കോഴിക്കോട്: സഊദി കെ.എം.സി.സി നാഷണല്‍ കമ്മിറ്റി ഏര്‍പ്പെടുത്തിയ എഞ്ചിനീയര്‍ ഹാഷിം ഈ വര്‍ഷത്തെ പുരസ്‌കാരം മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.കെ.കെ ബാവക്ക്. മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി, പഞ്ചായത്ത് – സാമുഹിക ക്ഷേമ വകുപ്പ് മന്ത്രി, മുസ്ലിംലീഗ് നിയമസഭാകക്ഷി സെക്രട്ടറി, കെ.എസ്.ആര്‍.ടി.സി. ഉപദേശക കൗണ്‍സില്‍ അംഗം, ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ്, ഭാഷാ സമരകാലത്തെ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി പ്രസിഡന്റ്, മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ്, ദീര്‍ഘകാലം കോഴിക്കോട് ജില്ലാ പ്രസിഡന്റ് തുടങ്ങി മുസ്ലിംലീഗിലും പാര്‍ലിമെന്ററി രംഗത്തും വിവിധ പദവികള്‍ അലങ്കരിച്ച നേതാവാണ് പി.കെ.കെ ബാവ. മത, സാമൂഹിക, രാഷ്ട്രീയ മേഖലകളില്‍ അദ്ദേഹം നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് അവാര്‍ഡ് സമ്മാനിക്കുന്നത്.
എഞ്ചിനീയര്‍ ഹാഷിം സൗദി കെ.എം.സി.സിക്ക് വലിയ സംഭാവനകള്‍ അര്‍പ്പിച്ച പ്രവാസി പൊതുപ്രവര്‍ത്തകനായിരുന്നു. സൗദി കെ.എം.സി.സി നാഷണല്‍ കമ്മിറ്റി ട്രഷറര്‍ ആയിരിക്കെ 2018ലാണ് അദ്ദേഹം വിടപറയുന്നത്. 25 വര്‍ഷക്കാലം ഈസ്റ്റേണ്‍ പ്രൊവിന്‍സ് കെ.എം.സി.സി അധ്യക്ഷനായിരുന്നു.
ഇ ടി മുഹമ്മദ് ബഷീര്‍ എം.പി, പി എം എ സലാം, കെ പി എ മജീദ് എം.എല്‍.എ, ഡോ. എം.കെ മുനീര്‍ എം.എല്‍.എ, എം സി മായിന്‍ ഹാജി എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് ജേതാവിനെ നിശ്ചയിച്ചത്. എം ഐ തങ്ങള്‍, എം സി വടകര, പ്രൊഫ. കെ.എം ഖാദര്‍ മൊയ്തീന്‍, സി പി സൈതലവി, ഇ സാദിഖലി എന്നിവര്‍ക്കാണ് ഇതിന് മുമ്പ് ഹാഷിം എഞ്ചിനീയറുടെ നാമഥേയത്തിലുള്ള അവാര്‍ഡുകള്‍ നല്‍കിയത്.
എഞ്ചിനീയര്‍ ഹാഷിം പുരസ്‌കാരം പി.കെ.കെ ബാവക്ക്