കണ്ണൂര്‍ : ഉത്തര കേരള കവിത സാഹിത്യ വേദി, കണ്ണൂര്‍ ഏര്‍പ്പെടുത്തിയ കൈരളി സാഹിത്യ പുരസ്കാരത്തിന് ടിഎന്‍ പ്രതാപന് അര്‍ഹനായി. ‘അച്ഛന് വന്ന് വിളക്കൂതി’ എന്ന പുസ്തകത്തിനാണ് പുരസ്കാരം. 25,000 രൂപയും 25,000 രൂപയുടെ പുസ്തകങ്ങളും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം മാര്‍ച്ച് ആദ്യവാരം തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ നടക്കുന്ന ചടങ്ങില്‍വെച്ച് സമര്‍പ്പിക്കും. ആത്മകഥാംശമായ കുറിപ്പുകളുടെ സമാഹാരമാണ് അച്ഛന് വന്ന് വിളക്കൂതി എന്ന പുസ്തകം.
കണ്ണൂര്‍ സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ഖാദര്‍ മാങ്ങാട്, എഴുത്തുകാരി എംഎ ഷഹനാസ്, ഉത്തര കേരള കവിത സാഹിത്യ വേദി പ്രസിഡന്റ് സുനില്‍ മടപ്പള്ളി, സെക്രട്ടറി സൗമി മട്ടന്നൂര്‍ എന്നിവര്‍ അടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്.
ഓര്‍മ്മകളുടെ സ്നേഹതീരം, ഭ്രാന്ത് പെരുകുന്ന കാലം, ഹൃദയത്തിന്റെ മുഖക്കുറിപ്പുകള്‍, കടലിലെ മാഷും കരയിലെ ടീച്ചറും, തെരഞ്ഞെടുത്ത ലേഖനങ്ങള്‍, കടലിനൊരു പ്രണയലേഖനം എന്നിവയാണ് പുരസ്കാര ജേതാവിന്റെ മറ്റ് പുസ്തകങ്ങള്‍. തൃശൂര്‍ ജില്ലയിലെ തളിക്കുളം സ്വദേശിയായ ടി.എന്‍ പ്രതാപന് മുന്‍ എംപിയും മുന്‍ എംഎല്‍എയുമാണ്.
കൈരളി സാഹിത്യ പുരസ്കാരം ടിഎന്‍ പ്രതാപന്
