ന്യൂഡല്‍ഹി: മദ്യ അഴിമതിക്കേസില്‍ ജയിലില്‍ കഴിയുന്ന അരവിന്ദ് കെജ്‌രിവാളിന് സുപ്രീം കോടതി ജാമ്യം നല്‍കി. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് അഞ്ചുമാസമായി ജയിലില്‍ കഴിയുന്ന കെജ്രിവാളിന്റെ അപേക്ഷയില്‍ വിധി പറഞ്ഞത്.
മദ്യനയവുമായി ബന്ധപ്പെട്ട് ഇ.ഡി. രജിസ്റ്റര്‍ ചെയ്ത കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കെജ്‌രിവാളിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചിരുന്നു. ജൂലൈ 12 നാണ് കെജ്‌രിവാളിന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. ഇ.ഡി.അറസ്റ്റ് ചോദ്യം ചെയ്ത് കെജ്രിവാള്‍ സമര്‍പ്പിച്ച ഹര്‍ജി വിശാല ബെഞ്ചിന് വിട്ടുകൊണ്ടാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. എന്നാല്‍ അഴിമതി നിരോധന നിയമപ്രകാരം സിബിഐ അറസ്റ്റ് ചെയ്തതിനാല്‍ കെജ്രിവാള്‍ തിഹാര്‍ ജയിലില്‍ തന്നെ തുടരുകയായിരുന്നു.
ഇ.ഡി രജിസ്റ്റര്‍ചെയ്ത കേസിലെ ജാമ്യം അപ്രസക്തമാക്കാന്‍ മാത്രമായിരുന്നു കെജ്രിവാളിനെ സിബിഐ അറസ്റ്റ് ചെയ്തതെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. കെജ്രിവാള്‍ വ്യാഴാഴ്ച വൈകിട്ടോടെ ഡല്‍ഹി തിഹാര്‍ ജയിലില്‍നിന്ന് മോചിതനാകും . ജസ്റ്റിസുമാരായ സൂര്യ കാന്ത്, ഉജ്ജ്വല്‍ ഭുയാന്‍ എന്നിവര്‍ അടങ്ങിയ സുപ്രീം കോടതി ബെഞ്ചാണ് ഡല്‍ഹി മദ്യനയത്തില്‍ സിബിഐ രജിസ്റ്റര്‍ചെയ്ത കേസില്‍ കെജ്‌രിവാളിന് സ്ഥിരം ജാമ്യം അനുവദിച്ചത്.വ്യക്തിയുടെ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയം ആയതിനാല്‍ ജാമ്യം അനുവദിക്കുന്നുവെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ജയില്‍ മോചിതനാകുമെങ്കിലും, കെജ്‌രിവാളിന് മുഖ്യമന്ത്രി എന്ന നിലയില്‍ ഔദ്യോഗിക ചുമതലകള്‍ വഹിക്കാന്‍ പരിമിതികളുണ്ടാകും.
മദ്യനയവുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മാര്‍ച്ച് 21- നാണ് കെജ്‌രിവാളിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്യുന്നത്. തുടര്‍ന്ന് ഇ.ഡി. കസ്റ്റഡിയില്‍ ഇരിക്കെ ജൂണ്‍ 26-ന് സിബിഐ അറസ്റ്റ് ചെയ്യുകയായിരുന്നു.
മദ്യഅഴിമതിക്കേസ് കെജ്രിവാളിന്
ജാമ്യം നല്‍കി സുപ്രീംകോടതി