കൊച്ചി: നടിയെ ആക്രമിച്ച കേസില്‍, തന്നെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ സൂക്ഷിച്ച മെമ്മറി കാര്‍ഡ് ചട്ടവിരുദ്ധമായി തുറന്ന് പരിശോധിച്ചവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്തയച്ച് ഇരയായ നടി. ഹൈക്കോടതിയിലും സുപ്രീംകോടതിയിലും ഈ വിഷയത്തില്‍ പരാതി നല്‍കിയിട്ടും നടപടി എടുക്കാത്ത സാഹചര്യത്തിലാണ് രാഷ്ട്രപതിക്ക് കത്തെഴുതുന്നതെന്ന് നടി പറഞ്ഞു.
കോടതിയുടെ കസ്റ്റഡിയിലിരിക്കെ തന്നെ ആക്രമിച്ചതിന്റെ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ്
അനധികൃതമായി മൂന്നുതവണ തുറന്നു പരിശോധിച്ചതായി കണ്ടെത്തിയെന്നും ശാസ്ത്രീയ പരിശോധനയില്‍ ഇക്കാര്യം തെളിഞ്ഞുവെന്നും അവര്‍ കത്തില്‍ പറയുന്നു.
ദൃശ്യങ്ങള്‍ പുറത്ത് പോകുന്നത് തന്റെ ജീവിത്തെയാണ് ബാധിക്കുകയെന്നും അതിനാല്‍ രാഷ്ട്രപതി ഇടപെട്ട് അന്വേഷണത്തിന് നിര്‍ദേശം നല്‍കണമെന്നും, സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി ഉണ്ടാകണമെന്നും നടി കത്തില്‍ ആവശ്യപ്പെട്ടു.
നടിയെ ആക്രമിച്ച കേസില്‍ അന്തിമ വാദം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നാളെ ആരംഭിക്കും. ഒരുമാസം കൊണ്ട് വാദം പൂര്‍ത്തിയായേക്കും.
നടിയെ ആക്രമിച്ച കേസ്: മെമ്മറി കാര്‍ഡ് പരിശോധിച്ചതില്‍ നടപടിയെടുക്കാത്തതില്‍ രാഷ്ട്രപതിക്ക് കത്തയച്ച് നടി