പ്രിയദര്‍ശിനി സാഹിത്യപുരസ്‌കാരം എം. ലീലാവതിക്ക് രാഹുല്‍ ഗാന്ധി സമ്മാനിച്ചു

പ്രിയദര്‍ശിനി സാഹിത്യപുരസ്‌കാരം എം. ലീലാവതിക്ക് രാഹുല്‍ ഗാന്ധി സമ്മാനിച്ചു

എറണാകുളം: രണ്ടാമത് പ്രിയദര്‍ശിനി സാഹിത്യ പുരസ്‌കാരം പ്രമുഖ നിരൂപക പത്മശ്രീ പ്രൊഫ. എം. ലീലാവതിക്ക് ലോക് സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി സമ്മാനിച്ചു.ഒരു ലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. കേരളത്തിനും രാജ്യത്തിനും ലീലാവതി ടീച്ചര്‍ നല്‍കിയ സംഭാവനകളോര്‍ത്ത് ഏറെ അഭിമാനമുണ്ടെന്ന് പുരസ്‌കാരം സമര്‍പ്പിച്ചശേഷം നടത്തിയ പ്രസംഗത്തില്‍ രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു.ലീലാവതി ടീച്ചറെ ആദരിക്കാനായത് ജീവിതത്തിലെ വലിയ ബഹുമതിയായി കാണുന്നുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ‘കേരളത്തിന്റെ മാത്രമല്ല രാജ്യത്തിന്റെ തന്നെ അഭിമാന ചിഹ്നമാണ് ടീച്ചര്‍. ആദ്യമായി ഇന്ന് കണ്ടപ്പോല്‍ എന്താണ് ചെയ്തതെന്ന് ചോദിച്ചപ്പോള്‍ അവരുടെ ദൈനംദിന കാര്യങ്ങള്‍ പറഞ്ഞു. 98 വയസ്സുള്ള ടീച്ചറുടെ ദിനചര്യ ഇവിടെയുള്ള ആര്‍ക്കും ഉണ്ടാവില്ല. പുലര്‍ച്ച മൂന്ന് മണിക്ക് എഴുന്നേല്‍ക്കുമെന്നാണ് ടീച്ചര്‍ പറഞ്ഞത്. ആദ്യം വായനയിലേക്കും പിന്നീട് എഴുത്തിലേക്കും കടക്കും. എന്താണ് എഴുതുന്നതെന്ന് ചോദിച്ചപ്പോള്‍ ലോകത്തിലെ ജാതി സംബന്ധിച്ച കാര്യങ്ങളെ കുറിച്ചുള്ള പുസ്തകമാണ് എഴുതുന്നതെന്ന് പറഞ്ഞു. ഇത് എല്ലാവര്‍ക്കും ആത്മവിശ്വാസം പകരുന്നതാണ്’ രാഹുല്‍ പറഞ്ഞു.

ഇന്ദിരാ ഗാന്ധിയുടെ പേരിലുള്ള അംഗീകാരം തനിക്ക് നല്‍കിയതിന് നന്ദിയുണ്ടെന്ന് പുരസ്‌കാരം ഏറ്റുവാങ്ങിയശേഷം പ്രൊഫ. എം ലീലാവതി പറഞ്ഞു. അവാര്‍ഡ് തുക രാജീവ് ഗാന്ധി ഫൗണ്ടേഷന് കൈമാറുകയാണെന്നും അവര്‍ വ്യക്തമാക്കി.മലയാളസാഹിത്യത്തിനു നല്‍കിയിട്ടുള്ള സര്‍വാദരണീയസംഭാവനകള്‍ മുന്‍നിര്‍ത്തിയാണ് പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സിന്റെ രണ്ടാമതു പ്രിയദര്‍ശിനി സാഹിത്യപുരസ്‌കാരം എം. ലീലാവതിക്കു നല്‍കിയതെന്ന് പുരസ്‌കാരം പ്രഖ്യാപിച്ചുകൊണ്ട് പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സ് ചെയര്‍മാനും എം.പി.യുമായ കെ. സുധാകരന്‍ അറിയിച്ചിരുന്നു.

മുന്‍ സാഹിത്യ അക്കാദമി ചെയര്‍മാന്‍ ശ്രീ പെരുമ്പടവം ശ്രീധരന്‍ ചെയര്‍മാനും സാഹിത്യനിരൂപകന്‍ ഡോ. പി.കെ. രാജശേഖരന്‍, എഴുത്തുകാരി ശ്രീമതി കെ.എ. ബീന, പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സ് വൈസ് ചെയര്‍മാന്‍ അഡ്വ. പഴകുളം മധു എന്നിവര്‍ അംഗങ്ങളുമായുള്ള പുരസ്‌കാരനിര്‍ണ്ണയ സമിതിയാണ് പുരസ്‌കാരജേതാവിനെ തിരഞ്ഞെടുത്തത്.

എഐസിസി ജനറല്‍ സെക്രട്ടറിമാരായ കെസി വേണുഗോപാല്‍, ദീപാദാസ് മുന്‍ഷി. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, ഹൈബി ഈഡന്‍ തുടങ്ങി നിരവധി രാഷ്ട്രീയ നേതാക്കള്‍ ചടങ്ങില്‍  സംബന്ധിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *