‘കോ-ഓപ്പ് ഡേ’ പുരസ്‌കാരം യുഎല്‍സിസിഎസിന്

‘കോ-ഓപ്പ് ഡേ’ പുരസ്‌കാരം യുഎല്‍സിസിഎസിന്

കൊച്ചി: സംസ്ഥാനത്ത് ഏറ്റവും മികച്ച സഹകരണസംഘത്തിനുള്ള ‘കോ-ഓപ്പ് ഡേ’ പുരസ്‌കാരം ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണസംഘത്തിന് സഹകരണമന്ത്രി വി. എന്‍. വാസവന്‍ സമ്മാനിച്ചു. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ യുഎല്‍സിസിഎസ് ജനറല്‍ മാനേജര്‍ (അഡ്മിന്‍) കെ. പി. ഷാബു, ഡെപ്യൂട്ടി ജനറല്‍ മാനേജന്‍ (ഫിനാന്‍സ്) ജിനേഷ് കെ. പി. എന്നിവര്‍ അവാര്‍ഡ് ഏറ്റുവാങ്ങി.
സംസ്ഥാന, ദേശീയ, അന്തര്‍ദ്ദേശീയ തലങ്ങളില്‍ ലഭിച്ച അംഗീകാരങ്ങളും സഹകരണമേഖലയ്ക്കും സംസ്ഥാന വികസനത്തിനും നല്‍കിയ സംഭാവനകളും പരിഗണിച്ചാണ് പുരസ്‌കാരം നല്‍കിയത്.
വേള്‍ഡ് കോ-ഓപ്പറേറ്റീവ് മോനിട്ടര്‍ ലോകത്തെ രണ്ടാമത്തെ സൊസൈറ്റിയായി തെരഞ്ഞെടുത്ത സ്ഥാപനമാണ് ഊരാളുങ്കല്‍ സൊസൈറ്റി എന്നത് നാം അഭിമാനത്തോടെ കാണുന്നുവെന്ന് ഉദ്ഘാടനപ്രസംഗത്തില്‍ മന്ത്രി വി. എന്‍. വാസവന്‍ പറഞ്ഞു. ഊരാളുങ്കല്‍ സൊസൈറ്റിയുടെ പദ്ധതിനിര്‍വ്വഹണശേഷിയും സാമ്പത്തികവിനിയോഗരീതിയും അച്ചടക്കമികവും ദീര്‍ഘവീക്ഷണമുള്ള നേതൃത്വവും ആധുനികസാങ്കേതികവിദ്യയും കോര്‍ത്തിണക്കിയ മാനേജ്‌മെന്റ് നയങ്ങളും നൂറുവര്‍ഷത്തെ വളര്‍ച്ചയ്ക്കു നിദാനമായ മൂല്യബോധവും വേദിയില്‍ പ്രകീര്‍ത്തിക്കപ്പെട്ടു.

ഈ വര്‍ഷം മുതല്‍ ഏര്‍പ്പെടുത്തിയ പുതുതായി രൂപകല്പന സഹകരണശില്പവും സര്‍ട്ടിഫിക്കറ്റും ഒരുലക്ഷം രൂപ ക്യാഷ് അവാര്‍ഡും അടങ്ങുന്നതാണ് അവാര്‍ഡ്. ഒരടി വലിപ്പമുള്ള സുവര്‍ണ്ണശില്പത്തില്‍ സഹകരണപ്രസ്ഥാനത്തിന്റെ വളര്‍ച്ചയെയും അതിന്റെ ആശയങ്ങളെയും സഹകരണജനാധിപത്യം, കൂട്ടായ്മ, പരസ്പരസഹായം, ജനാധിപത്യസ്വഭാവം എന്നിവയെയും പ്രതിനിധാനം ചെയ്യുന്ന ആശയമാണ് ആവിഷ്‌ക്കരിച്ചിട്ടുള്ളത്.

ആരോഗ്യ രംഗത്തെ മികച്ചതും മാതൃകയുമായ വിവിധ പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്ത് കൊല്ലംജില്ലാ സഹകരണ ആശുപത്രി സംഘവും ഇതേ അവാര്‍ഡിന് അര്‍ഹമായി.

അങ്കമാലി എം എല്‍ എ റോജി എം ജോണ്‍ അധ്യക്ഷത വഹിച്ചു. ചാലക്കുടി എം പി ബെന്നി ബെഹനാന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന്‍, കേരള ബാങ്ക് ചെയര്‍മാന്‍ ഗോപി കോട്ടമുറിയ്ക്കല്‍, മുന്‍ എം എല്‍ എ അഡ്വ. എം എം മോനായി, കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ അഡ്വ. പി എം ഇസ്മയില്‍, കറുകുറ്റി പഞ്ചായത്ത് പ്രസിഡന്റ് ലതിക, സഹകരണ സംഘം രജിസ്ട്രാര്‍ ഡോ. ഡി സജിത്ത് ബാബു ഐ എ എസ്, സഹകരണ സംഘം അഡിഷണല്‍ രജിസ്ട്രാര്‍ എം സജീര്‍, സഹകരണ ഓഡിറ്റ് ഡയറക്ടര്‍ എം എസ് ഷെറിന്‍, എറണാകുളം ജോയിന്റ് രജിസ്ട്രാര്‍ ജോസ്സല്‍ ഫ്രാന്‍സിസ് തോപ്പില്‍, ആലുവ സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ അഡ്വ. വി സലിം, നോര്‍ത്ത് പറവൂര്‍ സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ വി എം ശശി, കൊച്ചി സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ പി ബി സജീവന്‍, കണയന്നൂര്‍ സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ ടി എസ് ഷണ്മുഖദാസ്, കോതമംഗലം സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ കെ കെ ശിവന്‍, സംസ്ഥാനത്തെ എല്ലാ ജില്ലാ സഹകരണ ബാങ്കില്‍ നിന്നുമുള്ള ജീവനക്കാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

രാവിലെ ‘നവകേരളവഴിയില്‍ സഹകരണപ്രസ്ഥാനത്തിന്റെ പങ്ക്’ എന്ന സെമിനാര്‍ നടന്നു. നബാര്‍ഡ് ചെയര്‍മാന്‍ ഷാജി കെ. ബി. മുഖ്യപ്രഭാഷണം നടത്തി. സഹകരണസംഘം രജിസ്ട്രാര്‍ ഡോ. ഡി. സജിത്ത് ബാബു വിഷയം അവതരിപ്പിച്ചു. പ്രമൂഖ സഹകാരികളായ കരകുളം കൃഷ്ണപിള്ള, പി. കെ ഹരീന്ദ്രന്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

 

‘കോ-ഓപ്പ് ഡേ’ പുരസ്‌കാരം യുഎല്‍സിസിഎസിന്

 

Share

Leave a Reply

Your email address will not be published. Required fields are marked *