ദില്ലി: ദുരന്ത നിവാരണ ഭേദഗതി ബില്ലിലെ ചര്‍ച്ചയില്‍ കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ശശി തരൂര്‍ എം.പി. ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായിയാണ് ബില്ല് അവതരിപ്പിച്ചത്. വയനാട് വിഷയം അടക്കം ഉയര്‍ത്തിയാണ് ബില്ലിനെതിരെ കോണ്‍ഗ്രസ് എംപി ആഞ്ഞടിച്ചത്.
സര്‍ക്കാര്‍ എടുത്തു ചാടി ബില്‍ അവതരിപ്പിക്കുകയാണെന്ന് ശശി തരൂര്‍ വിമര്‍ശിച്ചു. വിദഗ്ദ്ധ പഠനം നടത്താതെയാണ് ബില്ല് കൊണ്ടുവന്നത്. വയനാടില്‍ ഉണ്ടായത് സമാനതകളില്ലാത്ത ദുരന്തമാണ്. ഒരു പ്രദേശം തന്നെ ഇല്ലാതായി. 480 ലധികം പേര്‍ മരിച്ചു. നിലവിലെ നിയമത്തിന് ഈ ദുരന്തത്തില്‍ ഒന്നും ചെയ്യാനായില്ല.
പുതിയ ബില്ലും ദുരന്തം തന്നെന്നായിരുന്നു ശശി തരൂരിന്റെ മറുപടി.യാഥാര്‍ത്ഥ്യം തിരിച്ചറിയാനുള്ള കഴിവ് പുതിയ ബില്ലിനും ഇല്ല. മുണ്ടക്കൈ , ചൂരല്‍മല ദുരന്തം ഇനി രാജ്യത്തുണ്ടാകരുത്. കേരളം പോലെ പ്രളയ സാഹചര്യം ആവര്‍ത്തിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കുന്ന ഒന്നും പുതിയ ബില്ലിലില്ല. ദുരന്ത നിവാരണത്തിന് നിയമ പരിരക്ഷ ഉറപ്പ് വരുത്തുന്നില്ല, എംപിമാരെ കേള്‍ക്കാന്‍ അവസരം നല്‍കുന്നില്ല, ബില്‍ തിരികെ വയ്ക്കുന്നതാകും നല്ലതെന്നും തരൂര്‍ പറഞ്ഞു.
വയനാടിന് ഇടക്കാല സഹായം അനുവദിക്കാത്തത് വലിയ വീഴ്ചയാണ്. കേരളത്തിന്റെ അഭ്യര്‍ത്ഥന നിരസിച്ചു. വയനാടിന് സഹായം നല്‍കാന്‍ എന്തിനാണ് മടി? എന്‍ ഡിആര്‍ എഫ് വിതരണത്തില്‍ വേര്‍തിരിവ് കാട്ടുകയാണ് കേന്ദ്രം. വയനാട്ടിലെ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യം കേന്ദ്രം തള്ളിയ മട്ടാണെന്നും ശശി തരൂര്‍ എം.പി പറഞ്ഞു.
ദുരന്ത നിവാരണ ഭേദഗതി ബില്‍ ചര്‍ച്ച
കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി
വിമര്‍ശിച്ച് ശശി തരൂര്‍ എം.പി