രാജ്യചരിത്രത്തിലെ ശ്രദ്ധേയമായ ഒന്നായി അഹമ്മദാബാദ് നടന്ന എഐസിസി സമ്മേളനം മാറുകയാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ ഭരണപക്ഷവും, പ്രതിപക്ഷവും തമ്മിലുള്ള രാഷ്ട്രീയപരമായ പോരാട്ടത്തിന് തിളക്കം നല്‍കുന്നതാണ് എഐസിസി സമ്മേളനം. കഴിഞ്ഞ 11വര്‍ഷമായി രാജ്യം ഭരിക്കുന്ന ബിജെപി സര്‍ക്കാരിനെ കടന്നാക്രമിച്ചാണ് എഐസിസി സമ്മേളനം സമാപിച്ചത്. ഏതാണ്ട് 2000ത്തോളം പ്രതിനിധികള്‍ സംബന്ധിച്ച സമ്മേളനം അവതരിപ്പ രാഷ്ട്രീയ പ്രമേയങ്ങള്‍ക്കും വലിയ പ്രസക്തിയുണ്ട്.
മോദി സര്‍ക്കാര്‍ രാജ്യത്ത് ഹിന്ദുത്വ അജന്‍ഡ നടപ്പാക്കാന്‍ ശ്രമിക്കുന്നു എന്ന ആരോപണം ശക്തമാണ്. ദേശീയ പ്രാദേശിമാധ്യമങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികളെല്ലാം ഇക്കാര്യം ഉന്നയിക്കുന്നുണ്ട്. ഹിന്ദുവും, മുസല്‍മാനും, ക്രിസ്ത്യാനിയും ഭാരതത്തിലെ എല്ലാവരും ഏകോദര സഹോദരന്മാരെ കഴിയുന്ന മാതൃകാരാജ്യം വിഭാവനം ചെയ്ത രാഷ്ട്ര ശില്‍പികളുടെ സ്വപ്‌നങ്ങള്‍ക്ക് കളങ്കമേല്‍പിക്കുന്ന നടപടികള്‍ രാജ്യത്തുണ്ടാകുന്നുണ്ടെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.
പൗരത്വനിയമമായാലും വഖഫ് നിയമ ഭേദഗതിയായാലും മോദിസര്‍ക്കാര്‍ കൊണ്ടുവന്ന നയങ്ങള്‍ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ആശങ്കയും വലിയ എതിര്‍പ്പും ഉണ്ടാക്കിയിട്ടുണ്ടെന്നത് വസ്തുതയാണ്. സംസ്ഥാനങ്ങളുമായി കേന്ദ്ര സര്‍ക്കാരിന്റെ ബന്ധം മുന്‍പൊരിക്കലുമില്ലാത്ത് നിലയില്‍ വഷളായി. കേന്ദ്രത്തിന്റെ തിട്ടൂരം ശിരസാവഹിക്കുന്ന ഗവര്‍ണര്‍മാര്‍ പ്രതിപക്ഷ കക്ഷികള്‍ ഭരണം നടത്തുന്ന സര്‍ക്കാരുകളെ പ്രതിസന്ധിയിലാക്കുന്ന നടപടികളും സുപ്രിംകോടതിയിലെത്തി.സുപ്രിംകോടതി ഇക്കാര്യത്തില്‍ പുറപ്പെടുവിച്ച ഉത്തരവ് ഫെഡറലിസത്തെ ശക്തിപ്പെടുത്തുന്നതാണ്. ജാതിയുടെ പേരില്‍, ഭക്ഷണത്തിന്റെ പേരില്‍ ആരാധനാലയങ്ങളുടെ പേരില്‍, ഉത്തരേന്ത്യാ ദക്ഷിണേന്ത്യാഎന്ന പേരില്‍ വിഭാഗീയത രാജ്യത്ത് പ്രകടമാണ്. ന്യൂനപക്ഷ പിന്നോക്കക്കാര്‍, മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരെല്ലാം ഇന്നും അധികാര സ്ഥാനങ്ങളില്‍ നിന്ന് അകലത്തിലാണ്. ഇത് നമ്മുടെ ഭരണഘടനയുടെ അന്തസത്തക്കെതിരാണ്. രാജ്യത്തെ പൊതുമേഖലാസ്ഥാപനങ്ങള്‍ മോദി കോര്‍പറേറ്റുകള്‍ക്ക് വില്‍ക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.30ലക്ഷം ഒഴിവുകളാണ് കേന്ദ്രസര്‍ക്കാരിലുള്ളത്. അത് നികത്താനും തൊഴിലില്ലായ്മ പരിഹരിക്കാനും നടപടികളുണ്ടാവുന്നില്ല. തൊഴില്‍ തേടി അമേരിക്കയിലെത്തിയവരെ ചങ്ങലക്കിട്ട് ട്രംപ് നാട്കടത്തിയപ്പോഴും ഇറക്കുമതി തീരുവകൂട്ടി ഇന്ത്യയെ പിറകോട്ടടിപ്പിക്കാന്‍ ട്രംപ് ശ്രമിക്കുമ്പോഴും ശക്തമായ നിലപാടെടുക്കാന്‍ പ്രധാനമന്ത്രി തയാറാകാത്തതും വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. രാജ്യത്തെ ബാങ്കുകളെ കൊള്ളയടിച്ച് രാജ്യംവിട്ട് മറുനാട്ടില്‍ സുഖവാസം നടത്തുന്നവരെ തിരിച്ചുകൊണ്ടുവരാനാകുന്നില്ല.രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ എല്‍ ഐസിയും സ്വകാര്യവല്‍ക്കരണ ഭീഷണിയിലാണ്. ബഹുസ്വരദേശീയതയാണ് തങ്ങളുടെ മുദ്രാവാക്യമെന്ന് കോണ്‍ഗ്രസ് പറയുമ്പോള്‍ ഭാരത ജനതപ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. മുസ്ലിംകളെയും ക്രിസ്ത്യാനികളെയും ഭിന്നിപ്പിക്കാനും, ക്രൈസ്തവരുടെ സ്വത്തിന്റെ കണക്കുകള്‍ പ്രസിദ്ധീകരിച്ച് ഭീഷണിസ്വരം പ്രകടിപ്പിക്കുന്നതും നാം കുറച്ചുകാണരുത്. ചൈനലഡാക്കില്‍ ചതുരശ്രകിലോമീറ്റര്‍ കണക്കിനാണ് നമ്മുടെ ഭൂമികൈയേറിയിട്ടുള്ളത്. അത് തിരിച്ച് പിടിച്ച് 2020 ഏപ്രിലിന് മുന്‍പുള്ള സ്ഥിതിയിലേക്കെത്തിക്കാനും മോദിസര്‍ക്കാരിനായിട്ടില്ലെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തുന്നു. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്വത്തില്‍ നിന്ന് അതിശക്തമായ പോരാട്ടത്തിലൂടെയാണ് നാം സ്വാതന്ത്രത്തിന്റെ പൊന്‍പുലരി ആസ്വദിച്ചത്. രാഷ്ട്രശില്‍പികള്‍ എല്ലാവരും സുഖമായി കഴിയുന്ന ഒരു ഭാരതത്തെയാണ് വിഭാവനം ചെയ്തത്.
സ്വതന്ത്ര ഇന്ത്യകണ്ട ഏറ്റവും വലിയ വംശീയ ലഹളയും ഗുജറാത്തിലുണ്ടായി എന്നത് ദുഖകരമാണ്. രാഷ്ട്രീയ എതിരാളികളെ കേന്ദ്ര സര്‍ക്കാരിന്റെ അന്വേഷണ ഏജന്‍സികളായ ആദായനികുതി വകുപ്പ്, സിബിഐ, ഇഡി എന്നിവയെ ഉപയോഗിച്ച് വേട്ടയാടുന്നതും ജുഡീഷ്യറിയെപ്പോലും വേട്ടയാടുന്നതും. ജനാധിപത്യത്തിന് ഭൂഷണമല്ല. 15 ലക്ഷത്തോളം സമ്പന്നരായ ഇന്ത്യക്കാരാണ് അരക്ഷതാവസ്ഥ ചൂണ്ടിക്കാട്ടി രാജ്യത്തുനിന്ന് മറ്റ് രാജ്യങ്ങളിലേക്ക് താമസം മാറ്റിയതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറയുന്നു. മാധ്യമസ്വാതന്ത്രത്തിന്റെ കാര്യത്തിലും ഇന്ത്യയുടെ അവസ്ഥ പരിതാപകരമാണ്. ഭാരതം എല്ലാവരുടെതുമാണ്. ഇന്നീകാണുന്ന ഇന്ത്യയുടെ ഉയര്‍ച്ചയില്‍ ഓരോ ഭാരതീയന്റെയും വിയര്‍പ്പും അധ്വാനവുമാണ്. അത് ഒരു ഭരണകൂടവും മറന്നുപോകരുത്. കോണ്‍ഗ്രസായാലും ബിജെപിയായാലും ഇക്കാര്യത്തില്‍ ചുവട്പിഴക്കരുത്.ജാതിയും മതിവുമെല്ലാം വ്യക്തികളുടെ വിശ്വാസം മാത്രമാണ്. അത് സാമൂഹിക മണ്ഡലത്തില്‍ അടിച്ചേല്‍പിക്കാന്‍ ശ്രമിച്ചാല്‍ വലിയ വില നല്‍കേണ്ടിവരും. ബഹുസ്വരതയാണ് ഇന്ത്യയുടെ മുഖമുദ്ര. ലോകത്ത് ഇന്ത്യയുടെ വൈവിധ്യം തന്നെയാണ് ശ്രദ്ധേയം. കോണ്‍ഗ്രസ് ബഹുസ്വരതയുടെ സന്ദേശവാഹകരാകുമ്പോള്‍ എഐസി സമ്മേളനം ജനമനസുകളില്‍ ഇടം നേടും.