കോഴിക്കോട്: ഊരാളുങ്കല്‍ ലേബര്‍ കോണ്ട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലെ ഗുണമേന്മാവിഭാഗം അസിസ്റ്റന്റ് ജനറല്‍ മാനേജറും സൊസൈറ്റിയുടെ സഹസ്ഥാപനമായ കോഴിക്കോട്ടെ മാറ്റര്‍ ലാബിന്റെ (മാറ്റര്‍ മറ്റീരിയല്‍ ടെസ്റ്റിങ് ആന്‍ഡ് റിസര്‍ച്ച് ലബോറട്ടറി) ക്വാളിറ്റി മാനേജറും ഡപ്യൂട്ടി ജനറല്‍ മാനേജറുമായ അനില്‍കുമാര്‍ പൊറ്റെക്കാടിന് ഭാരത് സേവക് സമാജിന്റെ ദേശീയപുരസ്കാരം. തിരുവനന്തപുരം കവടിയാറില്‍ ബിഎസ്എസ് ആസ്ഥാനത്തു നടന്ന ചടങ്ങില്‍ ബിഎസ്എസ് അഖിലേന്ത്യാ ചെയര്മാന് ബി. എസ്. ബാലചന്ദ്രന്, മിസോറാം മുന്‍ ഗവര്‍ണ്ണര്‍ കുമ്മനം രാജശേഖരന് എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡ് സമ്മാനിച്ചു.
ലോകത്തെ ഏറ്റവും വലിയ പല പദ്ധതികളിലും ഗുണമേന്മാവിഭാഗത്തിന്റെ ചുമതല വഹിച്ചിട്ടുള്ള അനില്‍ കുമാര്‍ നിര്‍മ്മാണരംഗത്തെ ഗുണനിലവാരപരിപാലനത്തിലും അതിന്റെ നിരന്തരമെച്ചപ്പെടുത്തലുകളിലും ഊന്നി നടത്തിയ പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തിയാണ് അവാര്‍ഡ്.
ബുര്‍ജ് ഖലീഫ, ജുമൈറ ബീച്ച് റസിഡന്‍സ്, എമിറേറ്റ് സ്റ്റാഫ് ടവര്‍ തുടങ്ങിയ പ്രമുഖപദ്ധതികളില് ക്വാളിറ്റി കണ്ട്രോള് എന്‍ജിനീയര്‍ ആയിരുന്നു. ലോകപ്രശസ്ത ഫ്രഞ്ച് കമ്പനിയായ ഒബയാഷി, ചൈനീസ് ഹാര്‍ബര്‍ എന്‍ജിനീയറിങ് കമ്പനി സിഎച്ഛ്ഇസി തുടങ്ങിയവയുടെ ഗുണമേന്മാവിഭാഗത്തിനും നേതൃത്വം നല്കി. ദോഹ ഡൗണ്ടൗണ് പദ്ധതിയും ലോകത്തെ ഏറ്റവും വലിയ പോര്‍ട്ടായ ഹമദ് പോര്‍ട്ട് നിര്‍മ്മാണവും ഉള്‍പ്പെടെ നിരവധി അന്താരാഷ്ട്രപദ്ധതികളില് പ്രവര്‍ത്തിച്ചു. 2018-ലാണ് ഊരാളുങ്കല്‍ സൊസൈറ്റിയില്‍ ഗുണമേന്മാവിഭാഗത്തില് എജിഎം ആയി ചേര്‍ന്നത്.
1994-ല്‍ ആരംഭിച്ച തൊഴില്‍ജീവിതത്തിന്റെ തുടക്കത്തില്‍ത്തന്നെ സ്വന്തം നിര്‍മ്മാണക്കമ്പനിയും റിയല്‍ എസ്റ്റേറ്റ് സംരംഭവും നടത്തി വിജയകരമായ പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ട്. 2003-ല്‍ ദുബായിയില്‍ അറബ് ടെക്, അല്‍ നഖ്ല് എന്നീ കമ്പനികളിലൂടെയാണ് അന്താരാഷ്ട്രനിര്മ്മാണരംഗത്തേക്കു കടക്കുന്നത്. 2008-ല്‍ ഖത്തറിലേക്കു പ്രവര്‍ത്തനരംഗം മാറ്റി.
ജോലിയുടെ ഭാഗമായി അമേരിക്ക, ഓസ്ട്രേലിയ, ജര്‍മ്മനി, സിംഗപ്പൂര്‍, മലേഷ്യ തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു പഠനങ്ങള്‍ നടത്തിയത് ആഗോളമാനദണ്ഡങ്ങളും സംവിധാനങ്ങളും നേരിട്ടറിയാന്‍ അവസരമായി. ടോട്ടല്‍ ക്വാളിറ്റി മാനേജ്മെന്റ്, ഓര്‍ഗനൈസേഷണല്‍ എക്സലന്‍സ്, ഐഎസ്ഒ 9001 ക്വാളിറ്റി ഓഡിറ്റിങ് തുടങ്ങിയ മേഖലകളില്‍ പ്രാവീണ്യം നേടിയിട്ടുണ്ട്.
