കോട്ടയം:നാടകരംഗത്തെ ഗുരുജനങ്ങളെ ആദരിക്കുവാനായി 2021 ആരംഭിച്ച പ്രൊഫ. എസ് രാമാനുജം സ്മൃതി പുരസ്‌കാരം സര്‍ഗ്ഗാത്മക സംഘാടനത്തിലൂടെ മലയാളനാടകവേദിക്ക് വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ ഇ ടി വര്‍ഗ്ഗീസ് മാസ്റ്ററിന്. പുരസ്‌കാരശില്പം പതിനായിരത്തിഒന്ന് രൂപ പ്രശസ്തിപത്രം എന്നിവയുള്‍പ്പെട്ടതാണ് പുരസ്‌കാരം. ഡിസംബര്‍ 14ന് വൈകിട്ട് പാലായില്‍ നടക്കുന്ന സ്മൃതി സദസ്സില്‍ പുരസ്‌കാരം നല്‍കും. ശില്പശാല, പുരസ്‌കാരസമര്‍പ്പണം, കൂടിയിരുപ്പ്, അവതരണം എന്നിവ സ്മൃതിയുടെ ഭാഗമായി നടക്കും. പാലാ തിയേറ്റര്‍ ഹട്ടിന്റെയും പൊന്‍കുന്നം ജനകീയവായനശാലയുടെയും രാമാനുജം മാസ്റ്ററിന്റെ കുടുംബാംഗങ്ങളുടെയും ശിഷ്യരുടേയും നേതൃത്വത്തിലാണ് രാമാനുജം സ്മൃതി നടത്തിവരുന്നത്.
പാലായിലും പൊന്‍കുന്നത്തും പനമറ്റത്തും നാടകത്തെക്കുറിച്ചും കുട്ടികള്‍ക്കും അമ്മമാര്‍ക്കും വയോജനങ്ങള്‍ക്കുമുണ്ടാകേണ്ടുന്ന സര്‍ഗ്ഗാത്മക പ്രവര്‍ത്തനങ്ങളെക്കുറിച്ചും അഭിനയത്തെക്കുറിച്ചും നിരവധി ശില്പശാലകള്‍ രാമാനുജം മാസ്റ്റര്‍ നടത്തിയിരുന്നു. 2015 മുതല്‍ എല്ലാവര്‍ഷവും രാമാനുജം സ്മൃതി നടത്തിവരുന്നു.