കലകള്‍ സമൂഹത്തെ നന്മയിലേക്ക് നയിക്കണം

കലകള്‍ സമൂഹത്തെ നന്മയിലേക്ക് നയിക്കണം

മലയാള ചലച്ചിത്ര രംഗത്തെ അതുല്യ അഭിനയ പ്രതിഭകളില്‍ പ്രമുഖനായ മധു ദേശീയ പ്രസ്ഥാനത്തിലും സാമൂഹിക-സാംസ്‌കാരിക രംഗങ്ങളില്‍ ആദരണീയനുമാണ്. തിരുവനന്തപുരം നഗരപിതാവായിരുന്ന ആര്‍.പരമേശ്വരന്‍പിള്ളയുടെ മകനായി 1933ല്‍ തിരുവനന്തപുരത്തെ ഗൗരീശപട്ടത്താണ് ജനിച്ചത്. നാനൂറില്‍പ്പരം ചിത്രങ്ങളില്‍ അഭിനയിച്ച ഇദ്ദേഹം ഒരു ഡസനിലേറെ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ഒന്നിലധികം പ്രാവശ്യം തിരുവനന്തപുരം നഗരസഭാംഗമായി തിരെഞ്ഞെടുക്കപ്പെട്ട സേതുലക്ഷ്മി ഇദ്ദേഹത്തിന്റെ സഹോദരിയാണ്. ദേശീയ അവാര്‍ഡുകളിലൂടെ മലയാളചലച്ചിത്രരംഗത്തെ ധന്യമാക്കിയ പ്രതിഭാധനനാണ് മധു എന്ന മാധവന്‍ നായര്‍. ഭാര്‍ഗ്ഗവീനിലയം ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് ശ്രദ്ധേയനായി മാറിയത്. അവിടെ നിന്ന് ചെമ്മീനിലെ പരീക്കുട്ടിയിലെത്തുമ്പോള്‍ മധുവിലെ അഭിനയപ്രതിഭ വിശ്വപ്രസിദ്ധമായി. കോളേജ് അദ്ധ്യാപകനായിരുന്ന മധു ഡല്‍ഹി സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് ബിരുദം നേടിയിട്ടുണ്ട്. അഭിനയത്തിന്റെ സാങ്കേതിക വശങ്ങളെക്കുറിച്ച് ആധികാരികമായി പറയാന്‍ ഇതദ്ദേഹത്തിനെ സഹായിച്ചിട്ടുണ്ട്. അദ്ധ്യാപകവ്യത്തിയില്‍ നിന്ന് ചലച്ചിത്രരംഗത്തേക്കുള്ള മധുവിന്റെ തീര്‍ത്ഥയാത്ര മലയാളികളുടെ മനസ്സില്‍ എന്നെന്നും നിറഞ്ഞുനില്‍ക്കുന്ന ഒട്ടനവധി ജീവനുറ്റ കഥാപാത്രങ്ങളുടെ വിജയത്തിന് വഴിതെളിച്ചു. ‘ഇതാ ഇവിടെ വരെ ‘യിലെ പൈലി, ‘യുദ്ധകാണ്ഡത്തിലെ’ പ്രസാദ് ‘മനുഷ്യനിലെ’ മധുസൂദനന്‍ ‘ വെള്ള’ത്തിലെ മാത്തുണ്ണി, ‘ഹ്യദയം ഒരു ക്ഷേത്രത്തിലെ’ ഡോ.രമേഷ് എന്നിവ ഉദാഹരണങ്ങളാണ്. സംവിധായകന്‍ രഞ്ജിത്ത് സംവിധാനം ചെയ്ത ‘സ്പിരിറ്റ്’ എന്ന ചിത്രത്തിലെ ക്യാപ്റ്റന്‍ എന്ന കഥാപാത്രം മധുവിന്റെ ഏറെ വ്യത്യസ്തമായ ഒരു കഥാപാത്രമായിരുന്നു. കൂടാതെ നഖങ്ങള്‍, പച്ചവെളിച്ചം, അക്കല്‍ദാമ, സിന്ദൂരച്ചെപ്പ്, ആഭിജാത്യം, തുടങ്ങി എത്രയെത്ര ചിത്രങ്ങള്‍. ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത ‘ഒരു പൈങ്കിളി കഥ’യിലെ കരുത്തുറ്റ കഥാപാത്രം. മാധവന്‍കുട്ടിയില്‍ അഭിനയിക്കുകയല്ല. ജീവിക്കുകയായിരുന്നു. എന്നതിന് ഉത്തമ ഉദാഹരമാണ്. ഈ അഭിനയ പ്രതിഭ നിര്‍മാതാവ്, സ്റ്റുഡിയോ ഉടമ, സംവിധായകന്‍ എന്നീ നിലകളിലൂടെ മലയാള ചലച്ചിത്രമേഖലക്ക് നല്‍കിയിട്ടുള്ള സംഭാവനകള്‍ അഭിമാനാഹര്‍ഹമാണ്. തിക്കുറിശ്ശി, സത്യന്‍, നസീര്‍, എന്നീ പ്രതിഭകള്‍ക്കൊപ്പം മധു തുടങ്ങിവെച്ച അമൂല്യമായ അഭിനയചാതുര്യം ഇന്നും അനശ്വരമായി തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. മലയാളത്തില്‍ നിന്നും ആദ്യമായി സ്വര്‍ണ്ണമെഡല്‍ നേടിയ രാമുകാര്യാട്ടിന്റെ ചെമ്മീനിലെ പരീകുട്ടി ചലച്ചിത്ര പ്രേമികളുടെ മനസ്സില്‍ എന്നെന്നും നിലനില്‍ക്കുക തന്നെ ചെയ്യും. അദ്ദേഹത്തിന്റെ അഭിനയ മൂഹുര്‍ത്തങ്ങളെ ധന്യമാക്കിയ ചെമ്മീനിലെ ‘മാനസമൈനേ വരൂ’ ഹ്യദയം ഒരു ക്ഷേത്രത്തിലെ ‘മംഗളം നേരുന്നു ഞാന്‍ ‘ സിന്ദൂരച്ചെപ്പിലെ ‘ ഓമലാളെ കണ്ടു ഞാന്‍ പൂങ്കിനാവില്‍’ നഖങ്ങളിലെ ‘ക്യഷ്ണപക്ഷിക്കിളി ചിലച്ചു ‘ കാക്കത്തമ്പുരാട്ടിയിലെ ‘ അമ്പലപ്പുഴ വേല കണ്ടു ഞാന്‍ ‘ തുടങ്ങിയ പാട്ടുകളുടെ വിജയം അതിന്റെ ചിത്രീകരണത്തിന് മധു എന്ന നടന്റെ അഭിനയ പ്രാഗത്ഭ്യം കൂടി ഒത്തുച്ചേര്‍ന്നപ്പോഴുണ്ടായ വിജയമാണെന്ന് പറഞ്ഞാല്‍ അതില്‍ അതിശയോക്തിയുണ്ടാവില്ല.

                        കടയ്ക്കാവൂര്‍ പ്രേമചന്ദ്രന്‍നായര്‍, ചലച്ചിത്ര താരം പത്മശ്രീ മധുവുമായി നടത്തിയ അഭിമുഖം.

ചെമ്മീനിലെ പരീക്കുട്ടി എന്ന ഒറ്റ കഥാപാത്രത്തിലൂടെ തന്നെ ചലച്ചിത്രരംഗത്ത് സ്ഥിരപ്രതിഷ്ഠ നേടിയ അങ്ങ് സിനിമയിലേക്ക് വരാനുണ്ടായ സാഹചര്യം ?

അങ്ങനെയൊരു സാഹചര്യമൊന്നുമില്ല. ആദ്യമായി രാമുകാര്യാട്ടിന്റെ മൂടുപടത്തില്‍ അഭിനയിക്കാനാണ് എത്തുന്നത്. എന്നാല്‍ എന്‍.എന്‍ പിഷാരടിയുടെ നിണമണിഞ്ഞ കാല്പാടുകള്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആണ് ആദ്യം ആരംഭിച്ചത്. അതില്‍ അഭിനയിച്ചു അത്ര തന്നെ.

എത്ര ചിത്രങ്ങളില്‍ നാളിതുവരെ വേഷമിട്ടിട്ടുണ്ട് ? അവയില്‍ താങ്കള്‍ കൂടുതലിഷ്ടപ്പെടുന്ന കഥാപാത്രങ്ങള്‍ ?

400ല്‍ പരം ചിത്രങ്ങളില്‍ അഭിനയിച്ചു കഴിഞ്ഞു. ‘ ചെമ്മീനിലെയും’ ‘ഉമ്മാച്ചു’ വിലേയും നായകകഥാപാത്രങ്ങളോട് ഇന്നും കൂടുതല്‍ ഇഷ്ടം തോന്നുന്നു.

ഇഷ്ടനായിക, ഇഷ്ടകഥാകൃത്ത്, സംവിധായകന്‍ ഇവര്‍ ആരൊക്കെയാണ്?

അങ്ങനെ ആരോടും പ്രത്യേക ഇഷ്ടമൊന്നുമില്ല. ധാരാളം സുഹൃത്തുക്കള്‍ ഈ രംഗത്തുണ്ട്.

പഴയകാല സിനിമകളും ഇന്നത്തെ സിനിമകളും തമ്മിലുള്ള കാതലായ അന്തരം എന്താണ്?

ഇപ്പോള്‍ കാലഘട്ടത്തിനനുസരിച്ച് ഒരു മാറ്റം വന്നിട്ടുണ്ട്. സിനിമയിലെന്നല്ല എല്ലാ രംഗത്തും അത് പ്രകടമാണ്.

ദീര്‍ഘനാളത്തെ സിനിമാഭിനയത്തിനിടയില്‍ ഉണ്ടായിട്ടുള്ള അവിസ്മരണീയമായ മുഹൂര്‍ത്തങ്ങള്‍ എന്തെല്ലാം?

അങ്ങനെ എടുത്തുപറയത്തക്കതായി ഒന്നും തന്നെയില്ല.

മലയാള ചലച്ചിത്രരംഗത്തെ ത്രിമൂര്‍ത്തികളില്‍ ഒരാളാണല്ലോ താങ്കള്‍. വിടപറഞ്ഞുപോയ അനശ്വരരായ ആ രണ്ട് പേരെക്കുറിച്ച് എന്താണ് പറയാനുള്ളത് ?

സത്യന്‍സാര്‍ എനിക്ക് ഗുരുതുല്യനാണ്. ഞാന്‍ പഠിച്ചിരുന്ന സ്‌കൂളില്‍ വളരെക്കാലം മുമ്പ് ഇദ്ദേഹം അദ്ധ്യാപകനായിരുന്നു. പിന്നീട് സെക്രട്ടറിയേറ്റിലും, മിലിറ്ററിയിലും ഉദ്യോഗസ്ഥനായി. ഒടുവില്‍ സിനിമയിലെത്തി. സത്യന്‍സാറിന് എന്നോട് ഏറെ ബഹുമാനമായിരുന്നു. പ്രേംനസീറുമായി അടുത്ത സൗഹ്യദമാണ് ഉണ്ടായിരുന്നത്. ഞങ്ങളൊരുമിച്ച് ധാരാളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഇരുവരുമായും നല്ലരീതിയിലുള്ള ബന്ധമാണ് പുലര്‍ത്തിയിരുന്നത്.

അമ്മ എന്ന സംഘടനയെക്കുറിച്ച് ?

മൂന്ന് കൊല്ലം ഞാന്‍ അതിന്റെ പ്രസിഡന്റായിരുന്നു

സമകാലീന സിനിമയോടും സീരിയലുകളോടുമുള്ള അങ്ങയുടെ സമീപനം ?

അങ്ങനെ പ്രത്യേകിച്ചൊരു സമീപനമില്ല. അഭിനയം ഒരു തൊഴിലാണ്. നിര്‍മ്മാതാക്കളോ സംവിധായകരോ വിളിച്ചാല്‍ പോയി അഭിനയിക്കും.

അദ്ധ്യാപന ജീവിതത്തില്‍ നിന്നും അഭിനയ ജീവിതത്തിലേക്ക് കടന്നുവന്ന അങ്ങയുടെ ജീവിതം ധന്യമാണ്. മലയാള സിനിമാലോകത്തെ കാരണവരായി ജീവിക്കുന്ന അങ്ങേക്ക്

ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ എന്തു തോന്നുന്നു ?

വളരെയധികം ചാരിതാര്‍ത്ഥ്യം തോന്നുന്നുണ്ട്. ഇന്നത്തെ തലമുറയില്‍പ്പെട്ടവരുമായും, കഴിഞ്ഞ തലമുറയിലെ അഭിനേതാക്കളുമായി ഒന്നിച്ച് സഹകരിക്കാനവസരം ലഭിച്ചു എന്നതാണ് മുഖ്യ സവിശേഷത.

നടന്‍, നിര്‍മ്മാതാവ്, സംവിധായകന്‍ എന്നീ നിലകളില്‍ മലയാളസിനിമയില്‍ പ്രസിദ്ധി നേടിയ അങ്ങ് ഇതിലേതു ശാഖക്കാണ് പ്രാമുഖ്യം കല്‍പ്പിക്കുന്നത്?

നടനെന്ന നിലക്കായാലും സംവിധായകനെന്ന നിലക്കായാലും നടനെന്ന നിലക്ക് പ്രാധാന്യം നല്‍കേണ്ടതുണ്ട്

ചെമ്മീന്‍ എന്ന സിനിമയിലൂടെ ദേശീയ നിലവാരത്തില്‍ തുടക്കത്തിലേ എത്തിച്ചേര്‍ന്ന മധുസാറിന് ഡല്‍ഹി സ്‌കൂള്‍ ഓഫ് ഡ്രാമ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാഭ്യാസം ഏതുവിധമാണ് പ്രയോജനപ്പെട്ടിട്ടുള്ളത് ?

ഡല്‍ഹി സ്‌കൂള്‍ ഓഫ് ഡ്രാമ എന്ന സ്ഥാപനത്തിലെ പരിശീലനമാണ് എന്നെ ഇന്ന് ഈ നിലയിലേക്കെത്തിച്ചത് തന്നെ. അത് പിന്നീട് ചെമ്മീനിലും, മറ്റും പ്രതിഫലിക്കുകയാണുണ്ടായത്. വളരെയധികം പ്രയോജനകരവുമായിരുന്നു.

നാടകത്തെ അങ്ങ് ഇപ്പോഴും ജീവശ്വാസം പോലെ സ്നേഹിക്കുന്നു. സിനിമയും നാടകവും തമ്മില്‍ ഒരു താരതമ്യപഠനത്തിന് മുതിര്‍ന്നാല്‍ അങ്ങയുടെ അഭിപ്രായം എന്തായിരിക്കും ?

ഇതില്‍ ഏതാണ് ശ്രേഷ്ഠമെന്ന് വെച്ചാല്‍ പലരും നാടകത്തിലൂടെയാണ് സിനിമയിലെത്തിച്ചേര്‍ന്നത്. സിനിമയും നാടകവും രണ്ടും രണ്ടാണ്.

ഇന്ന് മലയാള സിനിമക്ക് പ്രമേയ ദാരിദ്ര്യം ഉണ്ടോ ? മുന്‍പൊക്കെ വിലപ്പെട്ട സാഹിത്യക്യതികള്‍, നോവലുകള്‍, നാടകം, 1980കള്‍ വരെ സിനിമ വിഷയമായിരുന്നു. ഇപ്പോള്‍ ജീവിതഗന്ധിയായ ഒന്നും ചിത്രീകരിക്കുന്നില്ല. എന്താണ് കാരണം ?

അതെ ഉണ്ട്. മാത്രവുമല്ല അത് കാലഘട്ടത്തിന്റെ ഒരു മാറ്റവുമാണ്. ഇന്നിപ്പോള്‍ അത്തരം സിനിമകള്‍ ആരും സംവിധാനം ചെയ്തു കാണുന്നില്ല. ഇന്നത്തെ പുതിയതലമുറ അത്തരം സിനിമകള്‍ കാണാന്‍ താല്‍പ്പര്യം കാണിക്കുന്നില്ല.

മുതിര്‍ന്ന നടന്‍ എന്ന നിലക്ക് ഇപ്പോഴുള്ള സിനിമാ പ്രവര്‍ത്തകരോട് അങ്ങേയ്ക്ക് എന്തെങ്കിലും സന്ദേശം നല്‍കാനുണ്ടോ?

സിനിമയായാലും, മറ്റ് ഏത് കലാരൂപമായാലും അത് സമൂഹത്തിനെ നന്മയിലെക്ക് നയിക്കുന്ന തരത്തിലായിരിക്കണം. പ്രത്യേകിച്ച് ഇന്നത്തെ സാഹചര്യത്തില്‍. കലകള്‍ എപ്പോഴും ജനകീയമായിരിക്കണം. അതിലൂടെ പുതിയ തലമുറക്ക് പലതും കാണാനും, കേള്‍ക്കാനും പുരോഗതിയിലേക്ക് നയിക്കാനും പ്രാപ്തമായിരിക്കും.

 

 

 

കലകള്‍ സമൂഹത്തെ നന്മയിലേക്ക് നയിക്കണം

 

 

Share

Leave a Reply

Your email address will not be published. Required fields are marked *