കോഴിക്കോട്: ബഹുഭാഷാപണ്ഡിതനും വിവര്‍ത്തകനും കവിയും ഗാന രചയിതാവുമായിരുന്ന അഭയദേവിന്റെ സ്മരണക്കായി ഭാഷാ സമന്വയ വേദി വിവര്‍ത്തനത്തിന് നല്കുന്ന 2024 ലെ ഭാഷാ സമന്വയ പുരസ്കാരം ഡോ.ഒ.വാസവന്. മഹര്‍ഷി ദയാനന്ദ സരസ്വതിയെ കുറിച്ച് ആചാര്യശ്രീ രാജേഷ് രചിച്ച പുസ്തകത്തിന്റെ ഹിന്ദി വിവര്‍ത്തനം മഹര്‍ഷി ദയാനന്ദ് പ്രതിരോധ് കി ഗഹരായി എന്ന കൃതിക്കാണ് പുരസ്കാരം. ആകാശവാണിയില്‍ ഔദ്യോഗിക ഭാഷാ വിഭാഗം അസിസ്റ്റന്റ് ഡയരക്ടറായിരുന്ന ഡോ.ഒ.വാസവന് മലയാളത്തില്‍ നിന്ന് ഹിന്ദിയിലേക്കും ഹിന്ദി, ഇംഗ്ലീഷ് ഭാഷകളില്‍ നിന്ന് മലയാളത്തിലേക്കും പുസ്തകങ്ങള്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്. കേന്ദ്ര സര്‍ക്കാറിന്റെ പബ്ലിക്കേഷന്‍ ഡിവിഷനു വേണ്ടി പുസ്തകങ്ങള്‍ വിവര്‍ത്തനം ചെയ്തു. ഇംഗ്ലീഷ് – ഹിന്ദി ഭരണഭാഷാ നിഘണ്ടു പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോഴിക്കോട് പൊയില്‍ക്കാവ് സ്വദേശിയണ്.
ഡോ.സി.രാജേന്ദ്രന്, ഡോ. പി.കെ.രാധാമണി, ഡോ.ആര്‍സു എന്നിവരടങ്ങിയ സമിതിയാണ് പുരസ്കാര നിര്‍ണ്ണയം നടത്തിയത്. പുരസ്കാര സമര്‍പ്പണം 2025 ഫെബ്രുവരി ആദ്യവാരം കോഴിക്കോട് നടക്കും.
അഭയദേവ് പുരസ്കാരം ഡോ.ഒ.വാസവന്