കെ.എഫ് ജോര്‍ജ്ജ്
നസ്‌റത്ത് ഇസ്രയേലില്‍ ഗലീലി പ്രദേശത്തുള്ള കൊച്ചു പട്ടണമാണ്. ഇടുങ്ങിയ പാതകളും വഴിയോര കച്ചവടങ്ങളുമുള്ള പഴമ നിറഞ്ഞു നില്‍ക്കുന്ന പ്രദേശം. ആധുനിക രീതിയിലുള്ള കെട്ടിടങ്ങള്‍ കാണാനില്ല. പരമ്പരാഗത യഹൂദ വേഷം ധരിച്ച ജനങ്ങള്‍. ബൈബിളില്‍ ഏറെ പരാമര്‍ശിക്കപ്പെടുന്ന നസ്‌റത്ത് ഇന്നും ബൈബിള്‍ കാലത്തില്‍ നിന്ന് ഏറെ മാറിയിട്ടില്ലെന്ന് ഒറ്റനോട്ടത്തില്‍ തോന്നും.
നസ്‌റത്ത് യേശുവിന്റെ പ്രിയ നഗരമാണ്. ‘നസ്‌റായനായ യേശു’വെന്ന് ബൈബിളില്‍ പരാമര്‍ശമുണ്ട്. ശിശുവായും ബാലനായും ആശാരിയായും ദൈവവചന പ്രഘോഷകനായും ജീവിതത്തിന്റെ ഏറിയ പങ്കും ദൈവ പുത്രന്‍ ചെലവഴിച്ചത് ഇവിടെയാണ്. കുരിശില്‍ തറച്ചപ്പോള്‍ കുരിശിന്റെ മുകളില്‍ സ്ഥാപിച്ച പലകയില്‍ റോമന്‍ ഗവര്‍ണര്‍ പിലാത്തോസിന്റെ നിര്‍ദ്ദേശ പ്രകാരം എഴുതിയത് ‘യഹൂദന്മാരുടെ രാജാവായ നസ്‌റായനായ ഈശോ’ എന്നാണ്.
ഗലീലി കടല്‍ത്തീരത്തു നിന്ന് 25 കി.മീ റോഡു മാര്‍ഗം സഞ്ചരിച്ചാല്‍ നസ്‌റത്തായി. കുന്നുകളെ വട്ടമിട്ട് താഴേക്കിറങ്ങിയാണ് നസ്‌റത്തിലെത്തുക. ഊട്ടിയിലേക്കും കൊഡൈക്കനാലിലേക്കുമെല്ലാം ഇറങ്ങിച്ചെല്ലുന്നതുപോലെ. ‘നസ്‌റീന്‍’ എന്ന ഹീബ്രു വാക്കിന് പുഷ്പമെന്ന് അര്‍ത്ഥം. ചുറ്റും മലകള്‍ ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ വലിയ ഒരു പുഷ്പം വിടര്‍ന്നു നില്‍ക്കുന്നതുപോലെയാണ് നസ്‌റത്തെന്ന പട്ടണം തോന്നിക്കുക.
ഗബ്രിയേല്‍ ദൈവദൂതന്‍ യേശുവിന്റെ ജനനത്തെക്കുറിച്ച് കന്യകാമറിയത്തെ അറിയിക്കുന്നത് നസ്‌റത്തില്‍ വച്ചാണ്. ഇവിടെയൊരു ദേവാലയമുണ്ട്. മംഗല വാര്‍ത്താപ്പള്ളിയെന്ന് ഇത് അറിയപ്പെടുന്നു. ഈ പള്ളിയില്‍ നിന്ന് 150 മീറ്റര്‍ നീങ്ങിയാല്‍ യൗസേപ്പിന്റെ വീടായി. യൗസേപ്പിന്റെ ആശാരിപ്പണിശാല ഒരു ഗുഹയോടു ചേര്‍ന്നാണ്. യേശുവിന്റെ കാലത്ത് ദരിദ്രര്‍ ഇത്തരം പ്രകൃതിദത്ത ഗുഹകളില്‍ പാര്‍ത്തിരുന്നു. മണിമാളികകള്‍ കെട്ടിപ്പൊക്കാന്‍ പാങ്ങില്ലാത്ത പാവങ്ങള്‍ക്ക് ദൈവം ഒരുക്കിയ വാസസ്ഥലങ്ങള്‍.
ഇസ്രയേല്‍ ദേശത്തെ കൊടിയ തണുപ്പും ചൂടും ഈ ഗുഹകള്‍ക്കകത്തില്ല. ആടുമാടുകളെ സൂക്ഷിക്കാന്‍ ഉപയോഗിച്ചിരുന്ന ഇത്തരത്തിലുള്ള ബത്‌ലഹത്തെ ഒരു കാലിത്തൊഴുത്തിലായിരുന്നു യേശുവിന്റെ ജനനവും.
നസ്‌റത്തില്‍ വിശുദ്ധ ഗബ്രിയേലിന്റെ പേരിലും പള്ളിയുണ്ട്. കന്യകാമറിയം വെള്ളം കോരിയെടുത്തിരുന്നതായി വിശ്വസിക്കപ്പെടുന്ന ഒരു കിണര്‍ ഇവിടെയുണ്ട്. പത്തടി താഴ്ചയുള്ള ഈ കിണറ്റില്‍ ഇപ്പോഴും ചെറിയ ഉറവയുണ്ട്. പണ്ട് നസ്‌റത്ത് ഗ്രാമത്തിനു വേണ്ട വെള്ളം എടുത്തിരുന്നത് ഇവിടെ നിന്നാണ്. കന്യകാമറിയം വീട്ടാവശ്യത്തിന് വെള്ളമെടുക്കാന്‍ പോയപ്പോള്‍ ഇവിടെ വച്ച് യേശു ജനിക്കുമെന്ന മംഗല വാര്‍ത്ത ഗബ്രിയേല്‍ അറിയിച്ചുവെന്നു വിശ്വസിക്കുന്നവരുമുണ്ട്.
നസ്‌റത്തിലെ മുഖ്യ ആകര്‍ഷണം മംഗല വാര്‍ത്താപ്പള്ളിയാണ്. കന്യകാ മറിയത്തെ മംഗല വാര്‍ത്ത അറിയിച്ച സ്ഥലം ഈ പള്ളിക്കുള്ളിലാണ്. ഇതും ഒരു ഗുഹ തന്നെ ‘ഇവിടെ വചനം മാസം ധരിച്ചു’ എന്ന് എഴുതി വച്ചിട്ടുണ്ട്. കന്യകാ മറിയത്തെ വിവിധ നാടുകളിലെ സ്ത്രീകളുടെ വേഷത്തില്‍ ഈ പള്ളിയില്‍ ചിത്രീകരിച്ചിരിക്കുന്നു.
ഇസ്രയേലിലെ എല്ലാ ദേവാലയങ്ങളും പലതവണ തകര്‍ക്കപ്പെടുകയും പുനര്‍നിര്‍മ്മിക്കപ്പെടുകയും ചെയ്തിട്ടുള്ളതാണ്. അക്രമവും അധിനിവേശവും നാശങ്ങളും കണ്ണീരും ഇസ്രയേല്‍ മണ്ണിനെ ഇന്നും വിടാതെ പിന്തുടരുന്നു.
റോമന്‍ ചക്രവര്‍ത്തി കോണ്‍സ്റ്റന്റൈന്റെ മാതാവ് വിശുദ്ധ ഹെലനാണ് ഇവിടെ ആദ്യം ദേവാലയം പണിതത്. അഞ്ചാം നൂറ്റാണ്ടില്‍ ഇത് നശിപ്പിക്കപ്പെട്ടു. ഗ്രീക്കുകാര്‍ പുനര്‍നിര്‍മ്മിച്ച ദേവാലയം പേര്‍ഷ്യക്കാര്‍ തകര്‍ത്തു. കുരിശു യുദ്ധ പടയാളികള്‍ നിര്‍മ്മിച്ച ദേവാലയവും പിന്നീട് അക്രമികള്‍ തകര്‍ത്തു. ഇപ്പോള്‍ ഇവിടെ കാണുന്ന പള്ളി ഇറ്റാലിയന്‍ വാസ്തു ശില്‍പ്പി ജിയോവാനി മുസിയോ രൂപകല്‍പ്പന ചെയ്തതാണ്. 1969ല്‍ നിര്‍മാണം പൂര്‍ത്തിയായി.
ഇസ്രയേല്‍ സന്ദര്‍ശന സമയത്താണ് പ്രസിദ്ധമായ ഈ പള്ളി കാണാന്‍ അവസരമുണ്ടായത്. പള്ളിയും പരിസരവും ചുറ്റി നടന്നു കണ്ടശേഷം ഞങ്ങളുടെ സംഘത്തിലുണ്ടായിരുന്ന വൈദികന്‍ മലയാളത്തില്‍ കുര്‍ബാന അര്‍പ്പിച്ചു. കുര്‍ബാനയില്‍ പങ്കെടുക്കുമ്പോള്‍ ഞങ്ങളുടെ സംഘത്തില്‍ പെടാത്ത ഒരു സ്ത്രീ മലയാളത്തില്‍ കുര്‍ബാന സമയത്തെ പാട്ടുകള്‍ പാടുന്നത് ശ്രദ്ധയില്‍പ്പെട്ടു. ചുരിദാറാണ് വേഷം. 45 വയസ് പ്രായം തോന്നും. ഇസ്രയേലില്‍ മലയാളത്തില്‍ പാടുന്നത് ആരാണെന്ന് ഞങ്ങള്‍ക്ക് ജിജ്ഞാസയായി.
കുര്‍ബാന കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ ആ സ്ത്രീ ഞങ്ങളുടെ അടുത്തേക്ക് വന്ന് സ്വയം പരിചയപ്പെടുത്തി. വര്‍ഷങ്ങള്‍ക്ക് മുമ്പ് ജറുസലേമില്‍ നിന്ന് പാലായനം ചെയ്ത് കേരളത്തിലെത്തിയ ജൂത കുടുംബത്തിലെ അംഗമായ മേഴ്‌സിയാണ് ഞങ്ങളെ അത്ഭുതപ്പെടുത്തിക്കൊണ്ട് മലയാളത്തില്‍ കുര്‍ബാനപ്പാട്ടുകള്‍ പാടിയത്.
ഇസ്രയേലില്‍ നിന്നു ചിതറിക്കപ്പെട്ട ജൂത കുടുംബത്തില്‍പ്പെട്ട മേഴ്‌സിയുടെ പൂര്‍വ്വപിതാക്കള്‍ ആദ്യം കേരളത്തിലെ ഫോര്‍ട്ട് കൊച്ചിയിലെത്തി. പിന്നീട് തൃശൂരിലെ ഒല്ലൂരില്‍ താമസമാക്കി. ക്രമേണ ആ ജൂത കുടുംബം കേരളീയ പാരമ്പര്യവുമായി ഇണങ്ങി. 1948ല്‍ ഇസ്രയേല്‍ രാഷ്ട്രം രൂപീകൃതമായപ്പോള്‍ മറ്റു യഹൂദരെപ്പോലെ മേഴ്‌സിയുടെ കുടുംബവും ഇസ്രയേലിലേക്കു മടങ്ങിപ്പോയി.
പക്ഷേ മേഴ്‌സിയുടെ മനസുനിറയെ മലയാളവും കേരളത്തിന്റെ പച്ചപ്പും നിറഞ്ഞു നിന്നു.കേരളത്തിലേക്കു വരാനോ കുട്ടിക്കാലത്തെ കളിക്കൂട്ടുകാരെ കാണാനോ അവസരമുണ്ടായില്ല. കേരളീയരുമായി ബന്ധം പുതുക്കാന്‍ മേഴ്‌സി കണ്ടെത്തിയ മാര്‍ഗമാണ് തീര്‍ത്ഥാടകര്‍ വരാന്‍ സാധ്യതയുള്ള പള്ളികളില്‍ കേരളീയ വേഷത്തില്‍ ചെന്ന് അവരുടെ ശ്രദ്ധ ആകര്‍ഷിക്കുകയെന്ന രീതി. ചുരിദാറും ഷാളും ധരിച്ച മേഴ്‌സിയെ കണ്ടാല്‍ ജൂതപ്പെണ്ണാണെന്നു തോന്നുകയില്ല. കേരളത്തില്‍ നിന്നുള്ള തീര്‍ത്ഥാടകരെ ഈ രീതിയില്‍ പരിചയപ്പെട്ട് അവരുമായി ഇടപഴകി മലയാളത്തിന്റെ ഓര്‍മ മനസിലെത്തിച്ച് മേഴ്‌സി സംതൃപ്തിയടയുന്നു.
പള്ളിയില്‍ നിന്നിറങ്ങി ആ ദിവസം മുഴുവന്‍ മേഴ്‌സി ഞങ്ങള്‍ക്കൊപ്പം സഞ്ചരിച്ചു. മേഴ്‌സിയുടെ വീട്ടില്‍ ഉച്ചയ്ക്കു ചെന്നപ്പോള്‍ തനി കേരളീയ രീതിയില്‍ ചോറും കറികളും തേങ്ങാച്ചമ്മന്തിയും ഒരുക്കിവച്ചിരിക്കുന്നു. നഴ്‌സായ മേഴ്‌സി വീടിന്റെ ഒരു ഭാഗം ‘ഹോംസ്‌റ്റേ’യായി വാടകയ്ക്കു കൊടുത്തിരിക്കുകയാണ്.
ഒരു ദിവസത്തെ സന്തോഷകരമായ അനുഭവങ്ങള്‍ക്കു ശേഷം രാത്രി ഞങ്ങള്‍ പിരിഞ്ഞപ്പോള്‍ മേഴ്‌സി വാവിട്ടു കരഞ്ഞു. കേരളത്തില്‍ തിരിച്ചു വന്നു താമസിക്കണമെന്നുണ്ട്. ഇസ്രയേല്‍ പൗരനായതുകൊണ്ട് ഇനി സാധ്യമല്ല. കുടുംബത്തില്‍പ്പെട്ടവരെല്ലാം കേരളത്തില്‍ നിന്ന് ഇസ്രയേലില്‍ എത്തിക്കഴിഞ്ഞു. പക്ഷേ കേരളത്തിന്റെ മണ്ണും അവിടെ ഉണ്ടായിരുന്ന സൗഹൃദ കൂട്ടായ്മകളും മേഴ്‌സിയെ ഇന്നും മോഹിപ്പിക്കുന്നു.
രാജ്യങ്ങളുടെ അതിര്‍ത്തികള്‍ക്കനുസരിച്ച് മനുഷ്യമനസുകളെ വേലികെട്ടിത്തിരിക്കാനാവില്ലല്ലോ!ഒരിക്കലും പൂര്‍ത്തീകരിക്കാനിടയില്ലാത്ത മോഹം ഉള്ളിലൊതുക്കി വിതുമ്പിക്കരയുന്ന മേഴ്‌സിയുടെ മുഖം ഇപ്പോഴും മനസില്‍ നൊമ്പരമുണര്‍ത്തുന്നു.
(മലയാള മനോരമ മുന്‍ അസിസ്റ്റന്റ് എഡിറ്ററും മുതിര്‍ മാധ്യമ പ്രവര്‍ത്തകനുമായ കെ.എഫ്.ജോര്‍ജ്ജിന്റെ ഈ പംക്തി എല്ലാ ബുധനാഴ്ചകളിലും വായിക്കാവുതാണ്.അരനൂറ്റാണ്ടു കാലത്തെ മാധ്യമ രംഗത്തെയും സാഹിത്യ രംഗത്തെയും അനുഭവങ്ങളും ജീവിത ദര്‍ശനങ്ങളും പ്രതിപാദിക്കുതാണ് വാടാമല്ലികള്‍.)