കോഴിക്കോട്: തൂലിക പടവാളാക്കിയ സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ളയേയും, കേസരി ബാലകൃഷ്ണപ്പിള്ളയേയും പോലുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചരിത്രത്തില്‍ പുളകം കൊണ്ട കാലത്ത് നിന്ന്, ജനാധിപത്യ ഇന്ത്യയില്‍ മാധ്യമ സ്ഥാപനങ്ങളും, മാധ്യമ പ്രവര്‍ത്തകരും ഭരണകൂടങ്ങളുടെ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി, സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണെന്ന് പ്രശസ്ത എഴുത്തുകാരന്‍ സുഭാഷ് ചന്ദ്രന്‍ പറഞ്ഞു. ഇന്ന് കാലത്ത് കാലിക്കറ്റ് പ്രസ്സ് ക്ലബ്ബ് ഇന്‍സ്റ്ററ്റിയൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്റ് ജേണലിസം ബിരുദ ദാനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എത്രയോ ഉയര്‍ന്നതും, വരുമാനമുള്ളതുമായ ജോലിയേക്കാള്‍ മഹത്തരമാണ് പത്രപ്രവര്‍ത്തനം. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയില്‍ എന്ത് എഴുതണമെന്ന് ചിന്തിക്കാന്‍ പോലുമാകാത്ത കാലത്താണ് പത്ര പ്രവര്‍ത്തകര്‍ ജീവിക്കുന്നത്. സമൂഹത്തില്‍ നടക്കുന്ന പലതിനെയും ലോക സമക്ഷം അവതരിപ്പിക്കാനുള്ള ചങ്കൂറ്റം മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഉണ്ടാവണം. ഇന്ത്യയില്‍ തൊഴിലില്ലായ്മ മൂലം അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറിയ ഇന്ത്യക്കാരെ കാലിലും കൈയ്യിലും വിലങ്ങ് വെച്ച് ട്രംപ് ഭരണകൂടം ഇന്ത്യയിലേക്കയച്ചപ്പോള്‍, അമേരിക്കയില്‍ നിന്നെത്തിയ വിമാനത്തിന്റെ സാങ്കേതികത വിവരിക്കേണ്ട ഗതികേടിലായിപ്പോയി ഇന്ത്യയിലെ മാധ്യമങ്ങള്‍. ഇരുപത്തഞ്ച് വര്‍ഷം മുമ്പായിരുന്നെങ്കില്‍ ഇന്ത്യാക്കാരന്റെ ആത്മാഭിമാനം ഉയര്‍ത്തിപ്പിടിക്കുന്ന വാര്‍ത്തകാളായിരുന്നു രാജ്യത്തെ പത്രങ്ങളില്‍ നിറയുമായിരുന്നത്. ജനാധിപത്യ രാജ്യമായ ഇന്ത്യ സുല്‍ത്താനേറ്റ് ഓഫ് ഇന്ത്യയായി മാറുകയാണെന്ന് നാം തിരിച്ചറിയാന്‍ വൈകരുത്.
തൂലിക പടവാളാക്കിയ, നാടുവിടാന്‍ നിര്‍ബന്ധിതരായ പത്ര പ്രവര്‍ത്തകരുടെ നാടായി കേരളവും മാറുന്നുണ്ടോ എന്നതും പരിശോധിക്കപ്പെടണം. ഭാഷയാണ് പത്ര പ്രവര്‍ത്തകന്റെ ടൂള്‍ ഒരു കര്‍ഷകന്‍ അവന്റെ തൂമ്പ നിത്യേന കഴുകി വൃത്തിയാക്കി വെക്കുന്നത് പോലെ മാധ്യമ പ്രവര്‍ത്തകര്‍ അക്ഷരങ്ങളെ ചേര്‍ത്ത് പിടിക്കണം. ആംഗലേയ ഭാഷയില്‍ പദ പ്രയോഗം നടത്തിയ സംസ്ഥാന മന്ത്രിക്ക് വാക്ക് പിഴച്ചപ്പോള്‍ അതിനെതിരായി വന്ന കമന്റുകളിലെ മഹാഭൂരിപക്ഷ കുറിപ്പുകളും ഭാഷാപരമായി തെറ്റായിരുന്നു. മലയാളം ഭംഗിയായി എഴുതാന്‍ പോലും മലയാളി മറക്കുകയാണ്. യുനെസ്‌ക്കോയുടെ കണക്ക് പ്രകാരം ഓരോ അമ്പത് വര്‍ഷം കൂടുമ്പോഴും ലോകത്ത് 200 ഭാഷകള്‍ മരിക്കുകയാണ്. അതിലൊന്ന് േകരളത്തിലെ കണ്ണൂര്‍ ജില്ലയിലെ മാതിക എന്നൊരു ഭാഷയാണ്. നിലവില്‍ രണ്ടുപേരാണ് ഇപ്പോഴത് സംസാരിക്കുന്നത്. ആ രണ്ട് പേരുടെ കാലശേഷം ആ ഭാഷ തന്നെ ഇല്ലാതാവും. അതുപോലെ അടുത്ത 50 വര്‍ഷം കൊണ്ട് 400 ഭാഷകള്‍ മരണമടയുമെന്നാണ് യുനെസ്‌കോയുടെ കണക്ക്. ആ പട്ടികയില്‍ നമ്മുടെ മലയാളവുമുണ്ട്. നാം നമ്മുടെ കുട്ടികളെ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ചേര്‍ത്ത് പഠിപ്പിക്കുമ്പോള്‍ കേരളത്തില്‍ ഉപജീവനത്തിനായി എത്തിയ അന്യ സംസ്ഥാന തൊഴിലാളികള്‍ അവരുടെ കുട്ടികളെ മലയാളം പഠിപ്പിക്കുകയാണ്. ഏറ്റവും നല്ല കയ്യക്ഷരത്തിന് ബീഹാറി കുട്ടിക്കാണ് അംഗീകാരം ലഭിച്ചത്. സ്വന്തം മന:സാക്ഷിയുടെ ചോദ്യത്തിന് ശരിയുത്തരം പറയണമെങ്കില്‍ പത്ര പ്രവര്‍ത്തകര്‍ നേരിന്റെ പാതയില്‍ സഞ്ചരിക്കണമെന്നും പുതു തലമുറ മാധ്യമ പ്രവര്‍ത്തകര്‍ ഈ പാതയില്‍ നിര്‍ഭയം സഞ്ചരിക്കണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
പ്രസ്സ്‌ക്ലബ്ബ് പ്രസിഡന്റ് ഇ.പി.മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഐ സി ജെ ഡയറക്ടര്‍ വി.ഇ.ബാലകൃഷ്ണന്‍ റിപ്പോര്‍ട്ടവതരിപ്പിച്ചു. മലയാള മനോരമ സീനിയര്‍ കോ-ഓര്‍ഡിനേറ്റിംഗ് എഡിറ്റര്‍ അനില്‍ രാധാകൃഷ്ണന്‍, ചന്ദ്രിക എഡിറ്റര്‍ കമാല്‍ വരദൂര്‍, കെ ഇ ഡബ്യൂ ജെ സംസ്ഥാന കമ്മറ്റിയംഗം എം.ഫിറോസ് ഖാന്‍, പ്രസ്സ് ക്ലബ്ബ് സെക്രട്ടറി പി.കെ.സജിത്ത്,ജോ.സെക്രട്ടറി ഒ.സയ്യിദ് അലി ശിഹാബ്, ഒന്നാം റാങ്ക് ജേതാവ് തോമസ് ജേക്കബ് എന്നിവര്‍ സംസാരിച്ചു.