അപ്പു നെടുങ്ങാടി പുരസ്ക്കാരങ്ങള്‍ വിതരണം ചെയ്തു
കോഴിക്കോട്: ഈ ലോകം മാറ്റിമറിച്ചത് വ്യക്തികളാണെന്നും, വ്യക്തികളെ കാലമോര്ക്കുന്നത് അവര്‍ സമൂഹത്തിനായി നടത്തിയ പ്രവര്ത്തനങ്ങളലൂടെയാണെന്ന് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ എ.പി.ഷൗക്കത്തലി പറഞ്ഞു. ടി.എം.അപ്പുനെടുങ്ങാടി സ്മാരക ട്രസ്റ്റ് സംഘടിപ്പിച്ച പുരസ്ക്കാര സമര്‍പ്പണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാളത്തിലെ ആദ്യത്തെ നോവലായ കുന്ദലതയുടെ രചയിതാവ്, ആദ്യ ബാങ്കായ നെടുങ്ങാടി ബാങ്കിന്റെ സ്ഥാപകന്‍ ഉള്‍പ്പെടെ വ്യത്യസ്ത മേഖലകളില്‍ സാമൂഹിക പരിഷ്ക്കരണ നടപടികള്‍ക്ക് അദ്ദേഹം നേതൃത്വം നല്കി. ഏത് സമൂഹവും പുരോഗമിക്കുന്നത് സാമ്പത്തിക ഭദ്രതയും അച്ചടക്കവും കൊണ്ടാണ്. സമൂഹത്തെ സാമ്പത്തികമായി ശാക്തീകരിക്കുന്നതായിരുന്നു നെടുങ്ങാടി ബാങ്കിന്റെ ഉദ്ഭവം. മലയാളികള്‍ക്കുണ്ടായ ഇന്നത്തെ നേട്ടങ്ങള്‍ക്ക് പിന്നില്‍ ഇത്തരം മഹത് വ്യക്തികളാണ്. അതാണ് ലോകത്ത് വ്യക്തിമുദ്ര പതിപ്പിക്കാന്‍ മലയാളിയെ പ്രാപ്തനാക്കിയത്. ഓരോ വ്യക്തിയുടെയും നേട്ടം സങ്കല്പ്പിക്കുന്നതിനപ്പുറമാണ്. മനുഷ്യര്‍ അവരുടെ കഴിവുകള്‍ പലപ്പോഴും തിരിച്ചറിയാറില്ല. മലയാളിയായ ഡോ.വര്‍ഗ്ഗീസ് കുര്യന് സ്ഥാപിച്ച അമൂല്‍ എന്ന സ്ഥാപനം ഇന്ന് ദശലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് വഴികാട്ടുന്നു. മലയാളിയുടെ നേട്ടം ലോകം മുഴുനുമുണ്ടെന്നദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ ട്രസ്റ്റ് ചെയര്മാന് എന്‍.ബാബുരാജ് അധ്യക്ഷത വഹിച്ചു. പുരസ്ക്കാര ജേതാക്കളായ കെ.കെ.എന്‍.കുറുപ്പ് (സാഹിത്യം), കെ.എം.സുരേഷ് ബാബു(അഭിഭാഷക മേഖല), എം.സുനില്‍കുമാര്‍ (ധനകാര്യ മേഖല), എ.സി.അശോക് കുമാര്‍ (വിദ്യാഭ്യാസ മേഖല) എന്നിവര്‍ കമ്മീഷണറില്‍ നിന്ന് പുരസ്ക്കാരങ്ങള്‍ ഏറ്റുവാങ്ങി. പഞ്ചാബ് നാഷണല്‍ ബാങ്ക് സര്‍ക്കിള്‍ ഹെഡ്ഡ് രാജീവ് കുമാര്‍ പോദ്ദാര്‍ പ്രശസ്തി പത്രം സമര്‍പ്പിച്ചു. മലയാള മനോരമ സീനിയര്‍ കോ-ഓര്‍ഡിനേറ്റിങ് എഡിറ്റര്‍ അനില്‍ രാധാകൃഷ്ണന്, അപ്പു നെടുങ്ങാടിയും സാഹിത്യമേഖലയുംഎന്ന വിഷയത്തിലും, മാതൃഭൂമി ന്യൂസ് എഡിറ്റര്‍ എം.പി.സൂര്യദാസ്, അപ്പു നെടുങ്ങാടിയും ബാങ്കിംഗ് മേഖലയും എന്ന വിഷയയത്തിലും പ്രഭാഷണം നടത്തി. ആര്‍ട്ടിസ്റ്റ് മദനന്, കെ.എം.ശശിധരന്, വി.ബാലമുരളി എന്നിവര്‍ സംസാരിച്ചു. പുരസ്ക്കാര ജേതാക്കള്‍ പ്രതിസ്പന്ദനം നടത്തി. മാനേജിംഗ് ട്രസ്റ്റി പി.കെ.ലക്ഷ്മിദാസ് സ്വാഗതവും, ട്രസ്റ്റി പി.അനില്‍ ബാബു നന്ദിയും പറഞ്ഞു.
