തിരുവനന്തപുരം: പാതിവിലത്തട്ടിപ്പ് കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. വിവിധ സ്റ്റേഷനുകളില്‍ തട്ടിപ്പു സംബന്ധിച്ചു റജിസ്റ്റര്‍ ചെയ്ത 34 കേസുകളുടെ അന്വേഷണമാണു സംസ്ഥാന പൊലീസ് മേധാവി എസ്.ദര്‍വേഷ് സാഹിബ് ക്രൈംബ്രാഞ്ചിനു കൈമാറിയത്. ക്രൈംബ്രാഞ്ച് എഡിജിപിയുടെ നേതൃത്വത്തിലാകും അന്വേഷണം. നിലവില്‍ കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം, കണ്ണൂര്‍ ജില്ലകളിലാണു കേസുകള്‍. ആകെ 37 കോടിയുടെ തട്ടിപ്പ് നടന്നെന്നാണ് ഉത്തരവില്‍ പറയുന്നത്.
ഇതുമായി ബന്ധപ്പെട്ട് നിരവധി കേസുകള്‍ വരുന്നതിനാലാണ് കേസുകളെല്ലാം ക്രൈബ്രാഞ്ച് അന്വേഷിക്കുന്നത്. തട്ടിപ്പിനു കളമൊരുക്കിയ എന്‍ജിഒ കോണ്‍ഫെഡറേഷന്‍ രൂപീകരിച്ചതു സായി ഗ്ലോബല്‍ ട്രസ്റ്റ് ചെയര്മാന് കെ.എന്‍.ആനന്ദ കുമാറിന്റെ നിര്‍ദേശപ്രകാരമാണെന്നാണ് അനന്തു പറയുന്നത്.
രാഷ്ട്രീയ നേതാക്കള്‍ക്കു വന്‍തുക നല്‍കിയെന്നും ഇവരുടെ പേരുകള്‍ പുറത്തുവിടുമെന്നും കേസിലെ മുഖ്യ പ്രതി അനന്തു കൃഷ്ണന് കഴിഞ്ഞദിവസം തെളിവെടുപ്പിനിടെ പറഞ്ഞിരുന്നു.
ആനന്ദ കുമാറിനു താന്‍ പണം നല്‍കിയെന്നും അദ്ദേഹം പറഞ്ഞിട്ടാണു ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എന്‍.രാധാകൃഷ്ണനെ കണ്ടതെന്നും അനന്തു പറഞ്ഞു. പൊന്നുരുന്നി എന്‍ജിഒ കോണ്‍ഫെഡറേഷന്‍ ഓഫിസിലും അനന്തു താമസിച്ചിരുന്ന കലൂരിലെ വില്ലയിലും പനമ്പിള്ളി നഗറിലെ ബീ വെന്‍ച്വര്‍സ് ഓഫിസിലും ഹൈക്കോടതിക്കു സമീപത്തെ അശോക ഫ്ലാറ്റിലും അനന്തുവുമായി പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു.