ബീരേന്‍സിംഗ് മുഖ്യ മന്ത്രി പദത്തില്‍ നിന്ന് പടിയിറങ്ങുമ്പോള്‍ (എഡിറ്റോറിയല്‍)

ബീരേന്‍സിംഗ് മുഖ്യ മന്ത്രി പദത്തില്‍ നിന്ന് പടിയിറങ്ങുമ്പോള്‍ (എഡിറ്റോറിയല്‍)

മണിപ്പൂര്‍ മുഖ്യമന്ത്രി പദത്തില്‍ നിന്ന് ബീരേന്‍സിംഗിന്റെ രാജി ഗത്യന്തരമില്ലാതെ. നിയമസഭയില്‍ കോണ്‍ഗ്രസ്സ് അവിശ്വാസ പ്രമേയം അവതരിപ്പിക്കാനിരിക്കെയാണ് ബീരേന്‍സിംഗ് രാജി വെക്കുന്നത്. 2023 മെയ് മുതല്‍ മണിപ്പൂരിലുണ്ടായ വംശീയ കലാപം തടയുന്നതില്‍ പരാജയപ്പെട്ട മുഖ്യമന്ത്രി ബീരേന്‍സിംഗിന്റെ രാജിക്കായി ഭരണപക്ഷത്ത് നിന്നും, പ്രതിപക്ഷത്തു നിന്നും വലിയ സമ്മര്‍ദ്ദമാണുണ്ടായിരുന്നത്. 10 കുക്കി എം.എല്‍.എ മാര്‍ മുഖ്യമന്ത്രിയെ മാറ്റണമെന്നാവശ്യപ്പെടുകയും ഇതിനെ ബിജെപിയിലെ കേന്ദ്ര നേതാക്കളും പിന്തുണച്ചതോടെയാണ് ബീരേന്‍സിംഗ് ബിജെപി കേന്ദ്ര നേതൃത്വവുമായി ബന്ധപ്പെടുകയും , സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ രാജിവെക്കേണ്ടി വരികയും ചെയ്തത്.

കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം ചര്‍ച്ച ചെയ്യാനായി ഫെബ്രുവരി എട്ടിനു ചേര്‍ന്ന യോഗത്തില്‍ 16 എം.എല്‍.എമാരാണ് വിട്ടു നിന്നത്. ഇതോടെ ബീരേന്‍ സിംഗിന്റെ പിന്തുണ 21 ആയി കുറഞ്ഞു. പാര്‍ട്ടി വിപ്പ് ലംഘിച്ച് എം.എല്‍.എമാര്‍ അവിശ്വാസത്തെ പുന്തുണയ്ക്കുമോ എന്ന ഭയവും രാജിക്ക് പിന്നിലുണ്ട്. മണിപ്പൂര്‍ കത്തിക്കൊണ്ടിരിക്കുന്ന കാലത്തും ബീരേന്‍സിംഗിന്റെ രാജിയാവശ്യം രാജ്യമാകെ ഉയര്‍ന്നിട്ടും അതൊന്നും ചെവികൊള്ളാതിരുന്ന മുഖ്യമന്ത്രി ബീരേന്‍സിംഗിനും, ബിജെപി കേന്ദ്ര നേതത്വവും ഫലത്തില്‍ രാജി സമ്മര്‍ദ്ദത്തിനു കീഴടങ്ങേണ്ടി വന്നിരിക്കുകയാണ്. ബിജെപിയുടെ മണിപ്പൂരിലെ ആദ്യ മുഖ്യമന്ത്രിയാണ് ബീരേന്‍സിംഗ്. കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ച അദ്ദേഹം മുന്‍പ് സംസ്ഥാനത്ത് മന്ത്രി പദവി അലങ്കരിച്ചിട്ടുണ്ട്.

2023 മെയ് 3ന് മെയ്‌തെയ്കളും, കുക്കികളും തമ്മില്‍ വംശീയ കലാപമാരംഭിച്ചു. മണിപ്പൂര്‍ കലാപത്തില്‍ ബീരേന്‍സിംഗ് പങ്കാളിയാണെന്ന് കുക്കി സംഘടനകള്‍ ആരോപിച്ചിരുന്നു. ബീരേന്‍സിംഗിന്റെ രാജി കുക്കി എം.എല്‍എമാര്‍ മാത്രമല്ല, മെയ്‌തെയ് വിഭാഗത്തില്‍പ്പെട്ട 20ഓളം എം.എല്‍.എമാരും ആവശ്യപ്പെട്ടിരുന്നു. മണിപ്പൂരിലെ ഭൂരിപക്ഷ വിഭാഗമായ മെയ്‌തെയ്കളെ പട്ടിക വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്ന ഹൈക്കോടതി വിധിക്ക് പിന്നാലെയാണ് ഇവിടെ കലാപമാരംഭിച്ചത്. കുട്ടികള്‍ സ്ത്രീകള്‍ ഉള്‍പ്പെടെ 250ലധികം പേര്‍ കൊല്ലപ്പെട്ടെന്നാണ് ഔദ്യോഗിക കണക്ക്. ആരാധനാലയങ്ങള്‍, വീടുകള്‍ നശിപ്പിക്കപ്പെട്ടു.60,000ലധികം പേര്‍ വീടും നാടും വിട്ട് ഓടിപ്പോകേണ്ടി വന്നു. ഈ സംഘര്‍ഷ ഭൂമിയില്‍ മെയ്‌തെയ് വിഭാഗത്തിന് ഏകപക്ഷീയമായി പിന്തുണ നല്‍കിയ മുഖ്യമന്ത്രിയായാണ് ബീരേന്‍സിംഗ് നിലകൊണ്ടത്. രക്തരൂക്ഷിതമായ കലാപം നടന്ന മണിപ്പൂര്‍ സന്ദര്‍ശിക്കാന്‍ പോലും പ്രധാനമന്ത്രി നരേന്ദ്ര മോദി തയ്യാറായില്ല.

സുപ്രീം കോടതിയടക്കം മണിപ്പൂരില്‍ സമ്പൂര്‍ണ്ണ പരാജയമാണെന്ന് പറഞ്ഞിട്ടും, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും, ആഭ്യന്തര മന്ത്രി അമിത്ഷായുടെയും പിന്‍ബലത്തില്‍ മുഖ്യമന്ത്രി പദത്തില്‍ തുടരുകയായിരുന്നു ബീരേന്‍സിംഗ്. മണിപ്പൂര്‍ കലാപ കാലത്ത് രാജി നാടകം കളിച്ചും ബീരേന്‍സിംഗ് വാര്‍ത്ത സഷ്ടിച്ചു. മുഖ്യമന്ത്രി പദം രാജിവെക്കുകയാണെന്ന് മാധ്യമങ്ങളെ അറിയിച്ച അദ്ദേഹം, വീടിനു പുറത്തിറങ്ങിയപ്പോള്‍ സ്ത്രീകളടക്കം ആയിരങ്ങള്‍ അദ്ദേഹത്തെ രാജിവെക്കരുതെന്നാവശ്യപ്പെട്ട് പിന്തിരിപ്പിക്കുന്നതും അരങ്ങേറി. മണിപ്പൂരില്‍ നിരോധിച്ച രണ്ട് മെയ്തി സംഘടനകളെയടക്കം പൊലീസിനെ സഹായിക്കാന്‍ ബീരേന്‍സിംഗ് ഉപയോഗിച്ചെന്ന ആരോപണവും നേരിടേണ്ടി വന്നു. 2024 സെപ്തംബറില്‍ മണിപ്പൂരില്‍ തുടര്‍ ആക്രമണം നടന്നപ്പോള്‍ പൂതുവര്‍ഷ തലേന്ന് ബീരേന്‍സിംഗ് ജനങ്ങളോട് മാപ്പ് പറയുകയുണ്ടായി.

സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷം രാജ്യ ചരിത്രത്തില്‍ ഇത്രയും വലിയ ഒരു വംശീയ കലാപമുണ്ടായിട്ടില്ല. അത് നടന്നത് കേന്ദ്രവും മണിപ്പൂരും ബിജെപി ഭരിച്ചപ്പോഴായിരുന്നെന്നത് മറ്റൊരു ചരിത്രമായി മാറും. ഗുജറാത്തില്‍ നരേന്ദ്ര മോദിയുടെ ഭരണ കാലത്തും സമാനമായ വംശീയ കലാപം നടന്നിരുന്നു. അന്ന് പരമോന്നത നീതിപീഠമായ സുപ്രീം കോടതി പറഞ്ഞത് ബെസ്റ്റ് ബേക്കറിയും, നിഷ്‌കളങ്കരായ കുഞ്ഞുങ്ങളും നിസ്സഹായരായ സ്ത്രീകളും കത്തിയെരിയുമ്പോള്‍ അഭിനവ നീറോമാര്‍ മറ്റെവിടെയോ നോക്കുകയായിരുന്നു. കുറ്റവാളികളെ രക്ഷിക്കുകയോ, സംരക്ഷിക്കുകയോ വേണ്ടതെങ്ങനെയെന്ന് ആലോചിക്കുകയായിരിക്കാം. നെറിയില്ലാത്തവരുടെ കൈകളില്‍ നീതിയും നിയമവും ഈച്ചകളായി മാറുന്നു എന്നാണ്. ജനങ്ങളെ ജാതിയുടെയും മതത്തിന്റെയും പേരില്‍ ഭിന്നിപ്പിക്കുന്നവരുടെ കാലത്ത് മണിപ്പൂരുകള്‍ ആവര്‍ത്തിച്ചാല്‍ അത്ഭുതപ്പെടേണ്ടതില്ല.

 

 

ബീരേന്‍സിംഗ് മുഖ്യ മന്ത്രി പദത്തില്‍ നിന്ന് പടിയിറങ്ങുമ്പോള്‍ (എഡിറ്റോറിയല്‍)

Share

Leave a Reply

Your email address will not be published. Required fields are marked *