തിരുവനന്തപുരം: കൊടകര കുഴല്‍പ്പണക്കേസ് എട്ടംഗ സംഘം അന്വേഷിക്കും. കൊച്ചി ഡിസിപി സുദര്‍ശനാണ് സംഘത്തലവന്‍.തൃശൂര്‍ ഡിഐജി തോംസണ്‍ ജോസ് മേല്‍നോട്ടം വഹിക്കും. മുന്‍പ് കേസ് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ച ഇരിങ്ങാലക്കുട ഡിവൈഎസ്പി വി.കെ.രാജുവും കൊടകര എസ്എച്ച്ഒ, വലപ്പാട് എസ്ഐ എന്നിവരും 8 അംഗ സംഘത്തിലുണ്ട്.
ബിജെപിയുടെ തൃശൂര്‍ ഓഫീസ് സെക്രട്ടറിയായിരുന്ന തിരൂര്‍ സതീഷ് നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് കേസില്‍ തുടരന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ബിജെപിക്കു വേണ്ടി തിരഞ്ഞെടുപ്പ് സമയത്ത് 41 കോടിയിലേറെ രൂപ കര്‍ണാടകയില്‍നിന്നും മറ്റുമായി കേരളത്തിലേക്ക് എത്തിയെന്ന് 2021ല്‍ കേസ് അന്വേഷിച്ച പൊലീസ് സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.