തെരുവത്ത് രാമന്‍ അവാര്‍ഡ് വി. എം. ഇബ്രാഹീമിന്

തെരുവത്ത് രാമന്‍ അവാര്‍ഡ് വി. എം. ഇബ്രാഹീമിന്

കോഴിക്കോട്: മലയാള ദിനപത്രങ്ങളിലെ മികച്ച മുഖപ്രസംഗത്തിനുള്ള കാലിക്കറ്റ് പ്രസ് ക്ലബ്ബിന്റെ 2023 ലെ തെരുവത്ത് രാമന്‍ അവാര്‍ഡിന് ‘മാധ്യമം’ എഡിറ്റര്‍ വി. എം. ഇബ്രാഹീം അര്‍ഹനായി. 2023 ഫെബ്രുവരി 14ന് മാധ്യമത്തില്‍ പ്രസിദ്ധീകരിച്ച ‘മലയാളി എങ്ങനെ നിവര്‍ന്നുനില്‍ക്കും’ എന്ന മുഖപ്രസംഗത്തിനാണ് അവാര്‍ഡ്.
15,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അവാര്‍ഡ് പ്രദീപം പത്രാധിപരായിരുന്ന തെരുവത്ത് രാമന്റെ സ്മരണാര്‍ത്ഥം കുടുംബം ഏര്‍പ്പെടുത്തിയതാണ്. പ്രമുഖ മാധ്യമ നിരീക്ഷകന്‍ ഡോ. സെബാസ്റ്റ്യന്‍ പോള്‍, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.ബാലകൃഷ്ണന്‍, പ്രസ് ക്ലബ്ബ് ജേണലിസം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ വി.ഇ.ബാലകൃഷ്ണന്‍ എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡിനു അര്‍ഹമായ മുഖ പ്രസംഗം തെരഞ്ഞെടുത്തതെന്ന് പ്രസ് ക്ലബ്ബ് പ്രസിഡന്‍ന്റ് എം. ഫിറോസ് ഖാനും സെക്രട്ടറി പി. എസ്. രാകേഷും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
കോഴിക്കോട് മെഡിക്കല്‍ കോളജിലെ മാതൃശിശുസംരക്ഷണ കേന്ദ്രത്തില്‍ പ്രസവത്തിന് വന്ന ഭാര്യക്ക് കൂട്ടിരിക്കാനെത്തിയ വയനാട്ടിലെ വിശ്വനാഥന്‍ എന്ന ആദിവാസി യുവാവിനെ സെക്യൂരിറ്റി ജീവനക്കാരും ആള്‍ക്കൂട്ടവും ചേര്‍ന്ന് മോഷണക്കുറ്റമാരോപിച്ചു മര്‍ദിച്ചതിനെ തുടര്‍ന്ന് കാണാതാവുകയും പിറ്റേന്നാള്‍ മെഡിക്കല്‍ കോളജിന് സമീപം ആളൊഴിഞ്ഞ പറമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്ത സംഭവമായിരുന്നു മുഖപ്രസംഗത്തിന്റെ വിഷയം. ആള്‍ക്കൂട്ടം കുറ്റവും ശിക്ഷയും വിധിക്കുകയും പൊലീസും നിയമവും നിസ്സംഗം നോക്കിനില്‍ക്കുകയും ചെയ്ത കിരാതസംഭവത്തിനെതിരായ പ്രതികരണമായിരുന്നു ‘മലയാളി എങ്ങനെ നിവര്‍ന്നു നില്‍ക്കും’? എന്ന മുഖപ്രസംഗം. ഗുരുതരമായ സാമൂഹിക വിപത്തിനെതിരെ തീവ്രവും തീക്ഷ്ണവുമായ ഭാഷയില്‍ എഴുതിയ യുക്തിഭദ്രമായ വിമര്‍ശനമാണ് ഈ മുഖപ്രസംഗത്തെ ശ്രദ്ധേയമാക്കുന്നതെന്ന് ജൂറി വിലയിരുത്തി.

ഇത് രണ്ടാം തവണയാണ് വി.എം.ഇബ്രാഹീമിന് തെരുവത്ത് രാമന്‍ അവാര്‍ഡ് ലഭിക്കുന്നത്. 2021ല്‍ ‘മനുഷ്യത്വം കുരിശേറുമ്പോള്‍’ എന്ന മുഖപ്രസംഗത്തിനായിരുന്നു അവാര്‍ഡ്. 2001 ജൂണില്‍ ‘മാധ്യമ’ത്തില്‍ അസി.എക്‌സിക്യൂട്ടീവ് എഡിറ്ററായി ജോലിയില്‍ പ്രവേശിച്ച വി. എം. ഇബ്രാഹീം മാധ്യമത്തിലും ഗള്‍ഫ് മാധ്യമത്തിലും എക്‌സിക്യൂട്ടീവ് എഡിറ്ററായിരുന്നു. 2021 ഏപ്രില്‍ മുതല്‍ പത്രാധിപര്‍. ‘ചെകുത്താനും ചൂണ്ടുവിരലും’, ‘തീര്‍ഥാടകന്റെ കനവുകള്‍’ (വിവര്‍ത്തനം) എന്നീ കൃതികള്‍ പ്രസിദ്ധീകരിച്ചു. ഉര്‍ദു സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദമുള്ള അദ്ദേഹം മലപ്പുറം അബ്ദുറഹ്‌മാന്‍ നഗറിലെ പരേതനായ വി.എം അബ്ദുറഹ്‌മാന്റെയും ഖദീജയുടെയും മകനാണ്. ഫാറൂഖ് കോളജ് ആസാദ് ഭവനില്‍ താമസം.
ഭാര്യ: ഹാജറ എ.കെ. മക്കള്‍:റജാ ഖാതൂന്‍, റാജി ഇസ്മാഈല്‍, നാജി ഇസ്ഹാഖ്. ജാമാതാവ്: നിയാസ് അഹ്‌മദ്.

 

 

 

 

തെരുവത്ത് രാമന്‍ അവാര്‍ഡ്
വി. എം. ഇബ്രാഹീമിന്

 

Share

Leave a Reply

Your email address will not be published. Required fields are marked *