കടയ്ക്കാവൂര്‍
പ്രേമ ചന്ദ്രന്‍ നായര്‍
തന്റെ ദേവനും ദേവിയും എന്‍.എസ്.എസ് ആണെന്ന് വിശ്വസിച്ചിരുന്ന സമുദായാചാര്യന്‍
1970 ഫെബ്രുവരി 25ന് 93-ാം വയസ്സില്‍ ആണ് കഥാവശേഷനായത്. ഗാന്ധിജിയുടെ അന്ത്യ
യാത്രക്ക് ശേഷം രാജ്യം കണ്ട ഏറ്റവും വലിയ വിലാപ യാത്രകളിലൊന്നായിരുന്നു മന്നത്തി
ന്റേത്. ശിവഗിരിയില്‍വെച്ച് ശ്രീനാരായണ ഗുരു സവര്‍ണ്ണ ജാഥയെ അനുഗ്രഹിച്ചു. അവര്‍ണ്ണ
രുടെ സഞ്ചാര സ്വാതന്ത്ര്യത്തിന് വേണ്ടി സവര്‍ണ്ണര്‍ നടത്തുന്ന ഈ സേവനം അഭിനന്ദനീയവും
അത്ഭുതകരവുമാണ് എന്ന് ഗുരു അഭിപ്രായപ്പെട്ടു.
* MANNATH PADMANABHAN THE PEERLESS LEADER OF THE COMMUNITY
* THE IMMORTAL FOUNDER OF THE NAIR SERVICE SOCIETY
സഹസ്രാബ്ദത്തിന്റെ പഴക്കവും പ്രാധാന്യവുമുള്ള കോട്ടയം ജില്ലയിലെ മനോഹരമായ ഒരു ഭൂപ്രദേശമാണ് ചങ്ങനാശ്ശേരി എന്നറിയപ്പെടുന്ന സ്ഥലം. ചങ്ങനാശ്ശേരിയിലെ പെരുന്നയില്‍ 1878 ജനുവരി 2-ാം തീയതി മൂലം നക്ഷത്രത്തില്‍ മന്നത്ത് പത്മനാഭന്‍ ജനിച്ചു. അമ്മ പാര്‍വ്വതി അമ്മ. വാകത്താനത്ത് നീല മന ഇല്ലത്തെ ഈശ്വരന്‍ നമ്പൂതിരി എന്ന മലയാള ബ്രാഹ്‌മണനായിരുന്നു പാര്‍വ്വതി അമ്മയുടെ ജീവിത പങ്കാളി. മന്നത്തിന്റെ അച്ഛന്‍ ഒരു ബ്രാഹ്‌മണനായിരുന്നു. പിന്നീട് പാര്‍വ്വതി അമ്മയെ കളത്തില്‍ വേലുപ്പിള്ള എന്നയാള്‍ രണ്ടാമതായി വിവാഹം കഴിച്ചു. അതില്‍ നാല് മക്കളുണ്ടായിരുന്നു. അങ്ങനെ മന്നത്ത് പത്മനാഭപ്പിള്ളയുടെ അനുജന്മാരായി അറിയപ്പെടുന്നത് കൃഷ്ണപ്പിള്ള, പരമേശ്വരന്‍പിള്ള, മാധവന്‍ പിള്ള, നാരായണന്‍പിള്ള എന്നിവരായിരുന്നു.
തോട്ടയ്ക്കാട് മാധവിയമ്മയാണ് മന്നത്തിന്റെ സഹധര്‍മ്മിണി. 15-05-1932ലായിരുന്നു ഇവരുടെ വിവാഹം. ഇവര്‍ക്ക് സന്താനമായി ഒരു മകന്‍ ജനിച്ചു. മന്നത്തിന്റെ ചെറുമകന്‍ ഡോ.ബാലചന്ദ്രന്‍.
മന്നത്ത് പത്മനാഭന്റെ സുദീര്‍ഘവും കര്‍മ്മനിരതവുമായ ജീവിതത്തിന്റെ മുക്കാല്‍ പങ്കും സമുദായത്തിന് വേണ്ടി സമര്‍പ്പിക്കപ്പെട്ടിരുന്നു. വൈക്കം സത്യാഗ്രഹം, സ്‌റ്റേറ്റ് കോണ്‍ഗ്രസ് പ്രക്ഷോഭം, വിമോചന സമരം എന്നിവയ്‌ക്കെല്ലാം നേതൃത്വം വഹിച്ചു. ചങ്ങനാശ്ശേരിയിലെ സ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം സ്‌കോളര്‍ഷിപ്പോടെ തിരുവനന്തപുരം ട്രെയിനിംഗ് കോളേജില്‍ ചേര്‍ന്നു. പിന്നീട് 16-ാം വയസ്സില്‍ 5 രൂപ ശമ്പളത്തില്‍ കാഞ്ഞിരപ്പള്ളി സര്‍ക്കാര്‍ സ്‌കൂളില്‍ – പ്രവര്‍ത്തി പള്ളിക്കൂടത്തില്‍ രണ്ടാം അധ്യാപകനായി നിയമനം ലഭിച്ചു. 14-11-1947ല്‍ മാതാവ് അന്തരിച്ചു. മാരണത്ത് കാവ് മന്നത്തിന്റെ പരദേവതാ ക്ഷേത്രമായിരുന്നു. കുറച്ചു നാള്‍ വക്കീലായി പ്രാക്ടീസ് ചെയ്തു. ചങ്ങനാശ്ശേരിയില്‍ അദ്ദേഹം വക്കീല്‍പണിക്ക് പൂര്‍ണ്ണ വിരാമം ഇട്ടുകൊണ്ട്, താനിനി സൊസൈറ്റി പ്രവര്‍ത്തനങ്ങളില്‍ മാത്രമായിരിക്കുമെന്ന് പ്രഖ്യാപിച്ച് പ്രവര്‍ത്തനം ആരംഭിച്ചു. അധ്യാപകന്‍, അഭിഭാഷകന്‍ എന്നീ പദവികളില്‍ സാമൂഹിക ജീവിതം ആരംഭിക്കുകയും സാമൂഹിക പരിഷ്‌ക്കരണ പ്രവര്‍ത്തനങ്ങളില്‍ സജീവസാന്നിധ്യമായി നിറയുകയും ചെയ്ത കര്‍മ്മയോഗിയാണ് മന്നത്ത് പത്മനാഭന്‍. ലോക പ്രസിദ്ധമായ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി സന്ദര്‍ശിക്കാനുള്ള അവസരവും അദ്ദേഹത്തിന് ലബ്ധമായി. ഡോലന്‍ കോളേജില്‍ വെച്ച് ഹൃദ്യമായ സ്വീകരണവും ലഭിച്ചു. സ്വീകരണത്തിന് നന്ദി പ്രകാശിപ്പിച്ചുകൊണ്ട് ശുദ്ധമായ നാടന്‍ മലയാളത്തില്‍ മന്നം പ്രസംഗിച്ചു.
എന്‍.എസ്.എസ് ന്റെ ആദ്യത്തെ വിദ്യാഭ്യാസ സ്ഥാപനം ചങ്ങനാശ്ശേരിക്കടുത്ത് കറുകച്ചാലിലെ ഒരു സ്‌കൂളായിരുന്നു. അതിന്റെ പണി പൂര്‍ത്തിയാക്കാന്‍ താന്‍ അനുഭവിച്ച കഷ്ടതകളെക്കുറിച്ച് സംഘടനയുടെ അന്നത്തെ ജന.സെക്രട്ടറി മന്നത്ത് പത്മനാഭന്‍ ‘എന്റെ ജീവിത സ്മരണകള്‍’ എന്ന ആത്മകഥയില്‍ സ്വയം എഴുതി.
മന്നത്ത് പത്മനാഭന്റെ നേതൃത്വത്തിലുള്ള എന്‍.എസ്.എസ് വൈക്കം സത്യാഗ്രഹത്തിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു. വൈക്കത്തെ ഈ പ്രശ്‌നത്തില്‍ മഹാത്മാഗാന്ധി തന്നെ ഇടപെട്ടു. അദ്ദേഹത്തിന്റെ നിര്‍ദ്ദേശ പ്രകാരം വൈക്കത്ത് നിന്ന് തിരുവനന്തപുരത്തേക്ക് ഒരു സവര്‍ണ്ണ ജാഥ ആസൂത്രണം ചെയ്തു. മന്നത്ത് പത്മനാഭനായിരുന്നു സവര്‍ണ്ണ ജാഥയുടെ സര്‍വ്വ സൈന്യാധിപന്‍. ശ്രീനാരായണ ഗുരുദേവന്‍ ജാഥാംഗങ്ങളെയും സവര്‍ണ്ണ ജാഥയേയും അനുഗ്രഹിച്ചു. സമുദായാചാര്യന്റെ ശതാഭിഷേകവും എന്‍.എസ്.എസിന്റെ കനക ജൂബിലിയും 1964ല്‍ വിപുലമായാണ് ആഘോഷിച്ചത്. ആറ് പതിറ്റാണ്ട് നീണ്ട അര്‍ത്ഥ പൂര്‍ണ്ണമായ പൊതു പ്രവര്‍ത്തനത്തിനുള്ള അംഗീകാരമായി 1966 ലെ റിപ്പബ്ലിക് ദിനത്തില്‍ രാഷ്ട്രം അദ്ദേഹത്തിന് പത്മഭൂഷണ്‍ പുരസ്‌കാരം പ്രഖ്യാപിച്ചു.
1959ലെ വിമേചന സമരത്തിന് നേതൃത്വം നല്‍കിയിരുന്ന അദ്ദേഹം പ്രഥമ കമ്യൂണിസ്റ്റ് മന്ത്രിസഭയെ താഴെയിറക്കി. ഭാരത കേസരി എന്ന അപര നാമത്തില്‍ അദ്ദേഹം അറിയപ്പെട്ടിരുന്നു. 18-10-1968ല്‍ മന്നത്തിന്റെ സഹധര്‍മ്മിണി അന്തരിച്ചു.
എന്നാല്‍ എണ്‍പത്തിനാലിന്റെ പടിവാതിലില്‍ എത്തി നില്‍ക്കുമ്പോഴും മന്നം പൂര്‍ണ്ണ ആരോഗ്യവാനായിരുന്നു. വിമോചന സമരത്തിന്റെ പടനായകനെന്ന നിലയില്‍ നായന്മാരുടെ മാത്രമല്ല നാനാജാതി മതസ്ഥരായ ജനവിഭാഗങ്ങളുടെ സ്‌നേഹ ബഹുമാനാദരങ്ങള്‍ അദ്ദേഹത്തിന് പൂമഴ പെയ്തുകൊണ്ടിരുന്ന കാലമായിരുന്നു. മന്നം ഒരു സമുദായത്തിന്റെ മാത്രം നേതാവല്ല, മറിച്ച് കേരളത്തിന്റെ നേതാവാണെന്ന് വ്യക്തമാക്കുകയും ചെയ്തു. 5000-ത്തിലേറെ കരയോഗങ്ങളും 60-ല്‍പരം കരയോഗ യൂണിയനുകളുമുള്ള അതിവിപുലമായ ഒരു സംഘടനാ ശാഖയാണ് എന്‍.എസ്.എസ്.
പ്രഭാഷണ കലയുടെ തമ്പുരാനായിരുന്നു മന്നത്ത് പത്മനാഭന്‍. ഹാസ്യത്തിന്റെ മുനയുള്ള മര്‍മ്മഭേദിയായ പ്രയോഗങ്ങള്‍ അതില്‍ എമ്പാടുമുണ്ടാകും.
തന്റെ ദേവനും ദേവിയും നായര്‍ സൊസൈറ്റിയാണെന്ന് വിശ്വസിച്ചിരുന്ന സമുദായാചാര്യന്‍ 1970 ഫെബ്രുവരി 25ന് 93-ാം വയസ്സിലാണ് കഥാവശേഷനായത്. 1948-ല്‍ രാജ്ഘട്ടില്‍ നടന്ന മഹാത്മാഗാന്ധിയുടെ അന്ത്യ യാത്രക്ക് ശേഷം രാജ്യം കണ്ട ഏറ്റവും വലിയ വിലാപ യാത്രകളില്‍ ഒന്നായിരുന്നു മന്നത്തിന്റേത്. എല്ലാം സമുദായത്തിന് സമര്‍പ്പിച്ച ആ കര്‍മ്മ യോഗി ഉപയോഗിച്ചിരുന്ന ഊന്നുവടിയും, കണ്ണടയും, ചെരിപ്പും ചങ്ങനാശ്ശേരിയിലെ മന്നം മ്യൂസിയത്തില്‍ ഇന്നുമുണ്ട്. അവ മാത്രമായിരുന്നു ആ ചരിത്ര പുരുഷന്റെ സ്വകാര്യ സമ്പാദ്യവും.
സ്വര്‍ണ്ണ വര്‍ണ്ണത്തിലുള്ള കൊടിയില്‍ വാളും കലപ്പയുമാണ് എന്‍.എസ്.എസ് ന്റെ അടയാളം. വാള്‍ പട്ടാളത്തെയും കലപ്പ കൃഷിയെയും സൂചിപ്പിക്കുന്നു. നൂറ് വര്‍ഷം തികച്ച് പുതിയ ചക്രവാളങ്ങള്‍ തേടുന്ന നായര്‍ സര്‍വ്വീസ് സൊസൈറ്റിക്ക് അതിന്റെ ആചാര്യന്റെ ആത്മാവ് സ്വര്‍ഗ്ഗത്തിലിരുന്ന് ആശംസകള്‍ നേരുന്നുണ്ടാവും.
ആചാര്യനെന്ന് വിളിച്ച് ആരാധിക്കപ്പെടുന്ന മന്നത്ത് പത്മനാഭന്റെ വിയോഗ ശേഷം നാഷണല്‍ ഡമോക്രാറ്റിക് പാര്‍ട്ടി എന്ന ഒരു സംഘടന രൂപീകരിച്ചുകൊണ്ട് അന്ന് എന്‍.എസ്.എസ് സജീവ രാഷ്ട്രീയത്തില്‍ പ്രവേശിക്കുകയുണ്ടായി. എന്നാലിപ്പോള്‍ എന്‍.എസ്.എസ് സമദൂര സിദ്ധാന്തത്തിലുറച്ചു നിന്നുകൊണ്ട് പ്രവര്‍ത്തിക്കുന്നു. മന്നത്തിനു ശേഷം വന്ന കിടങ്ങൂര്‍ ഗോപാലകൃഷ്ണപ്പിള്ള സാമ്പത്തിക സംവരണത്തിന് വേണ്ടി അങ്ങേയറ്റം യത്‌നിച്ചു.
കേരളത്തിലെ ഒരു പ്രബല സമുദായത്തെ കൈപിടിച്ചുയര്‍ത്തി മുഖ്യധാരയിലേക്ക് കൊണ്ടുവന്ന ധീരനായ ഒരു കര്‍മ്മ യോഗിയായിരുന്നു ഭാരത കേസരി മന്നത്ത് പത്മനാഭന്‍.