കൊച്ചി:സംസ്ഥാന രാഷ്ട്രീയത്തില്‍ കോളിളക്കം സൃഷ്ടിച്ച പെരിയ ഇരട്ടക്കൊലപാതക കേസില്‍ വിധി പ്രസ്താവിക്കുന്നത് 6 വര്‍ഷത്തെ നിയമ പോരാട്ടത്തിനു ശേഷമാണ്.2019 ഫെബ്രുവരി 17നു രാത്രി ഏഴരയോടെയാണു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനെയും(23) കൃപേഷിനെയും(19) കല്യോട്ട് കൂരാങ്കര റോഡില്‍ തടഞ്ഞുനിര്‍ത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.പ്രതികളെല്ലാം സിപിഎം അനുഭാവികളായതാണ് കേസില്‍ പല മലക്കം മറിച്ചിലിനും കാരണമായത്.
ആദ്യം ലോക്കല്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അവസാനം സിബിഐയുമാണ് കേസ് അന്വേഷിച്ചത്. കുറ്റപത്രം സമര്‍പ്പിച്ച വേളയില്‍ കീഴ്‌ക്കോടതികള്‍ ക്രൈംബ്രാഞ്ചിനെ വിമര്‍ശിച്ചിരുന്നു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശരത് ലാലിന്റെയും കൃപേഷിന്റെയും മാതാപിതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് സിബിഐ കേസ് ഏറ്റെടുക്കുന്നത്.സിബിഐ കോടതിയില്‍ രണ്ട് വര്‍ഷത്തോളം വിചാരണ നടന്നിരുന്നു.
മുന്‍ എം.എല്‍.എ.യും സി.പി.എം. ജില്ലാ സെക്രട്ടറിയേറ്റംഗവുമായ കെ.വി.കുഞ്ഞിരാമന്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റും സി.പി.എം. മുന്‍ ഉദുമ ഏരിയാ സെക്രട്ടറിയുമായ കെ.മണികണ്ഠന്‍, പാര്‍ട്ടി പാക്കം-പെരിയ ലോക്കല്‍ സെക്രട്ടറിമാരായിരുന്ന വെളുത്തോളി രാഘവന്‍, എന്‍. ബാലകൃഷ്ണന്‍ തുടങ്ങി 24 പ്രതികളാണ് സി.ബി.ഐയുടെ കുറ്റപത്രത്തിലുണ്ടായിരുന്നത്. ഇതില്‍ 14 പേരെ ക്രൈം ബ്രാഞ്ചാണ് അറസ്റ്റുചെയ്തത്. ആദ്യം അറസ്റ്റിലായ 14 പേരില്‍ 11 പേര്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലും പ്രതിപ്പട്ടികയില്‍ സി.ബി.ഐ. ചേര്‍ത്ത പത്തു പേരില്‍ അന്നു സി.പി.എം. ഏച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന പി.രാജേഷ് ഉള്‍പ്പെടെ അഞ്ചു പേര്‍ കാക്കനാട് ജയിലിലുമാണ് കഴിഞ്ഞത്.