മഹായുതിയുടെ വിജയ തേരാളി അതുല്‍ ലിമായെ

മഹായുതിയുടെ വിജയ തേരാളി അതുല്‍ ലിമായെ

മുംബൈ: മഹാരാഷ്ട്രയില്‍ ബി.ജെ.പിക്കുണ്ടായ മിന്നും വിജയത്തിലെത്തിച്ചതില്‍ നിര്‍ണായക പങ്കുവഹിച്ചത് അതുല്‍ ലിമായെ എന്ന 54 കാരനായ ആര്‍.എസ്.എസുകാരനാണെന്ന് റിപ്പോര്‍ട്ട്. ലോക് സഭാ തിരഞ്ഞെടുപ്പിലുണ്ടായ മോശം പ്രകടനത്തെ തുടര്‍ന്ന് നിയമസഭാ തിരഞ്ഞടുപ്പില്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ അതുല്‍ ലിമായെ എന്ന തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്റെ കരുനീക്കങ്ങള്‍ ശ്രദ്ധേയമായി.
ആര്‍.എസ്.എസ്. പ്രചാരകനാകാന്‍, തന്റെ ഇരുപതുകളുടെ ആദ്യം ബഹുരാഷ്ട്ര കമ്പനിയിലെ ജോലി ഉപേക്ഷിച്ച ഇദ്ദേഹം നിലവില്‍ ആര്‍.എസ്.എസിന്റെ ക്ഷേത്രപ്രചാരക് (റീജിയണ്‍ ഇന്‍ ചാര്‍ജ്) ആണ്. ആര്‍.എസ്.എസിന്റെ ഏറ്റവും പ്രായംകുറഞ്ഞ ജോയിന്റ് ജനറല്‍ സെക്രട്ടറി കൂടിയാണ് ഇദ്ദേഹം.

മറാത്ത സംവരണ വിഷയം, അതിലെ സമുദായനേതാക്കളുടെ വിശ്വാസം ആര്‍ജിച്ചെടുക്കല്‍, ഒ.ബി.സി. വോട്ടുബാങ്കിന്റെ വീണ്ടെടുപ്പ് അങ്ങനെ ഒട്ടനവധി സങ്കീര്‍ണമായ സംഗതികള്‍ മഹാരാഷ്ട്ര തിരഞ്ഞെടുപ്പിന്റെ ഗതിനിശ്ചയിക്കാന്‍ പാകത്തിന് നിലകൊണ്ടിരുന്നു. അതുലിനൊപ്പം കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്ഗരി, മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, ഡല്‍ഹിയിലെ ബിജെപി നേതാക്കള്‍, ദേശീയ സംഘടനാ സെക്രട്ടറി ബി.എല്‍.സന്തോഷ്, ആര്‍.എസ്.എസ്,ബിജെപി കോ-ഓര്‍ഡിനേറ്റര്‍ അരുണ്‍കുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘം ഈ വിഷയങ്ങളെ വിജയകരമായി കൈകാര്യം ചെയ്തതിലൂടെയാണ് മഹായുതി വിജയത്തേരേറിയത്.

മഹാരാഷ്ട്രയിലെ നാസിക്കില്‍ ജനിച്ച അതുല്‍ ലിമായെ ആദ്യം പടിഞ്ഞാറന്‍ മഹാരാഷ്ട്രയുടെ പ്രാന്ത പ്രചാരകും പിന്നീട് ക്ഷേത്ര പ്രചാരക് സ്ഥാനത്തേക്കും ഉയര്‍ന്നു. മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ എന്നീ സംസ്ഥാനങ്ങളുടെ ചുമതലയാണുള്ളത്. ലക്ഷ്യത്തെക്കുറിച്ചുള്ള സൂക്ഷ്മത, അടിത്തട്ടിലെ പ്രവര്‍ത്തനം- ഈ രണ്ട് ഘടകങ്ങളിലെ മികവാണ് സങ്കീര്‍ണമായ സാമൂഹിക-രാഷ്ട്രീയ വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റാനും സംസ്ഥാനത്തെ ഹിന്ദുവോട്ടുകളുടെ ഏകീകരണത്തിനും ലിമായെയും സംഘത്തെയും സഹായിച്ചത്.

2016-17-ല്‍ ഛത്രപതി ശിവജിയുടെ സ്മരണയ്ക്കായി സംഘടിപ്പിച്ച ശിവ് ശക്തിസംഗം വന്‍വിജയമാക്കുന്നതിലെ ബുദ്ധികേന്ദ്രം ലിമായെ ആയിരുന്നു. വിവിധ ജില്ലകളില്‍നിന്നുള്ള അറുപതിനായിരത്തോളം സംഘപ്രവര്‍ത്തകര്‍ എത്തിയ പരിപാടി, പടിഞ്ഞാറാന്‍ മഹാരാഷ്ട്രയിലും മറാത്ത്വാഡയിലും ഹിന്ദുത്വവികാരത്തെ ജ്വലിപ്പിച്ചു. 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. സംസ്ഥാനത്ത് തിരിച്ചടി നേരിട്ടെങ്കിലും ജാതിവ്യത്യാസങ്ങളെ മറികടന്ന് ഹിന്ദുവോട്ടുകള്‍ സമാഹരിക്കാന്‍ അതുലിനെപോലുള്ള ആര്‍.എസ്.എസ്. നേതാക്കള്‍ക്ക് കഴിഞ്ഞു.

ആര്‍.എസ്.എസിന്റെ വോട്ടര്‍ ബോധവത്കരണ കാമ്പയിനായ സജഗ് രഹോ-യുടെ ആവിഷ്‌കരണത്തിലും അതുല്‍ ലിമായെക്ക് നിര്‍ണായക പങ്കുണ്ടായിരുന്നു. വീടുകളില്‍നിന്ന് വീടുകളിലേക്ക് നടത്തിയ ഈ പ്രചാരണ പരിപാടി മഹാരാഷ്ട്രയിലെമ്പാടും വോട്ടര്‍മാരെ പോളിങ്ബൂത്തിലെത്തിക്കാന്‍ സഹായകമായി എന്നാണ് വിലയിരുത്തുപ്പെടുന്നത്. ഗ്രാമീണ-ഗോത്രവര്‍ഗ മേഖലകളില്‍ ക്ഷേമപദ്ധതികള്‍ നടപ്പാക്കുന്നതിലൂടെ ആര്‍.എസ്.എസ്. സ്വാധീനം വ്യാപിപ്പിക്കുന്നതിലും ലിമായെ നിര്‍ണായകപങ്ക് വഹിച്ചിരുന്നു.

 

 

മഹായുതിയുടെ വിജയ തേരാളി അതുല്‍ ലിമായെ

 

 

 

Share

Leave a Reply

Your email address will not be published. Required fields are marked *