കോഴിക്കോട്: മലയാളത്തിലെ പ്രഥമ ലക്ഷണമൊത്ത നോവലായ കുന്ദലതയുടെ രചയിതാവും നെടുങ്ങാടി ബാങ്കിന്റെ സ്ഥാപകനും പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനായി അച്ച്യുതന്‍ ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളും സ്ഥാപിച്ച മഹത് വ്യക്തിത്വവും, കോഴിക്കോട് മുന്‍സിപ്പാലിറ്റിയുടെ ചെയര്‍മാനുമായിരുന്ന അപ്പു നെടുങ്ങാടിയുടെ നാമധേയത്തില്‍ അപ്പു നെടുങ്ങാടി മെമ്മോറിയല്‍ ട്രസ്റ്റ് സംഘടിപ്പിക്കുന്ന പുരസ്‌കാര സമര്‍പ്പണവും എന്‍ഡോവ്‌മെന്റ് വിതരണവും 12ന് (ബുധന്‍) വൈകിട്ട് 4.30ന് കൈരളി ശ്രീ വേദി ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ട്രസ്റ്റ് ചെയര്‍മാന്‍ എന്‍.വി.ബാബുരാജും, മാനേജിംഗ് ട്രസ്റ്റി പി.കെ.ലക്ഷ്മി ദാസും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അഡ്വ.കെ.കെ.കൃഷ്ണ കുമാര്‍(അഭിഭാഷക മേഖല), മീര പ്രതാപ് (സാഹിത്യം), എന്‍.സുന്ദരന്‍, പഞ്ചാബ് നാഷണല്‍ ബാങ്ക്(ബാങ്കിങ്), എന്‍.ബിന്ദു (വിദ്യാഭ്യാസം) എന്നിവര്‍ക്കാണ് പുരസ്‌കാരം. സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ പ്രൊഫ.ടി.കെ.രാമകൃഷ്ണന്‍ പരിപാടി ഉദ്ഘാടനം ചെയ്യും. സാമൂതിരി രാജാവ് പി.കെ. കേരള വര്‍മ്മ പുരസ്‌കാര വിതരണവും, പഞ്ചാബ് നാഷണല്‍ ബാങ്ക് കോഴിക്കോട് സര്‍ക്കിള്‍ ഹെഡ് രാജീവ് കുമാര്‍ പോദ്ദാര്‍ പ്രശസ്തി പത്രവും സമ്മാനിക്കും. ‘അപ്പു നെടുങ്ങാടിയും ബാങ്കിങ് മേഖലയും’ എന്ന വിഷയത്തില്‍ മാതൃഭൂമി ന്യൂസ് എഡിറ്റര്‍ എന്‍.പി.സൂര്യദാസും, ‘അപ്പൂ നെടുങ്ങാടിയും സാഹിത്യ മേഖലയും’ എന്ന വിഷയത്തില്‍ മലയാള മനോരമ സീനിയര്‍ കോ-ഓര്‍ഡിനേറ്റിംഗ് എഡിറ്റര്‍ അനില്‍ രാധാകൃഷ്ണനും പ്രഭാഷണം നടത്തും. ആര്‍ടിസ്റ്റ് മദനന്‍ ആശംസകള്‍ നേരും. സാഹിത്യകാരി രജനി സുരേഷ്, അഡ്വ.ജ്യോത്സന എന്നിവരടങ്ങിയ ജഡ്ജിംഗ് കമ്മറ്റിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്. വാര്‍ത്താസമ്മേളനത്തില്‍ കെ.എം.ശശിധരന്‍, ട്രസ്റ്റിമാരായ പി.അനില്‍ ബാബു, ബി ബാലമുരളി എന്നിവരും സംബന്ധിച്ചു.
