മറിയം ഗണാപുത്തലത്ത് ഹൃദയം കൊണ്ടെഴുതുന്ന കവി

മറിയം ഗണാപുത്തലത്ത് ഹൃദയം കൊണ്ടെഴുതുന്ന കവി

പുസ്തക പരിചയം – പി.ടി.നിസാര്‍

കോഴിക്കോട്: മറിയം ഗണാപുത്തലത്ത് ഒരനുഗ്രഹീത കവിയാണെന്ന് അടിവരയിടുന്നതാണ് ‘ഹൃദയ ഭാഷ’ എന്ന അവരുടെ കവിതാ സമാഹാരം. സ്വന്തം ജീവിതത്തെയും, സാമൂഹിക ജീവിതത്തെയും തീക്ഷ്ണമായും സത്യസന്ധമായും അവര്‍ രേഖപ്പെടുത്തുന്നു. സാമൂഹിക ജീവിതത്തിലെ ദുഷ്പ്രവണതകള്‍ക്കെതിരെ പോരാടാനവര്‍ ആഹ്വാനം ചെയ്യുന്നുണ്ട്. ഗതികെട്ട ലോകത്തിന്റെ മടുപ്പില്‍ നിരാശ രേഖപ്പെടുത്തുന്ന കവി, പ്രത്യാശക്കായി ശബ്ദമുയര്‍ത്തുന്നതും ഈ കവിതാ സമാഹാരത്തില്‍ കാണാം.

സമൂഹത്തിലെ പൊങ്ങച്ചങ്ങളെയും, അതുല്‍പാദിപ്പിക്കുന്ന നിരര്‍ത്ഥകതയെയും കവി പരിഹസിക്കുന്നുണ്ട്. ഈ സമാഹാരത്തിലെ 69 കവിതകളും, കവിയുടെ ഹൃദയത്തില്‍ കാലങ്ങളായി രൂപപ്പെട്ട ചിന്താധാരകളുടെ ആത്മാവിഷ്‌ക്കാരങ്ങളാണ്.

ആമുഖക്കുറിപ്പില്‍ കവി തന്നെ രേഖപ്പെടുത്തുന്നതുപോലെ ജീവിച്ചു തീര്‍ക്കാന്‍ പാടുപെടുന്ന മനുഷ്യരുടെ നിസ്സഹായത ഈ കവിതാ സമാഹാരത്തില്‍ അന്തര്‍ലീനമാണ്. സമാഹാരത്തിലെ ഓരോ കവിതകളും ഒന്നിനൊന്ന് മികച്ചതും വായനാസുഖം പകരുന്നതും, വായനക്കാരന്റെ ഹൃദയത്തില്‍ അലയൊലികളുണ്ടാക്കുന്നതും ജീവിതാടയാളങ്ങള്‍ പകരുന്നതുമാണ്.

അടയാളം എന്ന കവിതയില്‍ വെറുതെ കാഴ്ചകള്‍ കണ്ടു മടങ്ങേണ്ട പഥികരല്ലെന്നും, ജീവിതം വെറുതെ ജീവിച്ചു തീര്‍ക്കാനല്ലെന്നും ജീവിതം അടയാളപ്പെടുത്തേണ്ടതാണെന്നുമുള്ള സന്ദേശം കവി പകരുന്നു. നാം ജീവിക്കുന്ന ഈ ഭൂമിക്ക് നാം എന്ത് നല്‍കിയെന്ന കവിയുടെ ചോദ്യം മനുഷ്യ ഹൃദയങ്ങളില്‍ അലയടിക്കേണ്ട മഹാ സമുദ്രമാണ്.

‘നേരും നെറിയും’ എന്ന കവിതയില്‍ പ്രായമായ മാതാപിതാക്കളെ തട്ടിക്കളിക്കരുതെന്നും അവരെ ചേര്‍ത്തു പിടിക്കാനും കവി ആഹ്വാനം ചെയ്യുന്നു. ‘വണ്ടി’ എന്ന കവിതയില്‍ അമ്മയെ കുറിച്ചാണ് പ്രതിപാദിക്കുന്നത്. മക്കള്‍ക്ക് വേണ്ടി ജീവിക്കുന്ന അമ്മ, മക്കള്‍ക്കായി നിര്‍ത്താതെ തളരാതെ ഓടുന്ന വണ്ടി. അമ്മയുടെ മനസ്സില്‍ ഒരു മന്ത്രം മാത്രം, മക്കള്‍. ഈ വരികള്‍ വായിക്കുമ്പോള്‍ നമ്മുടെ നാട്ടില്‍ പ്രായമായ ചില അമ്മമാരേല്‍ക്കേണ്ടി വരുന്ന ദുരിതം വായനക്കാരുടെ കണ്ണുകള്‍ നിറക്കും.

‘പാതകം’ എന്ന കവിതയില്‍ കുടുംബത്തിനായി ജീവിതം നീക്കിവെക്കുന്ന ഒരു സ്ത്രീയുടെ വിലാപമാണ്. ‘കട്ടോണ്ടുപോയെന്റെ ആരോഗ്യം മൊത്തം’, ആരാണ് കട്ടത് – ഭര്‍ത്താവ്, മക്കള്‍, മരുമക്കള്‍ – ഇപ്പോള്‍ കാലും നീട്ടിയിരിക്കുന്നു കോലായില്‍. ശരീരത്തിന്റെ പല ഭാഗങ്ങളും പിണക്കിത്തിലാണ്. തന്റെ അവയവങ്ങള്‍ ഉള്ള കാലം അവരെ ഗൗനിക്കാതെ ജോലിചെയ്യിച്ചതില്‍ പരിഭവത്തിലാണെന്ന് കവിയെഴുതുമ്പോള്‍ വീട്ടിന്നകങ്ങളിലും പുറത്തും കുടുംബത്തിനായി ഉരുകിത്തീരുന്ന സ്ത്രീ ജന്‍മങ്ങളുടെ രേഖാ ചിത്രം വായനക്കാരെ ഇരുത്തി ചിന്തിപ്പിക്കുന്നതാണ്.

‘സൂക്ഷിക്കണം നാം’ എന്ന കവിതയില്‍ മക്കളെ പണം കൊടുത്ത് വളര്‍ത്തുന്നതിനെതിരെയും അവര്‍ വഴി തെറ്റുന്നതിനെക്കുറിച്ചും ആകുലപ്പെടുന്നു.

‘തിരിച്ചടി’ എന്ന കവിതയില്‍ പ്രൃകൃതിയെ ദ്രോഹിച്ചതിനുള്ള തിരിച്ചടിയാണ് പ്രകൃതി ദുരന്തങ്ങളെന്ന് എഴുതുന്നുണ്ട് കവി. ‘ലുബ്ധത’ എന്ന കവിതയില്‍ പിശുക്കിനെ പരിഹസിക്കുന്ന കവി ജീവിതം മനോഹരമാക്കാന്‍ ആഹ്വാനം ചെയ്യുന്നു. ചുമരുകള്‍ എന്ന കവിതയില്‍ ചുമരുകളോട് നിങ്ങള്‍ കണ്ട സത്യങ്ങള്‍ തുറന്നു പറയാന്‍ കവി ആവശ്യപ്പെടുന്നു. അതുവഴി ചതിയന്മാരും കള്ളന്മാരും അഴിക്കുള്ളിലാവട്ടെയെന്നും കവി കുറിക്കുന്നുണ്ട്.

പ്രവാസി എന്ന കവിതയില്‍ പ്രവാസിയുടെ കഥന കഥ പറയുമ്പോള്‍ ജീവിതം സൂക്ഷിച്ചു മുന്നോട്ടുകൊണ്ട് പോകണമെന്ന് പ്രവാസികളോട് ഉര ചെയ്യുന്നു. വര്‍ഗ്ഗീയതക്കെതിരെയും മാനവികതക്കു വേണ്ടിയും സ്ത്രീപക്ഷ നിലപാടുകളും ഈ സമാഹാരത്തിലെ കവിതകളിലുണ്ട്. അധ്യാപികയായി ജീവിതം നയിച്ച ഈ ഗുരുനാഥയുടെ തൂലിക തുമ്പില്‍ നിന്ന് അടര്‍ന്നു വീണ കവിതാ ശകലങ്ങള്‍ മാനവകുലത്തിന് പ്രതീക്ഷയും പ്രത്യാശയും നല്‍കുന്നതാണ്. എഴുത്തുകാരിയെന്ന നിലക്ക് ജീവിതത്തെ സൂക്ഷമമായി നിരീക്ഷിക്കുകയും അത് ഭംഗിയായി കവിതകളിലൂടെ രേഖപ്പെടുത്തുകയും ചെയ്ത മറിയം ഗണാപുത്തലത്തിന്റെ ഹൃദയഭാഷ എന്ന കാവ്യ സമാഹാരം മലയാള ഭാഷക്ക് വലിയ മുതല്‍ക്കൂട്ടാണ്. റെയിന്‍ ട്രീ ബുക്‌സാണ് പ്രസാധകര്‍.

 

മറിയം ഗണാപുത്തലത്ത് ഹൃദയം കൊണ്ടെഴുതുന്ന കവി

 

Share

Leave a Reply

Your email address will not be published. Required fields are marked *