കെ.എ. കൊടുങ്ങല്ലൂര്‍ സാഹിത്യ പുരസ്‌കാര വിതരണം 6ന്

കെ.എ. കൊടുങ്ങല്ലൂര്‍ സാഹിത്യ പുരസ്‌കാര വിതരണം 6ന്

മാധ്യമം റിക്രിയേഷന്‍ ക്ലബ്ബ് ഏര്‍പ്പെടുത്തിയ കെ.എ. കൊടുങ്ങല്ലൂര്‍ സാഹിത്യ പുരസ്‌കാരങ്ങള്‍ 6ന് വൈകീട്ട് 4 മണിക്ക് അളകാപുരി ഓഡിറ്റോറിയത്തില്‍ നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ വിതരണം ചെയ്യും. കോഴിക്കോട് കോര്‍പറേഷന്‍ മേയര്‍ ഡോ. ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. പ്രശസ്ത എഴുത്തുകാരന്‍ സുഭാഷ് ചന്ദ്രന്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും. ഗ്രന്ഥകാരനും മുതിര്‍ന്ന പത്രപ്രവര്‍ത്തകനുമായ ടി.പി. ചെറൂപ്പ കെ.എ. കൊടുങ്ങല്ലൂര്‍ അനുസ്മരണ പ്രഭാഷണം നടത്തും. എഴുത്തുകാരായ പി.കെ. പാറക്കടവ്, നിധീഷ് നടേരി, മാധ്യമം ജോയിന്റ് എഡിറ്റര്‍ പി. ഐ. നൗഷാദ്, മാധ്യമം റിക്രിയേഷന്‍ ക്ലബ് പ്രസിഡന്റ് എം. സൂഫി മുഹമ്മദ്, ജനറല്‍ സെക്രട്ടറി പി. ഷംസുദ്ദീന്‍, കെ.എ. കൊടുങ്ങല്ലൂര്‍ അവാര്‍ഡ് കമ്മിറ്റി കണ്‍വീനര്‍ എം. കുഞ്ഞാപ്പ തുടങ്ങിയവര്‍ സംബന്ധിക്കും. കോഴിക്കോട് മെഹ്ഫില്‍ സംഘത്തിന്റെ ‘സോജാ രാജകുമാരീ…’ സംഗീതപരിപാടിയും അരങ്ങേറും.

2022 സെപ്റ്റംബറില്‍ മാധ്യമം ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ‘പടപ്പ്’ എന്ന ചെറുകഥക്കാണ് ഫസീല മെഹര്‍ പുരസ്‌കാരം നേടിയത്. മാതൃഭൂമി ആഴ്ചപ്പതിപ്പ് 2023ലെ റിപ്പബ്ലിക് പതിപ്പില്‍ പ്രസിദ്ധീകരിച്ച ‘എന്റെ അമ്മൂമ്മ ഒരു ചരിത്രവനിത’യ്ക്കാണ് അമലിന് പുരസ്‌കാരം.
പ്രശസ്ത സാഹിത്യകാരനും ചിന്തകനും വാരാദ്യമാധ്യമം പ്രഥമ എഡിറ്ററുമായ കെ.എ. കൊടുങ്ങല്ലൂരിന്റെ സ്മരണയ്ക്ക് മാധ്യമം റിക്രിയേഷന്‍ ക്ലബ് ഏര്‍പ്പെടുത്തിയ സാഹിത്യ പുരസ്‌കാരം ദിനപ്പത്രങ്ങളുടെ ഞായറാഴ്ചപ്പതിപ്പുകള്‍ ഉള്‍പ്പെടെയുള്ള ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ച മലയാള ചെറുകഥകള്‍ക്കാണ് നല്‍കുന്നത്. 20,000 രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്നതാണ് അവാര്‍ഡ്. ‘മാധ്യമ’ത്തിന്റെ സഹകരണത്തോടെയാണ് അവാര്‍ഡ് നല്‍കുന്നത്. എഴുത്തുകാരായ ശത്രുഘ്‌നന്‍ (ചെയര്‍മാന്‍), പി.കെ. പാറക്കടവ്, നിധീഷ് നടേരി എന്നിവര്‍ അംഗങ്ങളായ ജഡ്ജിങ് കമ്മിറ്റിയാണ് വിധി നിര്‍ണയിച്ചത്. 268 എന്‍ട്രികളില്‍ നിന്നാണ് മികച്ച കഥകള്‍ തെരഞ്ഞെടുത്തത്.

 

 

 

കെ.എ. കൊടുങ്ങല്ലൂര്‍ സാഹിത്യ പുരസ്‌കാര വിതരണം 6ന്

 

Share

Leave a Reply

Your email address will not be published. Required fields are marked *