കോല്‍ക്കളി സെമിനാറും ഗുരു സംഗമവും ശ്രദ്ധേയമായി

കോല്‍ക്കളി സെമിനാറും ഗുരു സംഗമവും ശ്രദ്ധേയമായി

കോല്‍ക്കളി സെമിനാറും ഗുരു സംഗമവും ശ്രദ്ധേയമായി

മലപ്പുറം: കോല്‍ക്കളിയെ കൂടുതല്‍ ജനകീയമാക്കാനുള്ള ലക്ഷ്യത്തോടെ നാഷണല്‍ കോല്‍ക്കളി അക്കാദമിയുടെ ആഭിമുഖ്യത്തില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ സംഘടിപ്പിച്ച സെമിനാറും ഗുരു സംഗമവും ശ്രദ്ധേയമായി. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തിയ കോല്‍ക്കളി കലാകാരന്മാര്‍ സംഗമിച്ച ഈ ചടങ്ങില്‍, പൈതൃക കലയുടെ ആധുനിക സാധ്യതകളെക്കുറിച്ചും കലാരൂപത്തെ കൂടുതല്‍ ജനകീയമാക്കുന്നതിനുള്ള മാര്‍ഗങ്ങളെക്കുറിച്ചും ചര്‍ച്ച നടന്നു.

സി. എച്ച്. മുഹമ്മദ് കോയ ചെയര്‍ ഹാളില്‍ നടന്ന പരിപാടി കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ ഫോക്ലോര്‍ വിഭാഗത്തിന്റെ മുന്‍ തലവന്‍ ഡോ. കോവിന്ദ വര്‍മ്മ രാജ ഉദ്ഘാടനം ചെയ്തു. മനുഷ്യരില്‍ ഒരുമയുടെയും സാഹോദര്യത്തിന്റെയും സന്ദേശം പകരുന്ന കോല്‍ക്കളി, എല്‍.പി., യു.പി. സ്‌കൂള്‍ തലം തൊട്ട് തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കുന്നത് പുതിയ തലമുറയുടെ നന്മക്ക് ഉപകരിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഡോ. ഷഹദ് ബിന്‍ അലി അധ്യക്ഷനായിരുന്നു. മഹാകവി മോയിന്‍കുട്ടി വൈദ്യര്‍, മാപ്പിള കലാ അക്കാദമി സെക്രട്ടറി ബഷീര്‍ ചുങ്കത്തറ എന്നിവര്‍ അതിഥികളായി പങ്കെടുത്തു.ആധുനിക കാലത്ത് കോല്‍ക്കളി എങ്ങനെ പുതുമയോടെ മുന്നോട്ട് കൊണ്ടുപോകാം എന്നതിനായുള്ള നടപടികള്‍ക്കും സാധ്യതകള്‍ക്കും ശ്രദ്ധേയമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അവതരിപ്പിച്ച സെമിനാറില്‍ നൂറുല്‍ ഹസ്സന്‍, ഗോവിന്ദ വര്‍മ്മ രാജ, അബ്ദുറഹ്‌മാന്‍ കൊടുവള്ളി, അബ്ദുള്ള മാളിയേക്കല്‍ തുടങ്ങിയവര്‍ വിഷയാവതരണം നടത്തി. പരിപാടിയുടെ ഭാഗമായി കോല്‍ക്കളിയിലെ മുതിര്‍ന്ന ഗുരുക്കന്മാരായ കോയ ഗുരുക്കള്‍, ഖാലിദ് ഗുരുക്കള്‍, ബഷീര്‍ ഗുരുക്കള്‍, മജീദ് ഗുരുക്കള്‍ പരപ്പനങ്ങാടി തുടങ്ങിയവരൊയും യുവ കലാകാരന്മാരായ ഹനീഫ ഗുരുക്കള്‍,അസീസ് മണമ്മല്‍,സിയാദ് എറണാകുളം, റബിന്‍ വടകര, ജലീല്‍ കൊയിലാണ്ടി എന്നിവരെ ആദരിച്ചു. കൂടാതെ, കേരള സര്‍ക്കാര്‍ ഫെലോഷിപ്പ് നേടിയ കലാകാരന്മാരെയും ചടങ്ങില്‍ അനുമോദിക്കുകയും ചെയ്തു.

ഉച്ചക്ക് ശേഷം നടന്ന സമാപന സെഷന്‍ മാപ്പിളപ്പാട്ട് ഗവേഷകന്‍ ഫൈസല്‍ എളെറ്റില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കേരള ഫോക്ലോര്‍ അക്കാദമിയുടെ വൈസ് ചെയര്‍മാന്‍ ഡോ. കോയ കാപ്പാട് അതിഥിയായി പങ്കെടുത്ത ഈ ചടങ്ങില്‍ അബ്ദുള്ള മാളിയേക്കല്‍ അധ്യക്ഷനായിരുന്നു. നാഷണല്‍ കോല്‍ക്കളി അക്കാദമിയുടെ ഫൗണ്ടറും ഡയറക്ടറുമായ യാസിര്‍ കുരിക്കല്‍ അക്കാദമിയുടെ ലക്ഷ്യങ്ങളും പ്രവര്‍ത്തനങ്ങളും വിശദീകരിച്ചു. കോല്‍ക്കളിയുടെ പരമ്പരാഗത മൂല്യങ്ങള്‍ സംരക്ഷിക്കുകയും ആധുനിക ലോകത്തില്‍ അതിന്റെ പ്രസക്തി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നതിനുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.  മൊയ്തീന്‍ കോയ ഗുരുക്കള്‍ ,ജാസിം കടുവപള്ളി, ഖാദര്‍ പാലാഴി, മുസ്തഫ മുഹമ്മദ്, സയ്യിദ് ഹാസിം ശിഹാബ് തങ്ങള്‍, സുലൈമാന്‍ മണ്ണാറത്ത്, ഡോ. കോയമ്മ കോയ, സി. ഇ. ചാക്കുണ്ണി, അഷ്‌റഫ് തങ്ങള്‍, അഫ്‌സല്‍ ,അസീസ് മണമ്മല്‍, സാദിഖ് മാത്തോട്ടം തുടങ്ങിയവര്‍ സംസാരിച്ചു. ഇശല്‍ കൊയിലാണ്ടിയുടെ കലാകാരന്മാര്‍ അവതരിപ്പിച്ച മുട്ടിപ്പാട്ട് പരിപാടി കൂടുതല്‍ നവ്യാനുഭവമാക്കി.

Share

Leave a Reply

Your email address will not be published. Required fields are marked *