കോഴിക്കോട്: കാലിക്കറ്റ് പ്രസ് ക്ലബ്ബിന്റെ 2023ലെ മുഷ്ത്താഖ് സ്‌പോര്‍ട്‌സ് ജേണലിസം അവാര്‍ഡിന് ‘മാതൃഭൂമി’ കണ്ണൂര്‍ റിപ്പോര്‍ട്ടര്‍ ടി. സൗമ്യ അര്‍ഹയായി. പ്രമുഖ കളിയെഴുത്തുകാരനായിരുന്ന പി.എ.മുഹമ്മദ്‌കോയ എന്ന മുഷ്ത്താഖിന്റെ
സ്മരണാര്‍ഥം കോഴിക്കോട് ജില്ലാ ഫുട്ബാള്‍ അസോസിയേഷന്റെ സഹകരണത്തോടെ ഏര്‍പ്പെടുത്തിയ അവാര്‍ഡ് 15,000 രൂപയും പ്രശസ്തി
പത്രവുമടങ്ങുന്നതാണ്.2023 ജൂണ്‍ 10 മുതല്‍ 15 വരെ മാതൃഭൂമി ദിനപത്രത്തില്‍
പ്രസിദ്ധീകരിച്ച, ‘കളിയടങ്ങിയ കളിക്കളങ്ങള്‍’ എന്ന ലേഖന പരമ്പരക്കാണ് പുരസ്‌കാരം. കായിക മേഖലയില്‍ കണ്ണൂരിനുണ്ടായ പ്രതാപം നഷ്ടപ്പെടാനുണ്ടായ കാരണങ്ങളും തിരിച്ചുപിടിക്കാനാവശ്യമായ നിര്‍ദേശങ്ങളുമാണു പരമ്പരയില്‍ ഉള്‍പ്പെടുത്തിയത്.
പ്രമുഖ കളിയെഴുത്തുകാരായ സനില്‍ പി. തോമസ്, എ.എന്‍. രവീന്ദ്രദാസ്, ടി. സോമന്‍ എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് നേടിയ പരമ്പര തെരഞ്ഞെടുത്തതെന്ന് പ്രസ് ക്ലബ്ബ് പ്രസിഡന്റ് എം.ഫിറോസ്ഖാനും സെക്രട്ടറി പി.എസ്. രാകേഷും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
കണ്ണൂരിലെ കായിക രംഗത്തെ അടിസ്ഥാന പ്രശ്നങ്ങളെക്കുറിച്ച് സമഗ്രമായി പഠിച്ച് അവതരിപ്പിക്കാന്‍ ലേഖികക്ക് സാധിച്ചിട്ടുണ്ടെന്ന് ജൂറി വിലയിരുത്തി.
കാലിക്കറ്റ് പ്രസ് ക്ലബ്ബ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസ (ഐസിജെ) ത്തില്‍ നിന്ന് ജേണലിസം ബിരുദാനന്തര ഡിപ്ലോമക്ക് ശേഷം 2008 ല്‍ വര്‍ത്തമാനം കോഴിക്കോട് ബ്യൂറോയില്‍ റിപ്പോര്‍ട്ടറായി പത്രപ്രവര്‍ത്തനം തുടങ്ങി. 2009 മുതല്‍ മാതൃഭൂമി കണ്ണൂര്‍ ബ്യൂറോയില്‍ ജോലി ചെയ്തു വരുന്നു. ഹെര്‍മന്‍ ഗുണ്ടര്‍ട്ട് സ്മാരക മാധ്യമ പുരസ്‌കാരം, നാസര്‍ മട്ടന്നൂര്‍ സ്മാരക മാധ്യമ പുരസ്‌കാരം, ജില്ലാ ഒളിമ്പിക് അസോസിയേഷന്‍ പുരസ്‌കാരം എന്നിവ നേടിയിട്ടുണ്ട്. കോഴിക്കോട് പുതിയറ തലാഞ്ചേരിയില്‍ ടി മുരളീധരന്റെയും സുഭാഷിണിയുടെയും മകളാണ്. ഭര്‍ത്താവ്: കെ വിജേഷ്. മകള്‍: തിത് ലി.
കാലിക്കറ്റ് പ്രസ് ക്ലബ്ബിന്റെ മുഷ്ത്താഖ് അവാര്‍ഡ്
ടി. സൗമ്യക്ക്