കോഴിക്കോട് : ദേശീയ കായിക ദിനത്തോടനുബന്ധിച്ച് അഞ്ചാമത് കെ.കരുണാകരന്‍ സ്‌പോര്‍ട്‌സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.
യുവ പ്രതിഭ പുരസ്‌കാരത്തിന് ഇന്ത്യന്‍ റഗ്ബി താരവും ചക്കാലക്കല്‍ എച്ച്. എസ്.എസ് സ്‌പോര്‍ട്‌സ് അക്കാദമിയിലെ എന്‍.പി മുഹമ്മദ് ഹാദി അര്‍ഹനായി.മികച്ച സ്‌പോര്‍ട്‌സ് ലേഖനത്തിനുള്ള അവാര്‍ഡ് മലയാള മനോരമ ദിനപത്രത്തിലെ സീനിയര്‍ റിപ്പോര്‍ട്ടര്‍ വി. മിത്രനും മികച്ച ദൃശ്യ- മാധ്യമ റിപ്പോര്‍ട്ടര്‍ ക്കുള്ള അവാര്‍ഡിന് മീഡിയ വണ്‍ സീനിയര്‍ സ്‌പെഷല്‍ കറസ്‌പോണ്ടന്റ് ഷിദ ജഗതും അര്‍ഹരായി. മികച്ച കായിക സംഘാടകനുള്ള പുരസ്‌കാരം ബോള്‍ ബാഡ്മിന്റണ്‍ ജില്ലാ പ്രസിഡന്റ് സുബൈര്‍ കൊളക്കാടനും മികച്ച പരിശീലകനായി ഫൂട്ട് വോളി ഇന്ത്യന്‍ കോച്ച് കെ. അമല്‍ സേതുമാധവനും തെരഞ്ഞടുക്കപ്പെട്ടു.
മികച്ച ക്ലബിനുള്ള അവാര്‍ഡ് ചക്കാലക്കല്‍ എച്ച്. എസ്.എസ് സ്‌പോര്‍ട്‌സ് അക്കാദമിയും അര്‍ഹരായി. ചക്കാലക്കല്‍ അക്കാദമിക്ക് മലയാള മനോരമയുടെ കേരളത്തിലെ ഏറ്റവും മികച്ച ക്ലബിനുള്ള മനോരമ സ്‌പോട്‌സ് ക്ലബ് 2023 പുരസ്‌കാരം ലഭിച്ചിരുന്നു. ഒക്ടോബര്‍ 2 ന് ഡി.സി.സി ഓഫീസില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ ഷാഫി പറമ്പില്‍ എം.പി പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.
കോണ്‍ഗ്രസ് കായിക വിഭാഗമായ കെ.പി.സി.സി ദേശീയ കായിക വേദി കോഴിക്കോട് ജില്ലാ കമ്മിറ്റി ജില്ലയിലെ കായിക മേഖലയിലെ മികച്ച സംഭാവനകള്‍ക്ക് ഏര്‍പ്പെടുത്തിയ അവാര്‍ഡ് 10000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ്. 2020 ന് ആരംഭിച്ചതാണ് കെ.കരുണാകരന്‍ സ്‌പോര്‍ട്‌സ് അവാര്‍ഡ്. പ്രഖ്യാപന ചടങ്ങില്‍ കെ.പി.സി.സി ദേശീയ കായിക വേദി സംസ്ഥാന വൈസ് പ്രസിഡന്റ് റിയാസ് അടിവാരം, ജില്ലാ പ്രസിഡന്റ് ഒകെ മുഹമ്മദ് റാഫി, പി. വിനീഷ് കുമാര്‍, ഷെബീര്‍ ഫറോക്ക്, ടി.കെ സിറാജുദ്ദീന്‍, റനീഫ് മുണ്ടോത്ത് എന്നിവര്‍ സംബന്ധിച്ചു.
കെ. കരുണാകരന്‍ സ്‌പോര്‍ട്‌സ് അവാര്‍ഡ് പ്രഖ്യാപിച്ചു