കോഴിക്കോട്: പ്രശസ്ത വിവര്‍ത്തകനും സ്വാതന്ത്ര്യ സമര പോരാളിയുമായിരുന്ന എം.എന്‍.സത്യാര്‍ത്ഥിയുടെ പേരില്‍ എം.എന്‍.സത്യാര്‍ത്ഥി ട്രസ്റ്റ് ഏര്‍പ്പെടുത്തിയ പുരസ്‌കാരത്തിന് കെ.വി.കുമാരന്‍ മാസ്റ്റര്‍ അര്‍ഹനായി. കാസര്‍ഗോഡ് ഉദുമ സ്വദേശിയായ കുമാരന്‍ മാസ്റ്റര്‍ ഹിന്ദി, കന്നഡ ഭാഷകളില്‍ നിന്ന് ശ്രദ്ധേയമായ കൃതികള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. യശ്പാലിന്റെ കൊടുങ്കാറ്റടിച്ച നാളുകള്‍, എന്റെയും നിന്റെയും കഥ, അവന്റെയും, കൊലക്കയറിന്റെ കുരുക്കുകള്‍ തുടങ്ങിയവയും കന്നഡയില്‍ നിന്ന് ശിവരാമകാരന്തിന്റെ ചൊമനതുടി, രാംദാസ് നായഡുവിന്റെ വിശ്വ സിനിമ, ഗോപാലകൃഷ്ണപൈയുടെ സ്വപ്‌ന സാരസ്വത തുടങ്ങിയവയും പരിഭാഷപ്പെടുത്തിയിട്ടുണ്ട്.
ജൂലൈ 6ന് ഞായറാഴ്ച മാനാഞ്ചിറയിലെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ നടക്കുന്ന എം.എന്‍.സത്യാര്‍ത്ഥി അനുസ്മരണത്തില്‍ വെച്ച് ഡോ.എം.എം.ബഷീര്‍ പുരസ്‌കാരം സമര്‍പ്പിക്കും.