പാമ്പുകടിയേറ്റാല്‍ ഇനിമുതല്‍ സര്‍ക്കാരിനെ അറിയിക്കണം; കാരണമറിയാം
ന്യൂഡല്‍ഹി: പാമ്പുകടിയേറ്റുള്ള വിഷബാധ ‘നോട്ടിഫയബിള്‍ ഡിസീസി’ന്റെ പട്ടികയിലുള്‍പ്പെടുത്തി കേന്ദ്ര ആരോഗ്യമന്ത്രാലയം. പാമ്പുകടിയേറ്റുള്ള മരണങ്ങളില്‍ 50ശതമാനവും ഇന്ത്യയിലാണ് എന്നതിനാല്‍ ഇത് കുറയ്ക്കുകയാണ് ലക്ഷ്യം. പാമ്പുകടിയേറ്റുള്ളതോ, പാമ്പുകടിയേറ്റാകാന്‍ സാധ്യതയുള്ളതോ ആയ മരണങ്ങളും പാമ്പുകടിയേല്‍ക്കുന്ന സംഭവങ്ങളും ഇനിമുതല്‍ നിയമപ്രകാരം സര്‍ക്കാരിനെ അറിയിക്കണം. സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ മെഡിക്കല്‍ കോളജുകള്‍ ഉള്‍പ്പടെയുള്ള ആശുപത്രികളും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും പാമ്പുകടിയേറ്റ കേസുകള്‍ നിര്‍ബന്ധമായും ഈ മാതൃകയില്‍ തന്നെ റിപ്പോര്‍ട്ട് ചെയ്യുകയും വേണം.
നവംബര്‍ 27ന് എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും അയച്ച കത്തിലാണ് പാമ്പുകടിയേറ്റുള്ള വിഷബാധ ‘നോട്ടിഫയബിള്‍ ഡിസീസ്’ ആക്കുന്നതിനെ കുറിച്ച് വിവരമുള്ളത്. പാമ്പുകടി മരണങ്ങള്‍ക്ക് അവശ്യശ്രദ്ധ കൊടുക്കുന്നതിലൂടെ പാമ്പുകടിയേല്‍ക്കുന്നതിനുള്ള സാഹചര്യങ്ങള്‍ കുറയ്ക്കാനും രോഗികള്‍ക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കാനും സാധിക്കുമെന്ന് ആരോഗ്യസെക്രട്ടറി പുണ്യ സലില ശ്രീവാസ്തവ ചൂണ്ടിക്കാട്ടി.
ഉത്തരവ് ഇപ്പോഴാണെത്തിയതെങ്കിലും കര്‍ണാടക, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ പാമ്പുകടി നേരത്തേ തന്നെ ഈ പട്ടികയിലുണ്ട്. 2030ഓടെ പാമ്പുകടിയേറ്റുള്ള മരണനിരക്ക് കുറയ്ക്കാനുള്ള ലോകാരോഗ്യസംഘടനയുടെ പദ്ധിയില്‍ പങ്കാളിയാവുകയാണ് ഇന്ത്യയുടെ ലക്ഷ്യം. പദ്ധതിയിലൂടെ പാമ്പുകടിയേല്‍ക്കുന്ന സാഹചര്യങ്ങളിലേക്ക് പ്രത്യേക ശ്രദ്ധ ചെലുത്താനാവുമെന്നും ഇതുവഴി മരണനിരക്ക് കുറയ്ക്കാനാവുമെന്നും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിലെ (ഐസിഎംആര്‍) ശാസ്ത്രജ്ഞന്‍ ഡോ.രാഹുല്‍ ഗാജ്‌ബൈ പറയുന്നു.
പാമ്പുകടിയേറ്റുള്ള മരണങ്ങള്‍ക്ക് അവശ്യ പ്രാധാന്യം നല്‍കുന്നത് മെച്ചപ്പെട്ട ചികിത്സ നല്‍കുന്നിനും ഉപയോഗപ്പെടുമെന്നാണ് ഐസിഎംആര്‍ മുന്‍ ഡയറക്ടര്‍ ഡോ.സ്മിത മഹാലെ അറിയിക്കുന്നത്. ഇന്ത്യയില്‍ സര്‍വ സാധാരണമായിട്ടും ഏറെ അവഗണിക്കപ്പെട്ട ഒന്നാണ് പാമ്പുകടിയേറ്റുള്ള വിഷബാധ എന്നും പുതിയ തീരുമാനം വഴി ഈ മരണങ്ങളില്‍ അവശ്യശ്രദ്ധ ചെലുത്താനാവുമെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.