സിനിമാ മേഖല പരിശുദ്ധമാകട്ടെ

സിനിമാ മേഖല പരിശുദ്ധമാകട്ടെ

എഡിറ്റോറിയല്‍

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ സിനിമാ മേഖലയിലെ പല ഉന്നതരുടെയും പൊയ്മുഖങ്ങള്‍ അഴിഞ്ഞു വീണുകൊണ്ടിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാര്‍ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനത്തവരോധിച്ച സംവിധായകന്‍ രഞ്ജിത്ത്, അമ്മയുടെ ജനറല്‍ സെക്രട്ടറി നടന്‍ സിദ്ദീഖ് എന്നിവര്‍ക്ക് പൊതു സമൂഹത്തില്‍ നിന്നുയര്‍ന്നുവന്ന കടുത്ത സമ്മര്‍ദ്ദത്തിന്റെ ഫലമായും, ഇരകളുടെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലും തല്‍സ്ഥാനങ്ങള്‍ രാജിവെക്കേണ്ടി വന്നിരിക്കുകയാണ്.
സിനിമയെന്ന മഹത്തായ കലാമൂല്യമുള്ള ഒരു മേഖലയില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന തെറ്റായ പ്രവണതകള്‍ക്കറുതി വരുത്താന്‍ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വഴിയൊരുക്കുമെന്നതില്‍ സംശയമില്ല. മലയാള സിനിമാ മേഖലയില്‍ അനഭിലഷണീയമായ പ്രവണതകളുണ്ടായിരുന്നു എന്നത് വസ്തുതയാണ്. അതാണിപ്പോള്‍ പുറത്ത് വന്ന്‌കൊണ്ടിരിക്കുന്നത്. സിനിമാ നടികളെ ശാരീരികമായി ഉപദ്രവിക്കുന്നവര്‍ക്ക് ഇതൊരു പാഠമാകും. പവിത്രമായ ഒരു കലാമേഖലയില്‍ സ്വന്തം കഴിവുകൊണ്ട് കടന്നുവരുന്നവരെ ചൂഷണം ചെയ്യുന്നവരെ എങ്ങനെ ഉല്‍കൃഷ്ട കലാകാരന്മാരായി സമൂഹത്തിന് വിലയിരുത്താനാവും?
പണത്തിന്റെയും, അധികാരത്തിന്റെയും ഹുങ്കില്‍ തങ്ങളേക്കാള്‍ വലിയവരായി ആരുമില്ലെന്നും മറ്റുള്ളവര്‍ തങ്ങളുടെ ആജ്ഞക്ക് കീഴ്‌പ്പെടേണ്ടവരാണെന്ന് ചിന്തിക്കുന്നവര്‍ക്ക് നല്ല സന്ദേശമാണ് സിനിമാ ലോകത്ത് നിന്ന് പുറത്ത് വരുന്നത്. സിനിമയില്‍ അഭിനയിക്കാന്‍ വഴിവിട്ട രീതിയില്‍ ഇടപെടണമെന്ന രീതിയില്‍ ചിലരെങ്കിലും ഈ രംഗത്ത് പ്രവര്‍ത്തിച്ചിരുന്നു എന്നാണ് വ്യക്തമായിക്കൊണ്ടിരിക്കുന്നത്. സിനിമാ നടികളെല്ലാം അവര്‍ക്കുണ്ടായ ദുരനുഭവങ്ങള്‍ തുറന്ന് പറയുകയും സര്‍ക്കാര്‍ അക്കാര്യത്തില്‍ മുഖം നോക്കാതെ നടപടിയെടുക്കുകയുമാണ് വേണ്ടത്. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് കഴിഞ്ഞ 4 വര്‍ഷത്തോളമായി സര്‍ക്കാര്‍ പുറത്ത് വിടാതിരുന്നത് ശരിയായ നടപടിയായിരുന്നില്ല.
സിനിമ മാത്രമല്ല സമൂഹത്തിന്റെ ഏത് മേഖലയിലും സ്ത്രീകള്‍ക്ക് നേരെ അനഭിലഷണീയമായ പ്രവണതകതള്‍ ഉണ്ടെന്ന് കണ്ടെത്തിയാല്‍ ശക്തമായ നടപടികളാണ് സര്‍ക്കാരില്‍ നിന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. വളരെ മഹത്തായ പാരമ്പര്യമുള്ളതാണ് മലയാള സിനിമ. ആ മേഖലയില്‍ കറുത്ത പാടുകള്‍ സൃഷ്ടിക്കുന്നവര്‍ ആരായാലും അവരെ പടിക്ക് പുറത്ത് നിര്‍ത്താന്‍ സാധിക്കണം. ഓരോ വ്യക്തിയുടെയും വ്യക്തി സ്വാതന്ത്ര്യം പരമ പ്രധാനമാണ്. അത് എവിടെയും അടിയറവെക്കാനുള്ളതല്ല. മലയാള സിനിമാ മേഖലയില്‍ ഇപ്പോഴുണ്ടായിട്ടുള്ള ഈ സംഭവ വികാസങ്ങള്‍ ഈ രംഗത്തെ ശുദ്ധിയുള്ളതും, മേന്മയേറിയതുമാക്കുമെന്നതില്‍ സംശയമില്ല. സിനിമാ മേഖലയിലുള്ളവരും, പൊതു സമൂഹവും ഉന്നതമായ കലാമേഖലയായ സിനിമാ രംഗത്തെ പവിത്രീകരിക്കാന്‍ ജാഗ്രതയോടെ നിലനില്‍ക്കണം.

സിനിമാ മേഖല പരിശുദ്ധമാകട്ടെ

Share

Leave a Reply

Your email address will not be published. Required fields are marked *