വാടാമല്ലികള്‍ (ഭാഗം 2) സിഗററ്റ് വലിച്ചുകൊണ്ട് ക്ലാസെടുക്കുന്ന പ്രൊഫസര്‍

വാടാമല്ലികള്‍ (ഭാഗം 2) സിഗററ്റ് വലിച്ചുകൊണ്ട് ക്ലാസെടുക്കുന്ന പ്രൊഫസര്‍

കെ.എഫ്.ജോര്‍ജ്ജ്
കൈയ്യില്‍ എരിയുന്ന സിഗരറ്റുമായി ക്ലാസെടുക്കുന്ന അധ്യാപകനെ ഇന്ന് കേരളത്തിലെ കാമ്പസിനു സങ്കല്‍പ്പിക്കാമോ? എന്നാല്‍ ഞങ്ങള്‍ക്ക് അങ്ങനെ ഒരു അധ്യാപകനുണ്ടായിരുന്നു. ഇന്ത്യയിലെ തന്നെ പ്രഗല്‍ഭ ഇംഗ്ലീഷ് അധ്യാപകനെന്ന് എല്ലാവരും വാഴ്ത്തിയിരുന്ന പ്രൊഫ. കോളിന്‍ ആന്റണി സ്റ്റുവര്‍ട്ട് ഷെപ്പേഡ് (പ്രൊഫ.സി.എ.ഷെപ്പേഡ്).
ഷേക്സ്പിയര്‍ നാടകങ്ങളായിരുന്നു അദ്ദേഹത്തിന്റെ ഇഷ്ട വിഷയം. ചാര്‍മിനാര്‍ സിഗരറ്റ് കത്തിച്ച് അദ്ദേഹം ക്ലാസ് തുടങ്ങും. ഗ്രീക്ക് പുരാണങ്ങളിലൂടെയും യൂറോപ്യന്‍ സാഹിത്യത്തിലൂടെയും കയറിയിറങ്ങിയുള്ള ക്ലാസില്‍ അദ്ദേഹം പതിഞ്ഞ ശബ്ദത്തില്‍ പറയുന്ന ഓരോ വാക്കും ഇംഗ്ലീഷ് എം.എ വിദ്യാര്‍ത്ഥികള്‍ സശ്രദ്ധം എഴുതിയെടുക്കും.
കോഴിക്കോട് ഗേവഗിരി സെന്റ് ജോസഫ്സ് കോളേജിലെ ഈ ക്ലാസ് മുറിയില്‍ എം.എ.വിദ്യാര്‍ത്ഥികള്‍ക്ക് പിന്നിലുള്ള ബെഞ്ചുകളില്‍ ഇരിക്കുന്നത് കോളേജിലെ മറ്റു പഠന വിഭാഗങ്ങളിലെ പ്രൊഫസര്‍മാരാണ്. പ്രൊഫ.ഷെപ്പേഡിന്റെ ക്ലാസുകള്‍ സാഹിത്യ വിരുന്നാണ്. ഇത് ആസ്വദിക്കാനാണ് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം സഹ പ്രവര്‍ത്തകരുമെത്തുന്നത്.
ക്ലാസെടുക്കുന്ന ഹരത്തില്‍ ചൂണ്ടുവിരലിന്റെയും നടുവിരലിന്റെയും ഇടയില്‍ എരിയുന്ന സിഗരറ്റിന്റെ കാര്യം അദ്ദേഹം മറക്കുന്നു. സിഗരറ്റ് എരിഞ്ഞ് അവസാനം വിരലില്‍ ചൂടെത്തുമ്പോള്‍ കുറ്റി കളഞ്ഞ് യാന്ത്രികമായി വീണ്ടും അടുത്ത സിഗരറ്റ് കൊളുത്തുന്നു.
പുസ്തകങ്ങളൊന്നും നോക്കാതെ ക്ലാസ് അങ്ങനെ ഒഴുകി നീങ്ങും. ഷേക്സ്പിയര്‍ നാടകങ്ങളിലെ രംഗങ്ങള്‍ ഉദ്ധരിച്ച് പ്രൊഫസര്‍ പറയുന്നത് ശരിയാണോ എന്നറിയാന്‍ വിദ്യാര്‍ത്ഥികള്‍ കയ്യിലുള്ള ഷേക്സ്പിയര്‍ സമ്പൂര്‍ണ്ണ കൃതികള്‍ മറിച്ചു നോക്കും. ഒരിക്കലും അദ്ദേഹത്തിന് തെറ്റാറില്ല. എല്ലാം കൃത്യമായി രേഖപ്പെടുത്തുന്ന കംപ്യൂട്ടര്‍ ഓര്‍മയായിരുന്നു അദ്ദേഹത്തിന്.
മറ്റ് അധ്യാപകരുടെ ക്ലാസുകള്‍ പാഠഭാഗങ്ങളില്‍ ഒതുങ്ങി നില്‍ക്കുമ്പോള്‍ പുരാണ കഥകളും ഗോത്രവര്‍ഗ ആചാരങ്ങളും മിത്തുകളും സമാന കൃതികളുമെല്ലാം പ്രൊഫ. ഷെപ്പേഡിന്റെ ക്ലാസില്‍ പരാമര്‍ശ വിധേയമാകും. രാവിലെ ഒന്‍പതു മണിക്ക് തുടങ്ങുന്ന ക്ലാസുകള്‍ക്ക് സാധാരണ കോളേജ് പീരിയഡുകളുടെ സമയ ക്ലിപ്തതയില്ല. രാത്രി വൈകിയും തുടരുന്ന ക്ലാസുകള്‍ വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധിച്ചാണ് നിര്‍ത്തുക. ഇടയ്ക്ക് കാര്യമായ ഭക്ഷണമില്ല. ഉച്ചക്ക് ഒരു ബുള്‍സ്ഐ. ചില ദിവസങ്ങളില്‍ അതും വേണ്ട. പക്ഷേ ഉണര്‍ന്നിരിക്കുമ്പോഴെല്ലാം ചാര്‍മിനാര്‍ വേണം.
1921ല്‍ ജനിച്ച മഹാനായ ഈ ഇംഗ്ലീഷ് അധ്യാപകന്‍ മദ്രാസ് പ്രസിഡന്‍സി കോളേജില്‍ നിന്ന് രണ്ടാം റാങ്കോടെ എം.എ ജയിച്ച ശേഷം 1943ല്‍ ചങ്ങനാശ്ശേരി സെന്റ് ബര്‍ക്കുമാന്‍സ് കോളേജില്‍ അധ്യാപകനായി. അന്ന് പ്രശസ്ത സാഹിത്യകാരനായിരുന്ന പ്രൊഫ.എം.പി.പോളായിരുന്നു ഇംഗ്ലീഷ് വിഭാഗം തലവന്‍. അദ്ദേഹവുമായുള്ള സൗഹൃദത്തിന്റെ  ആഴം എം.പി.പോളിന്റെ മകള്‍ റോസി തോമസ് ‘ഉറങ്ങുന്ന സിംഹം’ എന്ന പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. ‘ചെമ്പന്‍ മിഴിയും മുടിയുമുള്ള സായിപ്പ്’ അപ്പനുമൊത്ത് കീറ്റ്സിന്റെയും ഷെല്ലിയുടെയും കവിതാ ലഹരിയിലൂടെ നീന്തിത്തുടിച്ച് കണ്ണീരൊഴുക്കുന്ന രംഗം റോസി തോമസ് മനോഹരമായി പകര്‍ത്തിവച്ചിരിക്കുന്നു.
നിത്യ ഹരിത നായകന്‍ പ്രേംനസീറിന് നടനെന്ന നിലയില്‍ തുടക്കം നല്‍കിയത് പ്രൊഫ.ഷെപ്പേഡാണ്. ചങ്ങനാശ്ശേരി കോളേജില്‍ അധ്യാപകനായിരുന്ന കാലത്ത് അവിടുത്തെ പ്രീ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിയായിരുന്ന ചിറയിന്‍കീഴ് അബ്ദുല്‍ ഖാദറിനെ മര്‍ച്ചന്റ് ഓഫ് വെനീസ് എന്ന ഷേക്സ്പിയര്‍ നാടകത്തില്‍ അഭിനയിപ്പിച്ചു. പ്രൊഫ.ഷെപ്പേഡാണ് നാടകം സംവിധാനം ചെയ്തത്. ഈ നാടകത്തിലെ അഭിനയ പാടവം കണ്ടാണ് അബ്ദുല്‍ ഖാദറിനെ പലരും സിനിമയിലേക്ക് ക്ഷണിച്ചത്. പിന്നീട് പ്രേംനസീര്‍ എന്ന പേരില്‍ അദ്ദേഹം അതി പ്രശസ്തനായി.നടനായിത്തീരാന്‍ വഴിയൊരുക്കിയ ഗുരുനാഥനെ നസീര്‍ പല അഭിമുഖങ്ങളിലും നന്ദിപൂര്‍വ്വം അനുസ്മരിച്ചിട്ടുണ്ട്.
യുവാവായിരുന്ന കാലത്തു തന്നെ പ്രൊഫ.ഷെപ്പേഡ് മികച്ച ഇംഗ്ലീഷ് അധ്യാപകനെന്ന നിലയില്‍ പേരെടുത്തു. 1962ല്‍ അദ്ദേഹം കോഴിക്കോട് ദേവഗിരി കോളേജില്‍ അധ്യാപകനായി ചേര്‍ന്നു. 1974ല്‍ സകുടുംബം ഓസ്ട്രേലിയയിലേക്ക് കുടിയേറിയെങ്കിലും ഹൃദയം നിറയെ അധ്യാപനവും കേരളവുമായിരുന്നു. എട്ടുമാസത്തെ വിദേശ വാസത്തിനു ശേഷം മടങ്ങി. 1975ല്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ സീനിയര്‍ റിസര്‍ച്ച് ഫെലോയും ഓണററി പ്രൊഫസറുമായി ചേര്‍ന്നു. ശിഷ്യന്മാര്‍ അദ്ദേഹത്തെ പാരലല്‍ കോളേജുകളിലും മറ്റും ക്ലാസെടുക്കാന്‍ ക്ഷണിക്കുമായിരുന്നു. സൗഹൃദത്തെ വിലമതിച്ചിരുന്ന അദ്ദേഹം എല്ലാവര്‍ക്കും പ്രിയങ്കരനായിരുന്നു. ചേളന്നൂരിലെ ഒരു സ്ഥാപനത്തില്‍ ക്ലാസെടുക്കാന്‍ പോയ പ്രൊഫസര്‍ ഷെപ്പേഡ് കോഴിക്കോട്ടേക്കുള്ള മടക്ക യാത്രയില്‍ 1979 മെയ് 11ന് ബസില്‍ വെച്ച് അന്ത്യശ്വാസം വലിച്ചു. വെറും 58 വര്‍ഷം മാത്രം നീണ്ടു നിന്ന ആ ജീവിതം ഇടി മിന്നലിന്റെ ക്ഷണിക ജീവിതം പോലെ ജാജ്വല്യമാനമായിരുന്നു.
വിദ്യാര്‍ത്ഥികളെ ഉയര്‍ന്ന ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ഉത്തേജിപ്പിക്കുകയും അതിന് അവരെ സഹായിക്കുകയും ചെയ്തു. അധ്യാപക ജോലി കിട്ടാന്‍ അദ്ദേഹത്തിന്റെ ഒരു ശിപാര്‍ശ കത്തുമാത്രം മതിയായിരുന്നു. രാജ്യം മുഴുവന്‍ ശ്രദ്ധിച്ചിരുന്ന പ്രൊഫസര്‍ക്ക് ഒരുതരത്തിലുള്ള ജാടയുമില്ലായിരുന്നു. താമസ സ്ഥലത്തെത്തിയാല്‍ ആര്‍ക്കും സൗജന്യ ക്ലാസ്. ഡോക്ടറേറ്റ് ഇല്ലാത്ത പ്രൊഫസറുടെ കീഴില്‍ ഗവേഷണം നടത്തിയ എത്രയോ പേര്‍ പി.എച്ച്.ഡി നേടി. അദ്ദേഹം വാച്ചു കെട്ടാറില്ലായിരുന്നു. മനുഷ്യന് സമയത്തോടുള്ള അടിമത്തത്തിന്റെ പ്രതീകമായാണ് അദ്ദേഹം വാച്ചിനെ വിശേഷിപ്പിച്ചത്. കയ്യില്‍ പഴ്സും ഉണ്ടാകാറില്ല. ആര്‍ഷ ഭാരത സംസ്‌കാരത്തില്‍പ്പെട്ട ഗുരു തന്നെയായിരുന്നു അദ്ദേഹം. വിദ്യാര്‍ത്ഥികളുടെ സ്‌കൂട്ടറിന് പിന്നിലിരുന്നും ബസില്‍ കയറിയുമാണ് അദ്ദേഹം പഠിപ്പിക്കാനെത്തിയിരുന്നത്. സഹ അധ്യാപകരെ പരമാവധി പ്രോത്സാഹിപ്പിക്കുന്ന ടീം ലീഡറുമായിരുന്നു അദ്ദേഹം.
ഷേക്സ്പിയര്‍ നാടകങ്ങള്‍ക്ക് അദ്ദേഹം എഴുതിയ ഗൈഡുകള്‍ വായിക്കുന്നത് ഒരു അനുഭവമാണ്. ഗൈഡുകള്‍ക്കപ്പുറം മികച്ച സാഹിത്യ ആസ്വാദനങ്ങളായിരുന്നു അവയെല്ലാം. വിദ്യാര്‍ത്ഥികളേക്കാള്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ക്കും ഇതു പ്രയോജനപ്പെട്ടിരുന്നു. ശ്രദ്ധേയമായ നിരവധി റേഡിയോ പ്രഭാഷണങ്ങള്‍ പ്രൊഫസര്‍ നടത്തിയിട്ടുണ്ട്.
തുറന്ന സമീപനവും ആത്മാര്‍ത്ഥതയും ലാളിത്യവുമുള്ള ഈ ഗുരുശ്രേഷ്ഠന് ഏറെ സുഹൃത്തുക്കളുണ്ടായിരുന്നു. വിദ്യാര്‍ത്ഥികള്‍ അദ്ദേഹത്തെ ആരാധിച്ചു. പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സല്‍ക്കാരങ്ങളില്‍ അദ്ദേഹം സ്നേഹപൂര്‍വ്വം പങ്കുകൊണ്ടു. വിദ്യാര്‍ത്ഥികളും അദ്ദേഹത്തോടൊപ്പം പുകവലിച്ചു. 1960കളും 70 കളും പുകവലി ഭ്രാന്തിന്റെ  കാലമായിരുന്നല്ലോ. എം.എ ക്ലാസുകളില്‍ പലരും ഈ ഗുരുവിനൊപ്പം പുകവലിച്ചുകൊണ്ടാണ് ക്ലാസിലിരുന്നതെന്ന് പറയുമ്പോള്‍ ഈ സൗഹൃദത്തിന്റെ ആഴം പിടികിട്ടും. മദ്യം ഇഷ്ടമായിരുന്ന അദ്ദേഹത്തോടൊപ്പം ചേര്‍ന്ന് വിദ്യാര്‍ത്ഥികളും സാഹിത്യ ചര്‍ച്ചകളുടെ അകമ്പടിയോടെ സായാഹ്നങ്ങളെ ഉല്ലാസഭരിതമാക്കി.
ഇംഗ്ലീഷ് എം.എയുടെ വാചാ പരീക്ഷയില്‍ രസകരമായ ഒരനുഭവമുണ്ടായി. പ്രൊഫ.ഷെപ്പേഡിനെ കൂടാതെ ഗാന്ധിയനും കവിയുമായ പ്രൊഫ.ജി.കുമാരപ്പിള്ളയും, അണ്ണാമല യൂണിവേഴ്സിറ്റിയിലെ പ്രൊഫ.സുന്ദരവുമാണ് വാചാ പരീക്ഷാ ബോര്‍ഡിലുള്ളത്. ഇംഗ്ലീഷ് സാഹിത്യം സംബന്ധിച്ച് എന്തും ചോദിക്കാമെന്നതിനാല്‍ അല്‍പ്പം അശങ്കയോടെയാണ് മുറിയിലേക്ക് കയറിയത്.എന്നെ അഭിവാദ്യം ചെയ്തുകൊണ്ട് പ്രൊഫ.ഷെപ്പേഡ് പറഞ്ഞു ‘മിസ്റ്റര്‍ സുന്ദരം ജോര്‍ജ്ജ് വരുന്നത് തിരുവമ്പാടിയില്‍ നിന്നാണ്. അവിടെ നല്ല നാടന്‍ കിട്ടും, സ്‌കോച്ചിനേക്കാള്‍ ഉഗ്രന്‍’. മറ്റ് രണ്ടുപേരും ഇതുകേട്ട് പൊട്ടിച്ചിരിച്ചു. തിരുവമ്പാടിയിലെ ലഹരി ആസ്വദിച്ചിട്ടുള്ള പ്രൊഫസര്‍ വാചാ പരീക്ഷയില്‍ എന്റെ പിരിമുറുക്കം കുറയ്ക്കാന്‍ ബോധപൂര്‍വ്വം പറഞ്ഞ തമാശയായിരുന്നു അത്.
മലയാള മനോരമ മുന്‍ അസിസ്റ്റന്റ് എഡിറ്ററും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനുമായ കെ.എഫ്.ജോര്‍ജ്ജിന്റെ ഈ പംക്തി എല്ലാ ബുധനാഴ്ചകളിലും വായിക്കാവുന്നതാണ്.അരനൂറ്റാണ്ടു കാലത്തെ മാധ്യമ രംഗത്തെയും സാഹിത്യ രംഗത്തെയും അനുഭവങ്ങളും ജീവിത ദര്‍ശനങ്ങളും പ്രതിപാദിക്കുന്നതാണ് വാടാമല്ലികള്‍.

 

 

വാടാമല്ലികള്‍ (ഭാഗം 2) സിഗററ്റ് വലിച്ചുകൊണ്ട് ക്ലാസെടുക്കുന്ന പ്രൊഫസര്‍

Share

Leave a Reply

Your email address will not be published. Required fields are marked *