മഹാത്മാഗാന്ധിയുടെ ജന്മദിനം സാര്‍വ്വലൌകിക അഹിംസാ ദിനമായി ആചരിക്കണമെന്ന ആശയം,
ലോകത്ത് ആദ്യമായി നൊബേല്‍ സമാധാന പുരസ്‌കൃതയായ മുസ്ലിം വനിതയും ഇറാനിയന്‍ മനുഷ്യാവകാശ,സ്ത്രീ വിമോചന പ്രവര്‍ത്തകയുമായ ഷിറിന്‍ ഇബാദി യുടെതായിരുന്നു.
2004 ല്‍ മുംബൈയില്‍ ചേര്‍ന്ന വേള്‍ഡ് സോഷ്യല്‍ ഫോറത്തില്‍ അവര്‍ ഇക്കാര്യം നിര്‍ദ്ദേശിച്ചതിനെത്തുടര്‍ന്ന് അത് ലോകമാകെ ചര്‍ച്ച ചെയ്യപ്പെടുകയും
2007 ല്‍ നയീദില്ലിയില്‍ സംഘടിപ്പിച്ച സാര്‍വ്വേദേശീയ സത്യഗ്രഹസമ്മേളനം, ചെയര്‍പേഴ്‌സണ്‍ സോണിയ ഗാന്ധിയുടെയും നൊബേല്‍ ജേതാവ് ഡെസ്മണ്ട് ടുട്ടുവിന്റെയും നേതൃത്വത്തില്‍ ഒരു പ്രമേയമായി ഇത് അംഗീകരിക്കുകയും ശേഷം ഐക്യ രാഷ്ട്ര സഭയില്‍ ഭാരത സര്‍ക്കാര്‍ ഔദ്യോഗികമായി ആവശ്യമുന്നയിക്കുകയുമായിരുന്നു.
2007 ജൂണ്‍ 15ാം തിയതി ഐക്യരാഷ്ട്ര പൊതുസഭ ഐകകണ്‌ഠ്യേന ഗാന്ധിജയന്തി ദിനം അന്താരാഷ്ട്ര അഹിംസാ ദിനമായി പ്രഖ്യാപിക്കുകയുംചെയ്തു. വിദ്യാഭ്യാസ- അവബോധ പ്രവര്‍ത്തനങ്ങളിലൂടെ അഹിംസാ സന്ദേശം പ്രചരിപ്പിക്കുക എന്നതാണ് ദിനാചരണോദ്ദേശ്യം. സമാധാന സംസ്‌കാരംവളര്‍ത്തിയെടുക്കുക എന്നതാണ് ഈവര്‍ഷത്തെ പ്രതിപാദ്ധ്യവിഷയം.
നാം ഭാരതീയര്‍ക്കും തദ്വാരാ ലോകത്തിനും ഭൗതികവും ആത്മീയവുമായ ഉത്ഥാനത്തിനായി അഹിംസയെന്ന വിമോചന പ്രത്യയശാസ്ത്രം പ്രദാനം ചെയ്ത്,
നാല്പത് കോടി ജനതയെ സ്വാതന്ത്ര്യത്തിന്റെ വെള്ളിവെളിച്ചത്തിലേക്ക് നയിച്ച മഹാമനീഷിയാണ് 1869 ഒക്ടോബര്‍ 2ന് കരംചന്ദ് ഗാന്ധിയുടെയും പുത്ലി ബായിയുടെയും ഇളയ മകനായി ‘സുദാമാപുരി’യില്‍ ജനിച്ച മോഹന്‍ദാസ് കരംചന്ദ് ഗാന്ധി എന്ന മഹാത്മാഗാന്ധി.
‘ക്രിസ്തുദേവന്റെ പരിത്യാഗശീലവും, സക്ഷാല്‍ കൃഷ്ണനാം ഭഗവാന്റെ ധര്‍മ്മരക്ഷോപായവും, ബുദ്ധന്റെയഹിംസയും, ശങ്കരാചാര്യരുടെ ബുദ്ധിശക്തിയും, രന്തിദേവന്റെ ദയാവായ്പും ശ്രീ ഹരിശ്ചന്ദ്രനുള്ള സത്യവും മുഹമ്മദിന്‍ സ്ഥൈര്യവുമൊരാളില്‍ ചേര്‍ന്നൊത്തു കാണണമെങ്കില്‍ ചെല്ലുവിന്‍ ഭവാന്മാരെന്‍ ഗുരുവിന്‍ നികടത്തിലല്ലായ്കിലവിടത്തെച്ചരിത്രം വായിക്കുവിന്‍’!
അഥവാ ലോകത്തിന്റെ നിലനില്പിനാവശ്യമായ നന്മകളെല്ലാം ഒരാളില്‍ കേന്ദ്രീകരിച്ചാല്‍ അതാണ് ഗാന്ധിയെന്ന്, ഒറ്റവാക്കു പോലെ വിന്യസിച്ച മഹാകവി വള്ളത്തോളിന്റെ ഈ വാങ്മയചിത്രം ഒന്നു മാത്രം മതി, കാലദേശ നാഗരിക വൈവിദ്ധ്യങ്ങളെ സ്വജീവിതത്തില്‍ സ്വാംശീകരിക്കുകയും എല്ലാപാതകളും ഒന്നായി രാജപാതയായി മാറുന്ന മാനവികതയുടെ സാകല്യത്തെ ഉപാസിച്ച മഹാത്മാഗാന്ധിയെ മനസിലാക്കാന്‍.
താന്‍ പുതുതായൊരു തത്വസംഹിതയും മുന്നോട്ടു വയ്ക്കുന്നില്ലെന്നും അഹിംസയും സത്യവുമെല്ലാം പര്‍വ്വതങ്ങളോളം പഴക്കമുള്ളവയാണെന്നും, ഓരോരുത്തരെയും തന്നിലെ ഈശ്വരാംശം കണ്ടെത്തുവാന്‍ പ്രേരിപ്പിക്കുക മാത്രമാണ് താന്‍ ചെയ്യുന്നതെന്നും മഹാത്മാഗാന്ധി പറഞ്ഞിട്ടുണ്ട്. അന്നുവരെ കേട്ടിരുന്നത്, സത്യമാണീശ്വരനെന്ന് തിരിച്ചെഴുതിയതിലൂടെ ഗാന്ധിജി സമര്‍ത്ഥിച്ചത്, സത്യത്തിന്റെ പരമകാഷ്ഠയാണ്. തന്റെ ജീവിതത്തിലുടനീളം പരമമായ സത്യത്തിന്റെ പ്രബോധകനായി അദ്ദേഹം നിലകൊള്ളുകയും ചെയ്തു.
അതേ സമയം, സ്വാതന്ത്ര്യലബ്ധിയെന്നത്, അധികാരത്തിലേക്കുള്ള എളുപ്പ വഴിയല്ലെന്നും അഹിംസയെന്നാല്‍, ത്യാഗപൂര്‍ണ്ണമായ സേവനമാണെന്ന് ലോകത്തെ ബോദ്ധ്യപ്പെടുത്തിക്കൊണ്ടും അന്നുണ്ടായിരുന്നതും ഇന്നും നിലനില്ക്കുന്നതുമായ ലോകക്രമത്തിന് വിരുദ്ധമായി സ്വാതന്ത്ര്യഹേതുകരില്‍ ഏറ്റവും പ്രമുഖനായിട്ടും അധികാരത്തിന്റെ ഒരു ശ്രേണിയിലും വരാതെ വ്യതിരിക്തനാകുവാനും മഹാത്മാഗാന്ധിക്ക് കഴിഞ്ഞത്, വാക്കും പ്രവൃത്തിയും തമ്മില്‍ ഭേദമരുതെന്ന കര്‍ക്കശ നിലപാടുമൂലമാണ്.
ഒരു ക്ഷേത്രത്തിലും ദര്‍ശനം നടത്താതെ, എങ്ങനെ ഒരു നല്ല ഭക്തനാവാമെന്ന് മത – ജാതി വൈവിദ്ധ്യങ്ങളേറെയുള്ള ഇന്‍ഡ്യന്‍ സമൂഹത്തെ ബോദ്ധ്യപ്പെടുത്തുമ്പോഴും മതബോധനങ്ങളെ വ്യക്തിയുടെയും സമൂഹത്തിന്റെയും സാംസ്‌കാരികോന്നമനത്തിന് എങ്ങനെ ഉപയുക്തമാക്കാമെന്നതിനും അദ്ദേഹം വഴികാട്ടിയായി. അവയുടെ അന്തസ്സത്ത ചോരാതെ സ്വയം വ്യാഖ്യാനിക്കുവാനും സധൈര്യം, ഭാരതത്തിന്റെ മുഖമുദ്രയായ നാനാത്വത്തില്‍ ഏകത്വത്തെ അതിലിഴ ചേര്‍ത്തുവയ്ക്കുന്നതിലും വിജയിച്ച വ്യക്തി കൂടിയാണ് ഗാന്ധിജി.
അക്കാരണത്താല്‍ തന്നെ, പല മഹാന്മാരും സത്യാഹിംസകളുടെ പ്രചാരകരയായിരുന്നെന്നാലും സ്വജീവിതത്തിലും സാമൂഹിക ജീവിതത്തിലും ഇവ വിജയകരമായി
പരീക്ഷിച്ച രാഷ്ട്ര രാഷ്ട്രതന്ത്രജ്ഞന്‍ മഹാത്മാഗാന്ധി മാത്രമാണെന്നുവരുന്നു. സ്വന്തം ജനതയുടെ ആത്മാഭിമാനത്തിന്റെയും ജനതയോടും രാഷ്ട്രത്തോടുമുള്ള സീമാതീതമായ സ്‌നേഹത്തിന്റെയും ആകത്തുകയാണ് ഗാന്ധിജിയെന്നതിനാല്‍ അദ്ദേഹത്തിന്റെ ആശയങ്ങളും സമീപനങ്ങളും
ചരിത്രപരമായ അനിവാര്യതയായി മാറുകയും ചെയ്യുന്നു.
മുഗള്‍ഭരണകാലത്ത്, മൊത്തം ആഗോള ഉല്‍പാദനത്തിന്റെ 24% സംഭാവന ചെയ്ത ഒരു രാഷ്ട്രത്തെ,കൊളോണിയലിസത്തിന്റെ മുഖമുദ്രയായ അമിത ചൂഷണത്തിന് വിധേയമാക്കി കേവല ദശകങ്ങള്‍ കൊണ്ട് 3% ലേക്ക് കൂപ്പുകുത്തിച്ച അധിനിവേശ ഭരണാധികാരികളുടെ മുന്നില്‍, അവരുടെ നിയതമായ വസ്ത്രധാരണ രീതിയെ പരസ്യമായി വെല്ലുവിളിച്ചു കൊണ്ട് അധികാരക്കൈമാറ്റം ചര്‍ച്ച ചെയ്യാന്‍ ധൈര്യമവലംഭിച്ചതിന്റെ പേരില്‍ അര്‍ദ്ധനഗ്‌നനായ ഫക്കീര്‍ എന്ന അവഹേളനത്തിന് രാഷ്ട്രപിതാവ് പാത്രീഭൂതനായെന്നാലും ഇനിയും വ്യവച്ഛേദിക്കപ്പെട്ടിട്ടില്ലാത്ത ദേശാഭിമാനത്തിന്റെ വലിയൊരദ്ധ്യായമാണ് ഗാന്ധിജി എന്നതില്‍ സംശയമില്ല.
സാംസ്‌കാരിക ദേശീയതയെന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന ഫാഷിസത്തിന്റെ തേര്‍വാഴ്ച്ച ദൃശ്യമാവുന്ന ഉത്തരം വക്രിച്ച നവഭാരതത്തില്‍, ദേശാഭിമാനം വാനോളം ജ്വലിപ്പിച്ച മഹാത്മാഗാന്ധി, കേവലം’കൗശലക്കാരനായ വണികന്‍’ ആയി മുദ്രകുത്തപ്പെടുന്നത് പൊറുക്കപ്പെടാത്ത നൃശംസതയാണ് എന്ന കാര്യം നാം വിസ്മരിക്കരുത്.
എങ്കിലും സര്‍വസംഗപരിത്യാഗിയായ പരിവ്രാജകനുമായിരുന്നില്ല ഗാന്ധിജി. ആത്മനിഷ്ഠമായ ജീവിതചര്യയിലും സവിശേഷമായ ജീവിത മൂല്യങ്ങളുടെ പ്രയോഗവല്‍കരണം സാദ്ധ്യമാക്കിയ തത്വചിന്തകനായിരുന്നു മഹാത്മജി. അപ്പോഴും കേവലം വീരാരാധനയോടെ സമീപിക്കേണ്ട വ്യക്തിത്വവുമല്ല ഗാന്ധിജിയുടെത്.
ഗാന്ധി നാമം ജപിക്കുന്നതില്‍ ഭ്രാന്തമായആവേശം കാണിക്കുന്ന രാഷ്ട്രീയാരാഷ്ട്രീയ സംഘടനകളും നേതാക്കളുമെല്ലാം ഉപരിപ്‌ളവവും, ഗാന്ധിസത്തിന്റെ അന്തസ്സത്തക്ക് നിരക്കാത്തതുമായ പൊള്ളത്തരങ്ങളില്‍ അഭിരമിക്കുന്ന കാഴ്ച്ച ജുഗുപ്‌സാവഹമെന്ന് പറയാതെ വയ്യ! അപച്യുതിയുടെ കാലത്ത് അത്തരക്കാര്‍ മേല്‍ക്കൈ നേടുന്നുണ്ടെങ്കിലും, ആഗോളവ്യാപകമായി പുതു തലമുറ മഹാത്മാവിനെ മുന്‍വിധി കൂടാതെ സ്വാംശീകരിക്കുന്നത് ആശാവഹമാണ്.
തങ്ങള്‍ പീഢിപ്പിക്കപ്പെടുമ്പോഴും മനസാ വാചാ കര്‍മ്മണാ തങ്ങളാലാരും പീഡിപ്പിക്കപ്പെടരുതെന്ന മഹത്തായ അഹിംസാ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവും അതിനാല്‍ത്തന്നെ പ്രഥമ പ്രയോക്താവും മഹാത്മാഗാന്ധിയാണ്. പീഢകരുടെ അകക്കണ്ണ് തുറപ്പിക്കുന്ന സത്യഗ്രഹമെന്ന സഹന സമരത്താല്‍ ശത്രുവിനെ മാനസാന്തരപ്പെടുത്തിയ അതുല്യനായ സാരഥി.
മനുഷ്യരോടുമാത്രമല്ല, അചേതനവും സചേതനവുമായ സര്‍വ ചരാചരങ്ങളോടുമുള്ള കരുതലിന്റെയും സമാധാനത്തിന്റെയും പര്യായമാണ് ഗാന്ധിജി. അന്നുവരെ കണ്ട രക്ത രൂക്ഷിത സമരമുറകളെ പാടെ നിരാകരിച്ചും ലോകത്താദ്യമായി ശാന്തിയിലും സമാധാനത്തിലുമൂന്നിയുള്ള പോരാട്ടസംസ്‌കാരം ഉരുത്തിരിച്ചെടുത്തു കൊണ്ടും രണ്ടു വന്‍കരകളില്‍ ഒരേ സാമ്രാജ്യത്തോട്
ധര്‍മ്മയുദ്ധം നടത്തി വിജയശ്രീലാളിതനായ ഏക യോദ്ധാവും മഹാത്മാഗാന്ധി മാത്രമാണെന്നത് ചരിത്ര സാക്ഷ്യം.
ലോകമിന്ന്, വിശിഷ്യാ വിശ്വ യുവത ഹിംസാമാര്‍ഗ്ഗം വെടിഞ്ഞ് സമാധാനത്തിന്റെ ഗാന്ധിമാര്‍ഗ്ഗത്തില്‍ ആകൃഷ്ടരാവുകയാണെങ്കിലും രാഷ്ട്രപിതാവിനെ വില്പനച്ചരക്കാക്കുവാനും പൈതൃക സ്ഥലികള്‍ വാണിജ്യവല്‍കരിച്ച് സമ്പത്താര്‍ജ്ജിക്കുവാനുമുള്ള തത്രപ്പാടിലാണ് ജന്മനാടെന്ന ദുഃഖ സത്യം ഗാന്ധിജിയെ സ്‌നേഹിക്കുന്ന ഓരോരുത്തരേയും വ്യാകുലപ്പെടുത്തുന്നതാണ്. മഹാത്മാവല്ല, ഗാന്ധി ദുരാത്മാവാണെന്ന് നിന്ദിച്ചവര്‍ ഇന്ന് അധികാരം കൈയാളുമ്പോള്‍, ഇരയേക്കാള്‍ വേട്ടക്കാരന് സ്വീകാര്യത കൈവരുന്ന ദരവസ്ഥ നമുക്കു മുന്നിലുണ്ട്.
മാതൃ രാജ്യത്തിന്റെ
ശാസ്ത്ര സാങ്കേതികത്തികവിന്റെ പിന്‍ബലത്തില്‍ മുതലാളിത്ത വ്യവസ്ഥിതി, ലോകം കൈപ്പിടിയിലൊതുക്കുമ്പോഴും സ്വയം പുതുക്കാനാവാതെ കാലഹരണപ്പെടുന്ന പ്രത്യയശാസ്ത്രപ്പട്ടികയിലല്ല ഗാന്ധിസമുള്‍പ്പെടുന്നതെന്നത് ആശാവഹമായ കാര്യമാണ്,എങ്കിലും സ്വാതന്ത്ര്യം കെട്ടിപ്പടുത്ത മദ്യ വര്‍ജ്ജനം, ഹരിജനോദ്ധാരണം, മത മൈത്രി, ഖാദി തുടങ്ങിയ നാലു തൂണുകളില്‍ ആദ്യത്തേതും അവസാനത്തേതും തട്ടിക്കളയുന്ന നാശത്തിന്റെ പാത സ്വീകരിക്കാന്‍ നമുക്കെന്തിനാണീ വെമ്പല്‍ എന്ന് സ്വയം ചോദിക്കുവാന്‍ നാം ബാദ്ധ്യസ്ഥരാണ്. .
തന്റെ അനുപമമായ ആശയത്തിന്റെ പില്‍ക്കാല പ്രണേതാക്കള്‍ക്ക് ലഭിച്ചിട്ടും ബ്രിട്ടീഷ് സാമ്രാജ്യശക്തിയോട് സഹന സമരമെന്ന സംസ്‌കാര ഭദ്രമായ സമര രീതി ഉരുത്തിരിച്ച് വിജയശ്രീലാളിതനായ മഹാത്മാഗാന്ധി, നൊബേല്‍ സമാധാന സമ്മാനിതനായില്ല എന്ന വൈരുദ്ധ്യം ഗാന്ധിജയന്തി, അഹിംസാ ദിനമായി ലോകം ആചരിക്കുമ്പോള്‍ നി4ബ്ബന്ധമായും പരിചിന്തനം ചെയ്യേണ്ട വിഷയമാണ്. 1937 നും1948 നും ഇടയില്‍
അഞ്ച് തവണ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിട്ടും മഹാത്മാഗാന്ധിയെ സമാധാന പുരസ്‌കാരത്തിന് പരിഗണിക്കാന്‍ വിധിനിര്‍ണ്ണയ സമിതിക്കായില്ലെന്നു മാത്രമല്ല,കടുത്ത ദേശീയവാദിയെന്നു ഗാന്ധിജിയെ ചാപ്പകുത്തുവാനും അവര്‍ മറന്നില്ല. 1948 ആയപ്പോള്‍ സമാധാന സമ്മാനം മരണാനന്തരം നല്‍കില്ലെന്ന നിലപാടിലേക്ക് അവാര്‍ഡ് നിര്‍ണ്ണയ കമ്മിറ്റി മാറി. പക്ഷെ 1931 ലും 1961 ലും മരണാനന്തര ബഹുമതിയായി സമാധാന സമ്മാനം നല്‍കിയത് അന്നത്തെ പക്ഷപാതപരമായ ലോകരാഷ്ട്രങ്ങളുടെ ദര്‍പ്പണമായിരുന്നെങ്കില്‍, സമാധാനത്തിന്റെയും അഹിംസയുടെയും ആവശ്യകത അനുഭവത്തിലൂടെ തിരിച്ചറിയുന്ന നവീന ലോക ക്രമത്തില്‍ സമാധാനത്തിന്റെ അപോസ്തലന്‍അംഗീകരിക്കപ്പെടുമെന്ന് തന്നെ നമുക്ക് പ്രത്യാശിക്കാം.
അസഹിഷ്ണതയുടെ കാലത്ത്, ഗാന്ധിസത്തിന്റെ നവീനവത്ക്കരണവും പുനര്‍വായനയും അതിരുകളില്ലാത്ത സഹിഷ്ണുതയിലേക്കും സര്‍വധര്‍മ്മ സമഭാവനയിലേക്കും നമ്മെ നയിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
ഗാന്ധിയന്‍ ദര്‍ശനങ്ങളുടെ വീണ്ടടുപ്പിലൂടെ, ത്യാഗിവര്യരായ അനേകായിരം രക്തസാക്ഷികളുടെ ചുടുനിണത്താല്‍ യാഥാര്‍ത്ഥ്യമായ മതനിരപേക്ഷ ഭാരതത്തിന്റെ സമാധാനത്തിലൂന്നിയ നിലനില്‍പ്പിനായും, മത-ജാതി വെറിയ്ക്കും ഇപ്പോഴും നിലനില്ക്കുന്ന അസ്പൃശ്യതയ്ക്കുമെതിരായും സത്യസന്ധമായി നിലകൊള്ളുമെന്ന് 155ാംഗാന്ധിജയന്തി യില്‍ നമുക്ക് പ്രതിജ്ഞയെടുക്കാം.
ജയ് ജഗത്.
ഇന്ന് ലോക അഹിംസാ ദിനം അഥവാ 155ാമത് ഗാന്ധിജയന്തി
ബദറുദ്ദീന്‍ ഗുരുവായൂര്‍, സെക്രട്ടറി, കെ.പി.സി.സി.ഗാന്ധി
ദര്‍ശന്‍ സമിതി, സംസ്ഥാനകമ്മിറ്റി