കടയ്ക്കാവൂര്‍ പ്രേമചന്ദ്രന്‍ നായര്‍
മലയാള കവിതയെ ധീരവും മധുരോദാരവുമാക്കി കാവ്യ രംഗത്ത് മുന്‍ നിരയില്‍ ശോഭിച്ചിരുന്ന സുഗതകുമാരി, കഷ്ടപ്പെടുന്നവര്‍ക്ക് ആശ്വാസമേകി നാടിന്റെ പുരോഗതിയും ജന നന്മയ്ക്കും വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച കവിയിത്രികൂടിയായിരുന്നു. പാതിരാപൂക്കള്‍, സ്വപ്‌നഭൂമി, രാത്രിമഴ, അമ്പലമണി, പ്രണാമം, പാവം മാനവ ഹൃദയം തുടങ്ങി രണ്ടു ഡസനിലേറെ കവിതാ സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അരനൂറ്റാണ്ടിലേറെ കാലമായി മലയാളിയുടെ ജീവിതത്തില്‍ നിറഞ്ഞു നിന്നിരുന്ന സരസ്വതി പ്രസാദമായിരുന്നു സുഗതകുമാരി. മലയാളഭാഷയ്ക്കുവേണ്ടിയുള്ള സമരവേദിയില്‍ നിറഞ്ഞു നില്‍ക്കുമ്പോഴായിരുന്നു അവരെത്തേടി ഇന്ത്യയിലെ പരമോന്നത കാവ്യ പുരസ്‌കാരമായ സരസ്വതി സമ്മാനം ലഭിച്ചത്. സുഗതകുമാരി ടീച്ചര്‍, കവി മാത്രമല്ല, കരുണയുടെയും സാന്ത്വനത്തിന്റെയുമൊക്കെ തൂവല്‍ സ്പര്‍ശമായിരുന്നു. സ്വപ്‌നവും ജാഗ്രതയും കൂടിച്ചേര്‍ന്നൊരുക്കിയതാണ് ടീച്ചറുടെ കാവ്യ ശില്‍പ്പം.
‘അഭയ’ യിലൂടെ സുഗതകുമാരി നല്‍കിയ സേവനം ആധുനിക കാല ഘട്ടത്തില്‍ അധികമാരിലുംദര്‍ശിക്കാനാവാത്തതായിരുന്നു. വിജ്ഞാനപ്രദങ്ങളായ പ്രബന്ധങ്ങളുടെ കര്‍ത്താവുകൂടിയായ ഡോ.കെ.വേലായുധന്‍പിള്ളയായിരുന്നു ഭര്‍ത്താവ്. ഏക മകള്‍ ലക്ഷ്മി നിരവധി കവിതകള്‍ രചിച്ചിട്ടുണ്ട്.
സ്വാതന്ത്ര്യ സമര സേനാനിയും കവിയുമായിരുന്ന ബോധേശ്വരന്റെയും, വി.കെ.കാര്‍ത്ത്യായനിയമ്മയുടെയും മകളായി 1934 ജനുവരി 3നായിരുന്നു സുഗതകുമാരിയുടെ ജനനം. തത്വശാസ്ത്രത്തില്‍ ബിരുദം നേടിയ സുഗതകുമാരി തിരുവനന്തപുരം ബാലഭവന്റെ പ്രിന്‍സപ്പലുമായിരുന്നു. പിന്നീട് തളിര് എന്ന മാസികയുടെ പത്രാധിപരായി. പരിസ്ഥിതി സംരക്ഷണ സമിതിയുടെയും അഭയയുടെയും സ്ഥാപക കൂടിയായിരുന്നു സുഗതകുമാരി.
തന്റെ പ്രേമത്തെപ്പറ്റി, തന്റെ ദുഃഖത്തെപ്പറ്റി, തന്റെ പ്രതീക്ഷകളെപ്പറ്റിയും, സ്വപ്‌നങ്ങളെപ്പറ്റിയുമൊക്കെതന്നെ വിഹ്വലയാകുന്ന ആധുനികതകളേയും, നൈരാശ്യത്തെപ്പറ്റിയും, താന്‍ കാണുന്ന ഇരുട്ടിനെയും മനുഷ്യനെയും അതിലുപരി എപ്പോഴും തന്നോടൊപ്പമുള്ള കണ്ണനെപ്പറ്റിയുമൊക്കെ അവര്‍ പാടാറുണ്ടായിരുന്നു.
ടീച്ചറുടെ ഉത്ഗ്രസിതമായ പ്രപഞ്ച വീക്ഷണത്തില്‍ തെളിഞ്ഞു കാണുന്ന വാങ്മയ ചിത്രങ്ങളാണ് ‘തുലാവര്‍ഷപച്ച’ എന്ന കവിതാ സമാഹാരം. ദില്ലിയില്‍ തണുപ്പത്ത് – എന്ന കവിതയില്‍ തനിയെ നടക്കാന്‍ തന്നെ സമ്മതിക്കാത്ത നിഴല്‍ ഉടനീളം കവിയെ പിന്തുടര്‍ന്നുകൊണ്ടിരിക്കുന്നതായാണ് സൂചിപ്പിക്കുന്നത്.
ദില്ലിയില്‍ തണുപ്പത്ത്/തനിയെ നടക്കുമ്പൊ/ളെന്നൊപ്പം നിഴലുപോ/ലൊരുവള്‍ നടക്കുന്നു/ മുടിപ്പിന്നിലില്‍ കോര്‍ത്ത മുല്ല/ചൂടിയോള്‍, ചുമ്മാ/ ചിരിക്കുന്നവള്‍, ആകെ വിടര്‍ന്ന മിഴിയുള്ളോള്‍.
കവിയുടെ ജീവിതവും സ്വജീവിതത്തില്‍ സ്വപ്‌ന മധുരമായി കൂടെയുണ്ടായിരുന്ന തന്റെ കാമുകിയുടെ ഓര്‍മ്മകളും കവിതയിലുടനീളം തെളിയുന്നുണ്ട്.
സുഗതകുമാരി കവിതകളില്‍ ഓരോന്നിനും അതിന്റേതായ ഉണ്‍മയുണ്ട്, സ്വാതന്ത്ര്യമുണ്ട്, ഒറ്റപ്പെടുന്നുമില്ലാ ഒന്ന് മറ്റൊന്നിന് അന്യമാകുന്നുമില്ല. എല്ലാം ഇണങ്ങിച്ചേരുകയാണ്. അതില്‍ നിന്ന് ഒരു ഏകമത്വ രൂപവും ഉണ്ട്. സര്‍വ്വവും വിഘടിതമാകുന്ന ഒരു കലാസന്ധ്യയില്‍ സുഗതകുമാരി തന്റെ കവിതയില്‍ ഉത്ഗ്രസിതമായ ഒരു പ്രബഞ്ചം, ആ പ്രബഞ്ചത്തോട് പ്രലോഭനങ്ങള്‍ പലതുമുണ്ടായിട്ടും അചഞ്ചലമായ ഒരു കൂറു പുലര്‍ത്തുകയും ചെയ്യുകയാണ് സുഗതകുമാരി.
മഴപെയ്തപോലാദ്യം/ പനിനീര്‍ തളിച്ചുപോല്‍/ മഴ പെയ്തുപോല്‍ വാരി/മുല്ലപ്പൂവിതറുമ്പോള്‍/മഴപെയ്തുപോല്‍ വിണ്ണില്‍/മുല്ലപ്പൂ വിതറുമ്പോല്‍.
ഈ കവിതയിലൂടെ കവിയിത്രി പ്രകൃതിയുടെ വന്യമായ ചാരുതാ പുഷ്പങ്ങള്‍ ചിത്രങ്ങളായി അണിയിച്ചൊരുക്കുന്നു. പുതുമഴ കഴിയുമ്പോള്‍ നവശ്യാമ മധുപോല്‍ ലജ്ജാലോലയായി പ്രത്യക്ഷപ്പെടുന്ന അട്ടപ്പാടിയും, കാട്ടുചോലയും, മഴയും, പൂക്കളും, മരങ്ങളുമെല്ലാം തന്നെ ഒരു പ്രണയാര്‍ദ്രമായ ഒരു സ്ത്രീയുടെ അംഗലാവണ്യത്തോടു കൂടിയാണ് കവിയിത്രി ആവിഷ്‌ക്കരിച്ചിരിക്കുന്നത്. എന്നാല്‍ പിന്നീട് മാറുന്ന പ്രകൃതിയുടെ ഒരു കരിനിഴലും നമുക്കീ കവിതയില്‍ കാണാന്‍ കഴിയും. കൊടും ചൂടേറ്റു വരണ്ടു പോകുന്ന സ്വപ്‌നങ്ങളും മോഹങ്ങളും തീരാ ദുഃഖമായി മാറുമ്പോഴും ചില സുന്ദരമായ ഓര്‍മ്മകള്‍ മാത്രം അവിടെ കാത്തു സൂക്ഷിക്കപ്പെടുന്നു.
‘കവി ഹൃദയമോ നീ വിഭഗമോ’ എന്ന കവിതയില്‍ ഒരു കൊച്ചു മയിലിന്റെ കഥ പറഞ്ഞുകൊണ്ടാണ് കവിയിത്രി എഴുതിയിരിക്കുന്നത്.
അഴിയിട്ട കൂട്ടിലെ മയിലും/ തഴുതിട്ടൊ/രാഴിയില്‍ പിടിച്ചു നില്‍ക്കുന്ന ഞാനും/ ഒരു മാത്ര തങ്ങളില്‍ നോക്കി നിന്നു, പിന്നെ/ മയില്‍ പിന്തിരിഞ്ഞു നടതുടര്‍ന്നു.
ആലപ്പുഴയിലെ ഹരിപ്പാട് ശ്രീ സുബ്രഹ്‌മണ്യ ക്ഷേത്രത്തില്‍ പോയപ്പോള്‍ അവിടുത്തെ കൂട്ടില്‍ കിടക്കുന്ന മയിലുകളെ കണ്ടപ്പോള്‍ ടീച്ചറുടെ കവിതയിലെ വരികള്‍ എന്റെ മനസ്സിനെ സ്പര്‍ശിച്ചുകൊണ്ട് കടന്നുപോയി. കാലവര്‍ഷത്തില്‍ കാര്‍മുകിലുകള്‍ ഉരുണ്ടു കൂടുമ്പോള്‍ മയിലുകള്‍ക്ക് ആഹ്ലാദമാണ്. ആ ആഹ്ലാദത്തില്‍ അവ പീലി വിടര്‍ത്തി നൃത്തം ചെയ്യുന്നു. അവര്‍ക്ക് സര്‍ഗ്ഗപരമായി കിട്ടിയ കഴിവാണത്. പക്ഷെ ഇവിടെ നാം കാണുന്ന സുന്ദരനായ മയില്‍ ഒരു കൂട്ടിലാണ് കിടക്കുന്നത്. അതിന് മുമ്പില്‍ ചിതറി കിടക്കുന്ന ഭക്ഷണ വസ്തുക്കളും മറ്റും കാണാം. മലീമസമാക്കപ്പെട്ട ആ കൂട്ടിനകത്ത് കനത്ത ചൂട് താങ്ങാനാകാതെ ക്രൂദ്ധനായി അലയുകയാണ് മയില്‍.
ചിതറിക്കിടക്കുന്ന ചോളവും ചട്ടിതന്‍/ മുറികളും ചീഞ്ഞ പഴം നുറുക്കും/മുകളിലാകാശം പഴുത്തു തിളങ്ങുന്നു അതിവേഗമതിവേഗം/മഴികള്‍ക്കു പിന്നിലായ് മയിലുലാത്തീടുന്നു ക്രുദ്ധനായി.
ചുരങ്ങള്‍ താണ്ടിയെത്തുന്ന കാറ്റിന്റെ അലകള്‍ മയിലിന് ആശ്വാസമേകുന്നുണ്ട്. കാടിന്റെ ഗന്ധമുണര്‍ത്തുന്ന ആ കാറ്റേറ്റ് തന്റെ വിധിയോര്‍ത്ത് മിഴികള്‍ തുടയ്ക്കുകയാണ് ആ മയില്‍.
മലിനമീ കൂടിന്റെ കോണില്‍/മയില്‍ ചാഞ്ഞു നില്‍ക്കുന്നു ഖിന്നയായി/അഴികളില്‍ തല ചേര്‍ത്തു/ നില്‍ക്കുന്നു ഞാനുമാമിഴികളില്‍ നോക്കാനധീരനായി.
അഴിയിട്ട കൂട്ടിനുള്ളിലായാലും മഴ പെയ്യുന്നത് മയിലിന് ആശ്വാസം തന്നെയാണ്. തന്റെ വേദനയും ദുഃഖവും മറന്ന് മഴയെ നോക്കി കൂട്ടിനുള്ളില്‍ കിടന്ന് പീലി വിടര്‍ത്തിയാടുന്ന മയില്‍, കവിയുടെ കാവ്യ ഹൃദയത്തിലൂടെ കടന്നു പോകുന്ന ഈ മയില്‍ നമുക്ക് മുന്‍പില്‍ ദുഃഖത്തിന്റെ ഒരു പ്രതിനിധിയായിത്തീരുന്നു.
”കാറ്റു വന്നു വിളിച്ചു പറഞ്ഞതാ
കാട്ടാന പോലെ കറുത്തു പൊങ്ങി
കേറി വരുന്ന കരിമുകിലൊന്നിതാ….”
സഹജീവികളിലെ ജീവിതത്തെ തകര്‍ക്കുന്ന മനുഷ്യരുടെ ചെയ്തികളെ വിമര്‍ശിക്കുകയാണ് സുഗതകുമാരി ഈ കവിതകളിലൂടെ. ബാല്യകാലത്തിന്റെ സ്മരണകള്‍ ഉണര്‍ത്തിക്കൊണ്ടുള്ള ഒരു കവിതയാണ് ‘്’നിശാ ശലഭം’. ഒരു കുട്ടിയുടെ നിഷ്‌കളങ്കത നമുക്കിവിടെ കാണാന്‍ കഴിയും. കള്ളവും കാപട്യവും അറിയാത്ത, പൂമ്പാറ്റകളുടേയും വര്‍ണ്ണ ശലഭങ്ങളുടേയും ലോകത്ത് പാറി നടക്കുന്ന കൊച്ചു കുഞ്ഞുങ്ങള്‍. അവര്‍ക്ക് വേണ്ടത് സഹ ജീവികളോടുള്ള കരുണയും സ്‌നേഹവും ആര്‍ദ്രതയുമാണ്. അവര്‍ക്ക് മനുഷ്യന്റെ ചതിയേയും കപടതകളേയും കുറിച്ച് അറിഞ്ഞുകൂടാ.
”പാതിരാ പുസ്തക താളിലിരിക്കുന്ന
പാതിയുറങ്ങീ നിശാശലഭം
പേജുമറിക്കാതെ ഞാനിരിപ്പാണതു
പേടിച്ചു പാറിയകലുമല്ലോ’
മാതൃത്വത്തിന്റെ ,സ്ത്രീത്വത്തിന്റെ , കാരുണ്യത്തിന്റെ പ്രതിനിധിയാണ് സുഗതകുമാരി ടീച്ചര്‍. അകവും പുറവും വരണ്ട മലയാളി മനസ്സില്‍ പച്ചപ്പിന്റെ ഗൃഹാതുരതകള്‍ എന്നും നമുക്ക് മുന്നില്‍ നല്‍കുന്നത് ശുഭ പ്രതീക്ഷകളും സ്വപ്‌ന പൂര്‍ണ്ണമായ യാത്രയുമാണ്. മലയാള കവിതയുടെ വികാസ പഥങ്ങളില്‍ കാലാതിവര്‍ത്തിയാംവണ്ണം പാദമുദ്രകളും ചാര്‍ത്തിയിരുന്നു ഈ കവിയിത്രി. അവരുടെ ആത്മാവിന് നിത്യശാന്തി നേരുന്നു. അതായത് മലയാളി ഉള്ളിടത്തോളം കാലം സുഗത കുമാരി ടീച്ചറുടെ കവിതകള്‍ വരും തലമുറക്ക് പ്രചോദനമേകുമെന്ന് നിസ്തര്‍ക്കം പറയാന്‍ കഴിയും….!