ഇന്നത്തെ ചിന്താവിഷയം  ആ വാക്കിന് എന്തു പറ്റി?

ഇന്നത്തെ ചിന്താവിഷയം ആ വാക്കിന് എന്തു പറ്റി?

മനുഷ്യന്റെ മാഹാത്മ്യം മനസ്സിന്റെ മാഹാത്മ്യം തന്നെയാകുന്നു. മനസ്സിന്റെ മാഹാത്മ്യം വാക്കുകളിലൂടെ പ്രതിഫലിക്കുന്നു. ഒരോ വാക്കുകളിലും മാനുഷീക മൂല്യങ്ങള്‍ അടങ്ങിയിരിക്കുന്നു. അത് നമ്മള്‍ അറിഞ്ഞിരിക്കണം. വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ അത് മറ്റുള്ളവര്‍ക്കു വേദനയായി മാറരുത്. ദോഷമായി ഭവിക്കരുത്. സ്‌നേഹവും വാത്സല്യവും വാക്കുകളില്‍ കണ്ടിരിക്കണം. എങ്കിലേ നമുക്ക് സൗമ്യമായി സംസാരിക്കാനാവൂ. സംസാരം സൗമ്യവും ഉപയോഗിക്കുന്ന വാക്കുകള്‍ ശ്രേഷ്ഠവുമാണെങ്കില്‍ അവിടെ ഈശ്വര ചൈതന്യം വിളയാടും. അക്ഷരങ്ങളില്‍ നിന്നും വാക്കുകളും സ്വരങ്ങളും പിറക്കുന്നു. വാക്കുകളും സ്വരങ്ങളും ഒന്നിക്കുന്നിടത്ത് സംഗീതം പിറക്കുന്നു. സംഗീതം മനസ്സിന്റെ ലയമെങ്കില്‍ വാക്ക് പ്രതിധ്വനിയാകുന്നു. വാക്കുകള്‍ കൂടിച്ചേരുമ്പോള്‍ വാചകങ്ങള്‍ പിറക്കുന്നു. വാചകങ്ങളാല്‍ വലിയ വലിയ ആശയങ്ങളെ അക്ഷരരൂപത്തില്‍ സൂക്ഷിക്കാനാകുന്നു. പ്രതിഫലിപ്പിക്കാനാകുന്നു. അങ്ങനെ വാക്കുകള്‍ കൊണ്ട് ജീവിതത്തെ ധന്യമാക്കുന്ന നമ്മള്‍ വാക്കുകളെ അക്ഷരങ്ങളെ സ്വരങ്ങളെ ഏറെ സ്‌നേഹിക്കുകയും ചെയ്യുന്നു. അക്ഷരങ്ങള്‍ ചേര്‍ന്നു വാക്കും സ്വരവും, സ്വരവും വാക്കും ചേര്‍ന്നു വാചകങ്ങളും, വാചകങ്ങളില്‍ നിന്നും ഭാഷയും ജന്മം കൊള്ളുന്നു. ഭാഷ സംവാദിക്കാനും ക്രയവിക്രയത്തിനും ഉപകരിക്കുന്നു. ജന്മം കൊണ്ട മണ്ണില്‍ സംസാരിക്കുന്ന ഭാഷ മാതൃഭാഷയും അന്യനാടുകളില്‍ ചെന്നു പഠിക്കുന്നതും സംസാരിക്കുന്നതുമായ ഭാഷകള്‍ മാതൃഭാഷയോളം വരില്ല. അവയെല്ലാം വളര്‍ത്തമ്മയായിരിക്കും, മാതൃഭാഷ പെറ്റമ്മയും. പെറ്റമ്മയും പോറ്റമ്മയും തമ്മിലുള്ള അഭേദ്യത ഏവരും ഉള്‍ക്കൊളളുക വഴി നാം ജ്ഞാനസമ്പന്നരായി മാറുകയാണ്. വിവിധ ഭാഷകളിലെ പ്രാവിണ്യം എന്നും ഏവര്‍ക്കും അനുഗ്രഹമായിരിക്കുമ്പോള്‍ മാതൃഭാഷയെ ഒന്നാം സ്ഥാനത്തു തന്നെ പരിഗണിക്കണം. മലയാളികളൊഴിച്ച് മറ്റുള്ള ഏതൊരാള്‍ക്കും മാതൃഭാഷ കഴിഞ്ഞേ മറ്റുഭാഷകളുള്ളു. അത്രമാത്രം പ്രിയം മലയാളികളില്‍ കാണുന്നില്ല എന്ന പരമാര്‍ത്ഥം തുറന്നു പറഞ്ഞു പോകുന്നു. ഇനി മറ്റൊരു കാര്യം നാം വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ എറെ ശ്രദ്ധാലുവായിരിക്കണം. വാവിട്ട വാക്കും കൈവിട്ട അമ്പും ഒരു പോലെ എന്ന പഴഞ്ചൊല്ല് എത്ര സത്യമാണ്. കൈവിട്ടു പോയ അമ്പ് ലക്ഷ്യസ്ഥാനത്ത് തറയ്ക്കുമ്പോള്‍ വാവിട്ട വാക്കു ചെന്നു തറയ്ക്കുന്നത് മനുഷ്യന്റെ നെഞ്ചിലായിരിക്കും, ഒന്നും കൈവിട്ടു പോയാല്‍ തിരിച്ചെടുക്കാനാകില്ല. അതു കൊണ്ട് വളരെ ശ്രദ്ധയോടെ വാക്കുകള്‍ ഉപയോഗിക്കുക. വിടുവാ പറയരുത്. വിശ്വം മുഴുവന്‍ നയനങ്ങളാല്‍ ആസ്വാദിക്കാന്‍ കഴിയുന്നതു പോലെ ആശയവിനിമയത്തിനും കാവ്യ കഥാ പരമ്പരക്കും വാക്കുകള്‍ മനോഹരമായ ആസ്വാദനായി ഭവിക്കട്ടെ.

 

കെ. വിജയന്‍ നായര്‍
ഉല്ലാസ് നഗര്‍ (മുംബൈ)
ഫോണ്‍:9867 24 2601

 

 

 

 

ഇന്നത്തെ ചിന്താവിഷയം

ആ വാക്കിന് എന്തു പറ്റി?

 

Share

Leave a Reply

Your email address will not be published. Required fields are marked *