ന്യൂഡല്‍ഹി: തലസ്ഥാനത്ത് 15 വര്‍ഷം പഴക്കമുളള വാഹനങ്ങള്‍ക്ക് ഇന്ധനം ലഭ്യമാക്കരുതെന്ന് പമ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കാനൊരുങ്ങുന്നു. വായു മലിനീകരണം കുറയ്ക്കുന്നതിനുള്ള നടപടികളെടുക്കാന്‍ രൂപീകരിച്ച പ്രത്യേക സമിതിയുടേതാണ് തീരുമാനം. കേന്ദ്രത്തിന്റെ അംഗീകാരവും കൂടി ലഭിച്ചാല്‍ നിയമം ഉടന്‍ നടപ്പാക്കും. ബിഎസ്-6ന് താഴെയുള്ള എന്‍ജിനുകളുള്ള വാണിജ്യ വാഹനങ്ങള്‍ ഡല്‍ഹിയിലേക്കു പ്രവേശിക്കുന്നത് നിരോധിക്കുന്നത് ഉള്‍പ്പെടെയുള്ള സമഗ്രമായ നിര്‍ദേശമാണു സമിതി തയാറാക്കിയിരിക്കുന്നത്. ആദ്യം ഡല്‍ഹിലാണ് പരിശോധന നടത്തുന്നത്. ക്രമേണ മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കും.
ഡീസല്‍ വാഹനങ്ങള്‍ക്ക് 10 വര്‍ഷവും പെട്രോള്‍ വാഹനങ്ങള്‍ക്ക് 15 വര്‍ഷവുമാണ് എന്‍ഡ്-ഓഫ്-ലൈഫ് ആയി കണക്കാക്കുന്നത്. നിതി ആയോഗ്, ഗതാഗത മന്ത്രാലയം, പെട്രോളിയം മന്ത്രാലയം, ഓട്ടമോട്ടീവ് റിസര്‍ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ (എഐര്‍എഐ), ഇന്റര്‍നാഷനല്‍ കൗണ്‍സില്‍ ഓണ്‍ ക്ലീന്‍ ട്രാന്‍സ്‌പോര്‍ട്ട്, കമ്മിഷന്‍ ഫോര്‍ എയര്‍ ക്വാളിറ്റി മാനേജ്‌മെന്റ് ഇന്‍ എന്‍സിആര്‍ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരാണു പ്രത്യേക സമിതിയിലുള്ളത്.
ഇന്ധനം നിറയ്ക്കാന്‍ പമ്പുകളിലെത്തുന്ന വാഹനങ്ങളുടെ നമ്പര്‍പ്ലേറ്റ് സ്‌കാന്‍ ചെയ്താണു വാഹനത്തിന്റെ പഴക്കം നിശ്ചയിക്കുന്നത്. അതിസുരക്ഷ നമ്പര്‍ പ്ലേറ്റുകള്‍ ഇല്ലെങ്കിലും വാഹനങ്ങളുടെ പഴക്കം കണ്ടെത്താന്‍ സഹായിക്കുന്ന ഓട്ടമാറ്റിക് നമ്പര്‍ പ്ലേറ്റ് റീഡറുകള്‍ (എഎന്‍പിആര്‍) എല്ലാ പമ്പുകള്‍ക്കും ലഭ്യമാക്കും. കേന്ദ്ര സര്‍ക്കാരിന്റെ വാഹന്‍ പോര്‍ട്ടലുമായി ബന്ധിപ്പിച്ചിട്ടുള്ള ഇവയില്‍ നമ്പര്‍ പ്ലേറ്റ് സ്‌കാന്‍ ചെയ്താല്‍ ഗ്രീന്‍, റെഡ് അടയാളം ലഭിക്കും. റെഡ് അടയാളം വരുന്ന വാഹനങ്ങള്‍ക്ക് പമ്പുകളില്‍ നിന്ന് ഇന്ധനം ലഭിക്കില്ല.
ആദ്യം ഡല്‍ഹിയിലും തുടര്‍ന്ന് എന്‍സിആര്‍ മേഖലയിലേക്കും എഎന്‍പിആര്‍ പരിശോധന വ്യാപിപ്പിക്കും. നിലവില്‍ ഡല്‍ഹിയിലുള്ള 600 പമ്പുകളില്‍ 200 എണ്ണത്തിലും എഎന്‍പിആര്‍ സംവിധാനം സജ്ജമാണെന്നും അധികൃതര്‍ പറഞ്ഞു. ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഹരിയാന തുടങ്ങിയ അയല്‍ സംസ്ഥാനങ്ങളിലും മാനദണ്ഡങ്ങള്‍ കര്‍ശനമായി നടപ്പിലാക്കാന്‍ സമിതി പദ്ധതിയിടുന്നുണ്ട്.