നിയമസഭാ തിരഞ്ഞെടുപ്പ്; സ്യൂട്ട്‌കേസ് രാഷ്ട്രീയം ജനങ്ങള്‍ ചെറുക്കണം

നിയമസഭാ തിരഞ്ഞെടുപ്പ്; സ്യൂട്ട്‌കേസ് രാഷ്ട്രീയം ജനങ്ങള്‍ ചെറുക്കണം

കോഴിക്കോട്: ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പില്‍ പലപ്പോഴും ആവര്‍ത്തിക്കപ്പെട്ടത്‌പോലെ മല്‍സരിച്ച് എം എല്‍ എ ആകാന്‍ ഇക്കുറിയും സമ്പന്നരുടെ കടന്നുകയറ്റമുണ്ടാകുമെന്നുറപ്പാണ്.  ഇത്തരക്കാര്‍ക്ക് പച്ചപരവതാനി വിരിക്കുന്നതില്‍ രാഷ്ട്രീയ പാര്‍ട്ടികളും മടി കാണിച്ചിട്ടില്ല. നാടിനും നാട്ടാര്‍ക്കുംവേണ്ടി നിസ്വാര്‍ത്ഥമായി പൊതു പ്രവര്‍ത്തനം നടത്തുന്ന എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലേയും മികച്ച പ്രവര്‍ത്തകര്‍ക്കാണ് ഇതുവഴി അവസരം നഷ്ടപ്പെടുന്നത്. പ്രവാസ ലോകത്ത് നിന്നും, ബിസിനസ് മേഖലയില്‍ നിന്നും ധന സമ്പാദനം നടത്തി വരുന്ന പണക്കാര്‍ക്ക്, പിന്നീട് വേണ്ടത് പദവികളാണ്. അതിനവര്‍ രാഷ്ട്രീയ നേതൃത്വങ്ങളെ സമീപിക്കുകയും ലക്ഷ്യ പ്രാപ്തി കൈവരിക്കുകയും ചെയ്യുന്നുണ്ട്. ഇതുവഴി ജനാധിപത്യ സ്ഥാപനങ്ങളില്‍  കയറികൂടും. പിന്നീടവര്‍ അവരുടെ താല്‍പ്പര്യങ്ങള്‍ നേടിയെടുക്കാന്‍ ശ്രമിക്കുന്നത് സ്വാഭാവികമാണ്. അന്തിപട്ടിണിക്കാരനായും കടംപേറിയും നിസ്വാര്‍ത്ഥമായ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നവര്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലു മുണ്ട്. അവരെയെല്ലാം അവഗണിച്ചാണ് സ്യൂട്ട്‌കേസുമായി വരുന്നവരെയും, ഫാന്‍സി സ്ഥാനാര്‍ത്ഥികളെയും രാഷ്ട്രീയ നേതൃത്വം സ്വീകരിക്കുന്നത്. രാഷ്ട്രീയ നേതൃത്വങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന തെറ്റായ തീരുമാനങ്ങളെ ചെറുക്കാന്‍ അണികള്‍ തയ്യാറാവണം. നിസ്വാര്‍ത്ഥരും, അഴിമതി മുക്തരും, ജനപക്ഷം നില്‍ക്കുന്നവരുമായിരിക്കണം നമ്മുടെ ഭരണ കര്‍ത്താക്കള്‍.
നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഘട്ടത്തില്‍ വരുന്ന മറ്റൊരു ചര്‍ച്ചയാണ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം. ഇപ്പോള്‍ പലരുടെയും പേരുകള്‍ ചര്‍ച്ചയാവുന്നുണ്ട്. ഇതില്‍ രസകരമായ ഒരു കാര്യം പലരും മല്‍സരിക്കാന്‍ തയ്യാറാവുന്നത് നിലവില്‍ സ്ഥാനത്തിരുന്നുകൊണ്ടാണ്. ഒന്നല്ല. രണ്ടല്ല, മൂന്നല്ല നിരവധി തവണ എം.എല്‍.എയും, മന്ത്രിയും, എം.പിയുമൊക്കെയായി സ്ഥാനം കയ്യാളിയവര്‍ വീണ്ടും തങ്ങള്‍ക്ക് തന്നെ മത്സരിക്കണമെന്നാവശ്യപ്പെടുന്നതും, അതിന് വേണ്ടി കരുക്കള്‍ നീക്കുന്നതും ഒട്ടും ധാര്‍മ്മികമല്ല. അതെല്ലാം പുതു തലമുറയ്ക്ക് അവസരം നിഷേധിക്കലാണ്. വിവര സാങ്കേതിക വിദ്യകളുടെ കുതിച്ചു ചാട്ടം നടക്കുന്ന ഇക്കാലഘട്ടത്തില്‍ അത്തരം നൂതന അറിവുകള്‍ സ്വായത്തമാക്കിയ രാഷ്ട്രീയ പാര്‍ട്ടികളിലുള്ളവരെ സ്ഥാനാര്‍ത്ഥികളാക്കാനും രാഷ്ട്രീയ നേതൃത്വങ്ങള്‍ തയ്യാറാവണം. സാങ്കേതിക വിവരം അതിപ്രധാനമായതും, ലോക നിലവാരത്തില്‍ കേരളത്തെ നയിക്കാനും ഇവര്‍ ജയിച്ച് വന്നാലേ സാധിക്കൂ എന്നത് പച്ചയായ യാഥാര്‍ത്ഥ്യമാണ്.
മറ്റൊന്ന് മത-സാമുദായിക സംഘടനകളുടെ ഇടപെടലാണ്. രാഷ്ട്രീയ നേതൃത്വങ്ങള്‍ മത നേതൃത്വങ്ങളുടെ തിണ്ണ നിരങ്ങുന്ന ഏര്‍പ്പാട് തുടരുകയാണ്. മതത്തിനും, സമുദായത്തിനും ഇഷ്ടപ്പെടുന്ന സ്ഥാനാര്‍ത്ഥികളെ നിര്‍ണ്ണയിച്ചു കൊടുക്കുന്ന ഏര്‍പ്പാട് രാഷ്ട്രീയ നേതൃത്വങ്ങള്‍ തിരുത്തണം. ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്ന രാഷ്ട്രീയ നേതൃത്വങ്ങള്‍, ആത്മീയ ആചാര്യന്മാരുടെ ഇംഗിതം പിടിച്ചുപറ്റാന്‍ നടത്തുന്ന ശ്രമങ്ങളും പരിഷ്‌കൃത ജനാധിപത്യ സമൂഹത്തിന് ഭൂഷണമല്ല.
അതിവിപുലമായ മാറ്റങ്ങളാണ് സാമൂഹിക രംഗത്തുണ്ടാക്കൊണ്ടിരിക്കുന്നത്. ആ മാറ്റത്തിന്റെ പതാകവാഹകരാവാന്‍ സാധിക്കുന്ന നിസ്വാര്‍ത്ഥരായ പൊതു പ്രവര്‍ത്തകരെ വേണം നിയമസഭയിലേക്ക് തിരഞ്ഞെടുത്തയക്കേണ്ടത്. ഇക്കാര്യത്തില്‍ കേരളീയരായ നാം ജാഗ്രത കാട്ടിയില്ലെങ്കില്‍ കാലം നമ്മോട് കണക്ക് ചോദിക്കും.

നിയമസഭാ തിരഞ്ഞെടുപ്പ്;

സ്യൂട്ട്‌കേസ് രാഷ്ട്രീയം ജനങ്ങള്‍ ചെറുക്കണം

Share

Leave a Reply

Your email address will not be published. Required fields are marked *