ഇന്ത്യന്‍ ഭടന്മാര്‍ക്ക് ഇംഗ്ലണ്ടില്‍ യുദ്ധ സ്മാരകം (വാടാമല്ലികള്‍ ഭാഗം 19)

ഇന്ത്യന്‍ ഭടന്മാര്‍ക്ക് ഇംഗ്ലണ്ടില്‍ യുദ്ധ സ്മാരകം (വാടാമല്ലികള്‍ ഭാഗം 19)

കെ.എഫ്.ജോര്‍ജ്ജ്
മാതൃരാജ്യത്തിനു വേണ്ടി പൊരുതി ജീവന്‍ വെടിയുന്നവരെ നമ്മള്‍ വീരമരണം പ്രാപിച്ചവരായി ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. ഇംഗ്ലീഷുകാരുടെ ഭരണ കാലത്ത് ഇന്ത്യയില്‍ നിന്നുള്ള ഭടന്മാര്‍ ബ്രിട്ടനും സഖ്യകക്ഷികള്‍ക്കുമായി ഏഷ്യയിലെയും യൂറോപ്പിലെയും ആഫ്രിക്കയിലെയും യുദ്ധ മുന്നണികളില്‍ അണിനിരന്നു. ഇന്ത്യക്കാരെ ചൂഷണം ചെയ്ത് അടിമകളായി ഭരിക്കുന്നവര്‍ക്കായി തോക്കെടുക്കേണ്ടി വന്ന അവരില്‍ ഏറെപ്പേര്‍ യുദ്ധമുന്നണിയില്‍ കൊല്ലപ്പെട്ടു. ഇങ്ങനെ മരിച്ചവര്‍ക്കായി ഇംഗ്ലണ്ടില്‍ പലയിടത്തും സ്മാരകങ്ങളുണ്ട്. രാജ്ഞിക്കും രാജ്യത്തിനും വേണ്ടി ജീവനര്‍പ്പിച്ചവര്‍ എന്ന് ഫലകങ്ങളില്‍ രേഖപ്പെടുത്തി വച്ചിരിക്കുന്നു.
ഇത്തരത്തിലുള്ള ഇന്ത്യന്‍ ഭടന്മാര്‍ക്കായുള്ള യുദ്ധ സ്മാരകം കാണാനാണ് സസക്‌സിലെത്തിയത്. വഴികാട്ടിയായി സസക്‌സ് യൂണിവേഴ്‌സിറ്റിയിലെ പ്രഫസര്‍ ഫിലിപ്പോ ഒസല്ലോയുമുണ്ടായിരുന്നു.
പശുക്കളും ആടുകളും മേഞ്ഞു നടക്കുന്ന പച്ചപുതച്ച ഒരു മൊട്ടക്കുന്നിനു മുകളിലാണ് യുദ്ധ സ്മാരകമായ ഛത്രി. ഒരു കുടയുടെ ആകൃതിയിലുള്ള സ്മാരകമായതിനാലാണ് സ്മാരകത്തിന് കുടയെന്ന ഹിന്ദി വാക്കായ ഛത്രി എന്ന പേരു വന്നത്. വേലികെട്ടിയ സ്ഥലത്തിനുള്ളില്‍ കറവ വറ്റിയ ഇരുനൂറോളം പശുക്കളും പശുക്കിടാങ്ങളും മേഞ്ഞു നടക്കുന്നു. ഈ സ്ഥലത്തിന് മരംകൊണ്ടുള്ള കവാടങ്ങളുമുണ്ട്. കറവയുള്ള പശുക്കള്‍ക്ക് വേലികെട്ടിത്തിരിച്ച മറ്റൊരു ഇടവുമുണ്ട്. ആ കുന്നിലെ പശുക്കളെ നോക്കാന്‍ കുതിരപ്പുറത്ത് സഞ്ചരിക്കുന്ന ഒരു ചെറുപ്പക്കാരനും സഹായിയായി ഒരു നായയും മാത്രം. പശുക്കളുടെ കഴുത്തില്‍ കയറില്ല. അവര്‍ വേലിക്കകത്ത് സ്വതന്ത്രമായി മേഞ്ഞു നടക്കുന്നു.
ശാന്ത സ്വഭാവികളായ ഈ ഗോമാതാക്കള്‍ക്കിടയിലൂടെ ചാണകം നിറഞ്ഞു കിടക്കുന്ന ഊടു വഴിയിലൂടെ ഒന്നര കിലോമീറ്റര്‍ കുന്നു കയറിയെത്തിയപ്പോള്‍ ഛത്രിയായി.
ബ്രിട്ടീഷ് ഭടന്മാരുടെ നിരയില്‍ എട്ടു ലക്ഷത്തോളം ഇന്ത്യക്കാരും ഒന്നാം ലോക യുദ്ധത്തില്‍ പങ്കെടുത്തു. പരുക്കേറ്റ 12,000 ഭടന്മാരെ ശുശ്രൂഷിച്ചത് അടുത്തുള്ള ബ്രൈറ്റനിലെ റോയല്‍ പവിലിയന്‍, യോര്‍ക്ക് പ്ലസ് സ്‌കൂള്‍, ഡോം, കോണ്‍ എക്‌സ്‌ചേഞ്ച് എന്നിവിടങ്ങളിലായിരുന്നു.
ഇതില്‍ റോയല്‍ പവിലിയന്‍ കെട്ടിടത്തിലെ താല്‍ക്കാലിക ആശുപത്രിയില്‍ ചികിത്സക്കിടെ മരിച്ച 37 ഹിന്ദു ഭടന്മാരെയും 16 സിഖ് ഭടന്മാരെയുമാണ് ഛത്രിയില്‍ സംസ്‌കരിച്ചത്. ഇവരുടെ ചിതാഭസ്മം ഇംഗ്ലീഷ് ചാനലില്‍ ഒഴുക്കി. മരിച്ച 21 മുസ്ലിം ഭടന്മാരെ അടുത്തുള്ള ഷാജഹാന്‍ മോസ്‌ക് ശ്മശാനത്തിലാണ് സംസ്‌കരിച്ചത്. പടിഞ്ഞാറന്‍ യൂറോപ്പിലെ പഴക്കമുള്ള ഈ മോസ്‌ക് 1889ല്‍ നിര്‍മ്മിച്ചതാണ്.
ഈസ്റ്റ് സസക്‌സിലെ ഈ കുന്നില്‍ സ്മാരകം രൂപകല്‍പ്പന ചെയ്തത് മുംബൈയിലെ ഇ.സി.ഹെന്റിക്‌സാണ്. എട്ടു തൂണുകളും മുകളിലെ താഴികക്കുടവും സിസിലിയന്‍ മാര്‍ബിളിലാണ്. കോണ്‍ക്രീറ്റ് സ്ലാബില്‍ ഭടന്മാര്‍ക്ക് ചിതയൊരുക്കി. ഇവിടെ ഇപ്പോള്‍ വലിയ ഗ്രാനൈറ്റ് സ്ലാബുകള്‍ വിരിച്ചിരിക്കുന്നു.
അകലെ മേയുന്ന പശുക്കളുടെ കുളമ്പടികളല്ലാതെ ഇവിടെ അന്ത്യ വിശ്രമം കൊള്ളുന്ന അജ്ഞാത ഇന്ത്യന്‍ സഹോദരന്മാരുടെ ശാന്തതയ്ക്ക് ഭംഗം വരുത്താന്‍ ഒന്നും ഇവിടെയില്ല. കുറ്റിക്കാട്ടില്‍ അണ്ണാറക്കണ്ണന്മാര്‍ ഓടിക്കളിക്കുന്നു. ഇടയ്ക്കിടെ ഓരോ കാട്ടു മുയലുകള്‍ ചാടിച്ചാടിപ്പോകുന്നു. കുന്നിന്‍ മുകളില്‍ നിന്നു നോക്കിയാല്‍ വളരെ ദൂരെ നാലുവരിപ്പാതയിലൂടെ വാഹനങ്ങള്‍ ചീറിപ്പായുന്നതു കാണാം. എന്നാല്‍ അവയുടെ ശബ്ദം ഇവിടെ എത്തുന്നില്ല.
ഭടന്മാരുടെ പേരുകള്‍ ഫലകത്തില്‍ കൊത്തിവെച്ചിരിക്കുന്നു. മറ്റൊരു നാട്ടിലെ സൈനിക നേതൃത്വത്തിനു കീഴില്‍ കൊടിയ തണുപ്പും മഞ്ഞും ചൂടുമെല്ലാം സഹിച്ച് പരിചിതമല്ലാത്ത ഭക്ഷണവും കഴിച്ച് കുടുംബം പോറ്റാനായി ബ്രിട്ടീഷ് സാമ്രാജ്യത്തിനായി പൊരുതി മരിച്ച ഈ സഹദരന്മാരുടെ പേരുകള്‍ വായിച്ചപ്പോള്‍ സങ്കടകരമായ ഏറെ ചിത്രങ്ങള്‍ മനസില്‍കൂടി കടന്നു പോയി.
ഏറെക്കാലം ഈ സ്മാരകം അവഗണിക്കപ്പെട്ടു കിടന്നു. റോയല്‍ ബ്രിട്ടീഷ് ആര്‍മിയുടെ മുന്‍ സൈനികരുടെ പച്ചം ശാഖയിലുള്ള അംഗങ്ങള്‍ക്ക് ഈ സ്മാരകത്തെ അവഗണിക്കുന്നത് ശരിയല്ലെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നു തോന്നി. 1950ല്‍ അവര്‍ സ്മാരകം വൃത്തിയാക്കി. എല്ലാ വര്‍ഷവും ഇവിടം സന്ദര്‍ശിച്ച് ആദരാഞ്ജലി അര്‍പ്പിക്കുന്നത് പതിവാക്കി. 1999 വരെ അവര്‍ ഈ പതിവ് തുടര്‍ന്നു. 2000ത്തില്‍ അനുസ്മരണ ശുശ്രൂഷ നടത്താന്‍ ഇവിടെയുള്ള സിഖ് അധ്യാപകനെ ചുമതലപ്പെടുത്തി.
ഇപ്പോള്‍ എല്ലാ വര്‍ഷവും ജൂണിലെ മൂന്നാം ഞായറാഴ്ച ഉച്ച കഴിഞ്ഞ്് രണ്ടരയ്ക്ക് ഛത്രിയില്‍ അനുസ്മരണ ചടങ്ങുകള്‍ നടക്കും. ബ്രൈറ്റന്‍ മേയര്‍, എം.പി, സിറ്റി കൗണ്‍സിലര്‍മാര്‍, പൊലീസ്, അവിഭക്ത ഇന്ത്യന്‍ ആര്‍മിയുടെ ഭാഗമായി പ്രവര്‍ത്തിച്ചിട്ടുള്ള വിമുക്ത ഭടന്മാര്‍ നാട്ടുകാര്‍ എന്നിവരെല്ലാം ഈ ചടങ്ങില്‍ സംബന്ധിക്കും.
സ്മാരകത്തിനു പുറത്ത് ഹിന്ദിയിലും ഇംഗ്ലീഷിലും ഭടന്മാരുടെ സ്മാരകമെന്ന് എഴുതി വച്ചിരിക്കുന്നു. സന്ദര്‍ശകര്‍ക്ക് വിശ്രമിക്കാനായി ചാരു ബെഞ്ചുകളും ഇരിപ്പിടങ്ങളുമുണ്ട്.
യുദ്ധത്തില്‍ പരുക്കേറ്റവരെ ശുശ്രൂഷിച്ച ബ്രൈറ്റനിലെ റോയല്‍ പവിലിയന്‍ ജോര്‍ജ് നാലാമന്‍ രാജാവിന്റെ ആഡംബര കൊട്ടാരമായിരുന്നു. ആഡംബര പ്രിയനായിരുന്ന രാജാവ് തുറമുഖ നഗരമായ ബ്രൈറ്റനിലെത്തുമ്പോള്‍ ഉല്ലസിക്കാനാണ് കലാഭംഗികൊണ്ടും സൗകര്യങ്ങള്‍ കൊണ്ടും പ്രശസ്തമായ ഈ ‘പ്ലഷര്‍ പാലസ്’ നിര്‍മ്മിച്ചത്. പുറമേ ഇന്ത്യന്‍ ശൈലിയും അകത്ത് ചൈനീസ് ശൈലിയും സ്വീകരിച്ചിട്ടുള്ള അപൂര്‍വ്വ സൗധമാണിത്.
ലൗകികാസക്തികളിലും ആഡംബരത്തിലും മുഴുകി ജീവിച്ച രാജാവ് വാര്‍ധക്യത്തില്‍ വിഷാദവാനും മൗനിയുമായി. അവസാന കാലത്ത് ലണ്ടനില്‍ നിന്ന് ഇവിടേയ്ക്കുള്ള വരവു തന്നെ കുറച്ചു. പിന്നീട് വിക്ടോറിയ രാഞ്ജി 1846ല്‍ ഈ കൊട്ടാരം ബ്രൈറ്റന്‍ നഗരത്തിനു വിറ്റു. നൂറ്റമ്പതോളം അമൂല്യ കലാ രൂപങ്ങള്‍ രാഞ്ജി ഇവിടെ നിന്ന് ബക്കിംഗ്ഹാം കൊട്ടാരത്തിലേക്ക് കൊണ്ടുപോയി.
ഈ കൊട്ടാരമാണ് ഭടന്മാരെ ചികിത്സിക്കാനുള്ള കേന്ദ്രമായി മാറ്റിയത്. പരുക്കേറ്റ ഇന്ത്യന്‍ ഭടന്മാരെ ശുശ്രൂഷിച്ച ബ്രൈറ്റന്‍ നിവാസികളോടുള്ള നന്ദി സൂചകമായി പാട്യാല രാജാവ് ഒരു ഗേറ്റ് റോയല്‍ പവിലിയനു മുന്നില്‍ സ്ഥാപിക്കുകയുണ്ടായി. 1921 ഒക്ടോബര്‍ 26ന് അത് ഉദ്ഘാടനം ചെയ്തു. മഹാരാജാവിന്റെ  മഹാമനസ്‌കതയ്ക്കുള്ള മറുപടിയെന്ന നിലയില്‍ പവിലിയന്റെ താക്കോലിന്റെ സ്വര്‍ണ്ണപ്പകര്‍പ്പ് ബ്രൈറ്റന്‍ മേയര്‍ ആ ചടങ്ങില്‍ മഹാരാജാവിനു കൈമാറുകയും ചെയ്തു.
(മലയാള മനോരമ മുന്‍ അസിസ്റ്റന്റ് എഡിറ്ററും മുതിര്‍ മാധ്യമ പ്രവര്‍ത്തകനുമായ കെ.എഫ്.ജോര്‍ജ്ജിന്റെ ഈ പംക്തി എല്ലാ ബുധനാഴ്ചകളിലും വായിക്കാവുതാണ്.അരനൂറ്റാണ്ടു കാലത്തെ മാധ്യമ രംഗത്തെയും സാഹിത്യ രംഗത്തെയും അനുഭവങ്ങളും ജീവിത ദര്‍ശനങ്ങളും പ്രതിപാദിക്കുതാണ് വാടാമല്ലികള്‍.) 
Share

Leave a Reply

Your email address will not be published. Required fields are marked *