റോഡിലെ നരഹത്യ കര്‍ശന നടപടിവേണം(എഡിറ്റോറിയല്‍)

റോഡിലെ നരഹത്യ കര്‍ശന നടപടിവേണം(എഡിറ്റോറിയല്‍)

അഡീഷണല്‍ ജഡ്ജിയുടെ പ്രായപൂര്‍ത്തിയാവാത്ത മകന്‍ അമിത വോഗത്തിലോടിച്ച കാര്‍, സ്‌കൂട്ടറിലിടിച്ച് തട്ട്കടയുടമ മരിച്ച വാര്‍ത്തയാണ് ഇന്നലെ നാം കേട്ടത്. അതിന് മുന്‍പാണ് പത്തൊമ്പതുകാരന്‍ മദ്യപിച്ചോടിച്ച മിനികൂപ്പര്‍ ഇടിച്ച് മൂന്ന് പേര്‍ മരണപ്പെട്ടത്. ഇങ്ങനെ വാഹനാപകടങ്ങളുടെ തുടര്‍ച്ചയാണ് എല്ലാദിവസവും കേള്‍ക്കുന്നത്. ഇതിനൊരറുതി വരുത്താന്‍ സമയമായിരിക്കുന്നു. നിരപരാധികളായ മനുഷ്യരുടെ ജീവന്‍ റോഡില്‍ പൊലിയുമ്പോള്‍ അതിനാരുത്തരം പറയും.അവരുടെ കുടുംബത്തിന്റെ സങ്കടം ആരേറ്റെടുക്കും. അതിനെല്ലാം പരിഹാരമുണ്ടാക്കാന്‍ സമൂഹത്തിനാവുമോ? ഇല്ല, അതുകൊണ്ട് റോഡില്‍ അപകടമുണ്ടാക്കുന്നവരെ പിടികൂടാന്‍ അതികര്‍ശനമായ പരിശോധന നിരന്തരമുണ്ടാവണം. ഒരപകടമുണ്ടാവുമ്പോള്‍ നടത്തുന്ന പരിശോധനകള്‍കൊണ്ട് ഇതിന് പരിഹാരമുണ്ടാവില്ല. ട്രാഫിക് നിയമങ്ങള്‍ തെറ്റിക്കുന്നവര്‍ അതിന് വഴിയൊരുക്കുന്നവര്‍ എല്ലാവരെയും നിയമത്തിന്റെ മുന്‍പില്‍ കൊണ്ട് വന്ന് ശിക്ഷ ഉറപ്പാക്കണം. അമിത വേഗത നിയന്ത്രിക്കാന്‍, അത് കണ്ടെത്തി കയ്യോടെ ശിക്ഷിക്കാന്‍ ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തണം. ഇന്നലെ നടന്ന സംഭവത്തില്‍ പ്രതി അഡീഷണല്‍ ജഡ്ജിയുടെ മകനാണെന്നറിയുമ്പോള്‍ സമൂഹം ലജ്ജിച്ച് തലതാഴ്ത്തുകയാണ്. ഒരു ജഡ്ജിക്ക് തന്റെ മകനെ നിയന്ത്രിക്കാനായില്ലെന്നത് കുറ്റകരമായ അനാസ്ഥയാണ്. ഇത്തരം സംഭവങ്ങളില്‍ രക്ഷിതാക്കള്‍ക്കെതിരെ കേസ്സെടുക്കണമെന്ന് നിയമം അനുശാസിക്കുന്നുണ്ട്. നിയമം കര്‍ശനമാക്കിയാല്‍ മാത്രമേ കുറ്റകൃത്യങ്ങള്‍ കുറയൂ.
 ഈ സംഭവത്തില്‍ പൊലീസെടുത്ത നിലപാടും സംശയാസ്പദമാണ്. അഡീഷണല്‍ ജഡിജിയുടെ മകനായതിനാലുള്ള പരിഗണന കേസിന്റെ തുടക്കത്തില്‍ നല്‍കിയ പൊലീസ്, പ്രതിഷേധത്തെ തുടര്‍ന്നും, ആഭ്യന്തര മന്ത്രി ഇടപെട്ടതിനും ശേഷമാണ് നരഹത്യ ചുമത്തിയത്. തുടക്കത്തില്‍ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ച പൊലീസ് പിന്നീടാണ് കസ്റ്റഡിയിലെടുത്ത് എറണാകുളം ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്‍പില്‍ ഹാജരാക്കുന്നത്. കുറ്റകൃത്യങ്ങള്‍ ആര് ചെയ്താലും, നിയമപരമായ നടപടിയെടുക്കേണ്ടവരാണ് പൊലീസ്. അതുകൊണ്ട്തന്നെ ഈ കേസില്‍ പൊലീസെടുത്ത നടപടി, പൊതു സമൂഹത്തില്‍ പൊലീസിനോടുള്ള മതിപ്പിന് ഇടിവുണ്ടാക്കും. കുറ്റവാളി ആരായാലും മുഖം നോക്കാതെ പൊലീസ് നടപടി സ്വീകരിക്കണം.
റോഡിലെ അപകടങ്ങള്‍ കുറയ്ക്കാന്‍ പൊലീസ്, ട്രാഫിക് പൊലീസ്, മോട്ടോര്‍ സൈക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റ് എന്നീ സംവിധാനങ്ങള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണം. അതോടൊപ്പം സമൂഹമൊന്നാകെ ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണം. ലഹരിയുടെ വ്യാപനം നേരിടുന്ന ഒരു സമൂഹമായി കേരളം മാറുന്നു എന്ന വിമര്‍ശനം ഉയരുകയാണ്. കഴിഞ്ഞ ദീവസങ്ങളില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ മദ്യപിച്ച് വാഹനമോടിച്ച പതിനായിരത്തിലധികം പേരെ പിടികൂടിയെന്ന് ആഭ്യന്തര മന്ത്രി വ്യക്തമാക്കുകയുണ്ടായി. റോഡില്‍ വാഹനവുമായി ഇറങ്ങുന്നവര്‍ മദ്യപിച്ചാല്‍ പിടികൂടി പിഴ ശിക്ഷയും, ലൈസന്‍സ് റദ്ദാക്കലും, തടവ് ശിക്ഷയുമുള്‍പ്പെടെ ഉറപ്പാക്കാന്‍ സര്‍ക്കാരുകള്‍ക്ക് ഇത്തരവാദിത്തമുണ്ട്. മക്കളെ നിയന്ത്രിക്കാനാവാത്ത രക്ഷിതാക്കളുടെ ഒരു സമൂഹമായി കേരളം മാറരുത്. മക്കളെ ശരിയും തെറ്റും ബോധ്യപ്പെടുത്തി മാതൃകയുള്ളവരായി വളര്‍ത്തിയെടുക്കാന്‍ ഓരോ രക്ഷിതാവും ജാഗ്രത പുലര്‍ത്തണം.

റോഡിലെ നരഹത്യ കര്‍ശന നടപടിവേണം(എഡിറ്റോറിയല്‍)

Share

Leave a Reply

Your email address will not be published. Required fields are marked *