്തിന്റെ മണ്ണില്‍ വിത്തുകളിലൂടെയും തണ്ടുകളിലൂടെയും വ്യാപകമായ തോതിലുള്ള വംശവര്‍ധനശേഷിയുമായി കടന്നാക്രമണം നടത്തി ആഴത്തില്‍ വേരുറപ്പിച്ച ക്രോമോലിന ഒഡോറാറ്റ എന്ന കളച്ചെടി അറിയപ്പെടുന്നതാകട്ടെ കമ്യൂണിസ്റ്റ് പച്ച എന്നപേരില്‍ .
കമ്യൂണിസവും ഈ ചെടിയും തമ്മിലെന്താണാവോ ബന്ധം ?. വിചിത്രവും അത്ഭുതകരവും എന്നല്ലാതെന്തുപറയാന്‍ ?.
ഈ പേരിന്റെ പിന്നില്‍ കൃത്യവും വ്യക്തവുമായ അറിവുകളൊന്നുമില്ലെങ്കിലും ചില ഊഹാപോഹങ്ങളും സാഹചര്യത്തെളിവുകളും ഈ കാര്യത്തില്‍ ഇല്ലാതെയുമില്ല. കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ വേരോട്ടം കേരളത്തില്‍ വന്നതോടെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിയന്ത്രണത്തില്‍ ലോകത്തില്‍ ആദ്യമായി ഒരു ജനാധിപത്യ ഗവണ്‍മെന്റിന്റെ തുടക്കം 1957ല്‍ ആയിരുന്നു. ഈ കാലയളവിനോടടുത്താണത്രെ ഈ ചെടിയും വ്യാപകമായി കേരളത്തില്‍ വ്യാപമായി വളര്‍ന്നുകണ്ടത് .
മാത്രവുമല്ല ആ കാലയളവിനു തൊട്ടു മുന്‍പ് പാര്‍ട്ടിസഖാക്കള്‍ ഒളിവില്‍ താമസിക്കേണ്ടിവന്നപ്പോള്‍ യാദൃശ്ചികമായി ശരീരത്തിനേറ്റ മുറിവുകളില്‍നിന്നും രക്ഷപ്പെട്ടത് ഈ ചെടിയുടെ തളിരിലകള്‍ ഞെരടിപ്പിഴിഞ്ഞെടുത്ത നീര് പുരട്ടിയിട്ടാണത്രെ. പില്‍ക്കാലത്ത് ‘ഐമു’ പച്ച എന്ന ചുരുക്കപ്പേരില്‍ ഐക്യമുന്നണി പച്ചയെന്നും ഈ ചെടിക്ക് വിളിപ്പേരുള്ളതായും അറിയുന്നു. ഇതില്‍ ശരിയേത് ശരികേടേത് എന്നത് തികച്ചും വ്യക്തവുമല്ല .
കോണ്‍ഗ്രസ്സ് പച്ച (Parthenium hysterophorus )
മധ്യഅമേരിക്കന്‍ സ്വദേശിയായ Parthenium hysterophorus എന്ന ഈ പാഴ്ച്ചെടി 1950 കാഘട്ടങ്ങളിലാണ് നമ്മുടെ രാജ്യത്തെത്തിയത്. ഇന്ത്യയിലാദ്യമായി ഈ ചെടി കണ്ടത് 1955ല്‍ പൂനയില്‍ , അമേരിക്കയില്‍ നിന്നും ഇറക്കുമതി ചെയ്ത ഗോതമ്പ് ചാക്കുകളിലൂടെയാവാം ഇതിന്റെ വിത്തുകള്‍ നമ്മുടെ നാട്ടിലെത്തിയതെന്നുവേണം കരുതാന്‍. കാര്‍ഷികമേഖലകള്‍ക്കുമപ്പുറം പരിസ്ഥിതിക്കും ചുറ്റുപാടിലുള്ള മനുഷ്യരുടെ ആരോഗ്യത്തിനും വരെ കടുത്ത ഭീഷണയായി മാറിയതിന് പുറമെ ഇതിന്റെ പൂമ്പൊടി ശ്വസിക്കുന്നവര്‍ക്ക് തുടര്‍ച്ചയായ തുമ്മല്‍, മൂക്കൊലിപ്പ്, കണ്ണില്‍നിന്നും വെള്ളം വരിക പോലുള്ള അസ്വസ്ഥതകളും തൊലിപ്പുറത്ത് അലര്‍ജി, ശ്വാസകോശസംബന്ധമായ അസുഖങ്ങള്‍ തുടങ്ങിയവയും കണ്ടുവരുന്നുണ്ട് .
ഈ ചെടിയിലടങ്ങിയ പാര്‍ത്തേനിയം എന്ന രാസവസ്തുവാണത്രേ ഇതിന്റെയൊക്കെ മൂലകാരണം .
വെള്ളത്തൊപ്പിവെച്ചപോലുള്ള ഇതിന്റെ പൂക്കള്‍ കാരണമാവാം ഒരുപക്ഷെ ഏതെങ്കിലും രസികന്മാര്‍ അധിനിവേശ വിഭാഗത്തില്‍പ്പെടുന്ന ഈ ചെടിയ്ക്ക് കോണ്‍ഗ്രസ്സ് പച്ച എന്ന് പേരിട്ടത്. അല്ലെങ്കില്‍ കമ്യുണിസ്റ്റ് പച്ച എന്നതിന് ബദലായി കോണ്‍ഗ്രസ്സ് പച്ച എന്ന് ആരെങ്കിലും നാമകരണം ചെയ്തതുമാകാം .
കേവലം കേട്ടുകേള്‍വി എന്നതിനപ്പുറം മറ്റു തെളിവുകളൊന്നുമില്ലെന്നതും സത്യം .ഉപ്പുകലക്കിയ വെള്ളം തളിക്കുന്നത് ഈ കളയെ ഉണക്കാന്‍ സഹായകമാണ്.
ധൃതരാഷ്ട്ര പച്ച (Mikania micranth )
കമ്യുണിസ്റ്റ് പച്ചപോലെ മറ്റൊരു കൗതുകമുള്ള പേരാണ് ധൃതരാഷ്ട്ര പച്ച .
ഭാരതീയ ഇതിഹാസമായ മഹാഭാരതത്തിലെ മുഖ്യ കഥാപാത്രങ്ങളില്‍ ഒന്നായ ധൃതരാഷ്ട്രരുടെ പേരിലാണ് ഈ ചെടി അറിയപ്പെടുന്നത്. ധൃതരാഷ്ട്രര്‍ തന്റെ ശത്രുക്കളെ വകവരുത്തിയിരുന്നത് തന്റേതായ ഒരു പ്രത്യേകരീതിയിലും തന്ത്രത്തിലുമായിരുന്നു. ശത്രുക്കളെ ഗാഢാലിംഗനത്തിലൂടെ ശ്വാസം മുട്ടിച്ചുകൊല്ലുന്നതായിരുന്നു അദ്ദേഹത്തിന്റെ വേറിട്ട രീതി. ശത്രുസംഹാരത്തിനായി മിത്രഭാവത്തില്‍ നടത്തുന്ന സ്നേഹപ്രകടനത്തെയാണ് ഭാഷയില്‍ ധൃതരാഷ്ട്രാലിംഗനം എന്ന് പറയുന്നത് .
തൊട്ടടുത്ത് ലഭിക്കുന്ന താങ്ങുതണ്ടിലും മരങ്ങളിലും ആശ്ലേഷിക്കുന്നതരത്തില്‍ വളരെ പെട്ടെന്ന് പടര്‍ന്നുകയറാന്‍ മിടുക്കുള്ള ധൃതരാഷ്ട്ര പച്ചയുടെ ഇടപെടലിലൂടെ ഓക്‌സിജന്‍ കിട്ടാതെ താങ്ങുചെടി എളുപ്പം നശിച്ചുപോകും. ധൃതരാഷ്ട്ര പച്ചയുടെ തണ്ടില്‍ നിന്നും വരുന്ന പ്രത്യേക രാസഘടകങ്ങള്‍ കാരണം ചുറ്റിപ്പടരുന്ന വൃക്ഷം കാലതാമസമില്ലാതെ വളര്‍ച്ച മുരടിച്ച് നശിച്ചുപോകുമെന്നതും തീര്‍ച്ച ധൃതരാഷ്ട്രാലിംഗനത്തിന്റെ തനിയാവര്‍ത്തനം എന്നും വേണമെങ്കില്‍ ഇതിനെ പറയാം .
ഒരുപക്ഷെ ഈ കാരണം കൊണ്ടുതന്നെയാവാം ഈ ചെടിയ്ക്ക് ധൃതരാഷ്ട്രപ്പച്ച എന്ന് പേര് വീണത് . ഒരു ദിവസത്തെ സമയദൈര്‍ഘ്യത്തിനുള്ളില്‍ 10 സെന്റിമീറ്ററിലധികം ഉയരത്തില്‍വളരാന്‍ കഴിവുള്ള ധൃതരാഷ്ട്ര പച്ച എന്ന ഈ ചെടിയ്ക്ക് 25 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലുള്ള ഭൂമിയില്‍ പടര്‍ന്നുകയറി സ്വന്തമാക്കാന്‍ ഏതാനും മാസങ്ങള്‍ മാത്രം മതി. നാല്‍പ്പതിനായിരത്തിലധികം വിത്തുകള്‍ ഒരു വര്‍ഷം കൊണ്ട് ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ള ഈ ചെടി കാറ്റിലൂടെയും മനുഷ്യരുടെ ഇടപെടലിലൂടെയും പൂമ്പാറ്റകളിലൂടെയുമാണ് മുഖ്യമായി വിത്തുവിതരണം നടത്തുക. ഒന്നാം ലോക മഹായുദ്ധകാലത്ത് വിമാനത്താവളങ്ങളെയും പട്ടാളത്താവളങ്ങളെയും ശത്രുക്കളില്‍നിന്നും മറച്ചുപിടിയ്ക്കാന്‍ പലരാജ്യങ്ങളും ഈ ചെടി വളര്‍ത്തിയിരുന്നതായും പറയപ്പെടുന്നുണ്ട്.