ന്യൂഡല്‍ഹി:ലോക് നായക് ജയപ്രകാശ് നാരായണ്‍ ഇന്റര്‍നാഷണല്‍ സെന്റര്‍ നല്‍കുന്ന 2024 ലെ ലോക് നായക് ജെപി പുരസ്‌കാരത്തിന് സോഷ്യലിസ്റ്റ് പാര്‍ട്ടി (ഇന്ത്യ) ദേശീയ പ്രസിഡന്റ് മുന്‍ എംപി തമ്പാന്‍ തോമസിനെ തെരഞ്ഞെടുത്തു. ഡിസംബര്‍ 24 ന് ന്യൂ ഡല്‍ഹിയിലെ ഇന്ത്യ ഇന്റര്‍നാഷണല്‍ സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ ഉപ രാഷ്ട്രപതി ജഗദീപ് ധന്കര്‍ അവാര്‍ഡ് സമ്മാനിക്കും. ഡോ സുധാംശു ത്രിവേദി എംപി, മുന്‍ കേന്ദ്രമന്ത്രി രാജ് മനവേന്ദ്ര സിംഗ്, കേന്ദ്രമന്ത്രി രാജ് ഭൂഷന്‍ ചൗദ്ധരി ചടങ്ങില്‍ പങ്കെടുക്കും
സോഷ്യലിസ്റ്റ് ആശയ പ്രചാരണത്തിന് തമ്പാന്‍ തോമസ് നല്‍കിയിട്ടുള്ള സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്‌കാരം. മുന്‍ പ്രധാനമന്ത്രി ഐകെ ഗുജ്റാള്‍, ജസ്റ്റിസ് രാജീന്ദ്ര സച്ചാര്‍ എന്നിവര്‍ക്ക് കഴിഞ്ഞ വര്‍ഷങ്ങളില്‍ ഈ പുരസ്‌കാരം നല്‍കിആദരിച്ചിരുന്നു.
പ്രമുഖ സോഷ്യലിസ്റ്റും, ട്രേഡ് യൂണിയന്‍ നേതാവും,സാമൂഹ്യ പ്രവര്‍ത്തകനും സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനുമായ തമ്പാന്‍ തോമസ് ജനതാദള്‍ സ്ഥാപക ജനറല്‍ സെക്രട്ടറിയും, എച് എംഎസ് ദേശീയ പ്രസിഡന്റുമായിരുന്നു. ഇപ്പോള്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി ഇന്ത്യ ദേശീയ പ്രസിഡന്റ്, എച് എം എസ് ദേശീയ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരുന്നു. 1984ല്‍ മാവേലിക്കരയില്‍ നിന്നും ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു . അദ്ദേഹം അവതരിപ്പിച്ച സ്വകാര്യ ബില്ലുകള്‍ ദേശീയ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു.
ലോക്‌നായക് ജെപി പുരസ്‌കാരം തമ്പാന്‍ തോമസിന്