രാമകൃഷ്ണ മിഷന്‍ സ്‌കൂളിന്റെ പൃഥ്വി റൂട്ട്‌സിന് യന്ത്രവാള്‍ കൈമാറി

രാമകൃഷ്ണ മിഷന്‍ സ്‌കൂളിന്റെ പൃഥ്വി റൂട്ട്‌സിന് യന്ത്രവാള്‍ കൈമാറി

കോഴിക്കോട് : മനുഷ്യ-മൃഗ സംഘര്‍ഷത്തിന് ഇടയാക്കുന്ന വനത്തിനുള്ളിലെ അധിനിവേശ വൃക്ഷം ‘രാക്ഷസ കൊന്ന ‘ ശാസ്ത്രീയമായി മുറിച്ചു നീക്കുന്നതിന് ശ്രമദാനത്തിനിറങ്ങുകയാണ് കോഴിക്കോട് രാമകൃഷ്ണ മിഷന്‍ ഹൈസ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥി സംഘടന പൃഥ്വി റൂട്‌സ്. വനവിസ്തൃതി കൂട്ടുന്നതിന് വനം വകുപ്പ് വച്ചുപിടിപ്പിച്ച കൊന്ന വര്‍ഗ്ഗത്തില്‍ പെട്ട ഈ വൃക്ഷം വളര്‍ന്നതോടുകൂടി സ്വാഭാവിക അടിക്കാടുകള്‍ ആകെ നശിപ്പിക്കപ്പെട്ടു. മുള, ഈറ്റ ,പുല്‍വര്‍ഗ്ഗങ്ങള്‍ നശിച്ചതോടെ ആനകള്‍, മാനുകള്‍, കാട്ടുപോത്തുകള്‍ കൂട്ടത്തോടെ ജനവാസ മേഖലയിലെ കൃഷി ഇടങ്ങളിലേയ്ക്ക് വന്നു തുടങ്ങി. കടുവ, പുലി തുടങ്ങിയ മാംസഭുക്കുകള്‍ അവയുടെ തീറ്റ അന്വേഷിച്ച് കാട്ടില്‍ നിന്ന് നാട്ടിലേയ്ക്കുമിറങ്ങി. അതിവേഗം പടര്‍ന്നു വളരുന്ന ഈ വൃക്ഷത്തിന്റെ വ്യാപനം തടയുന്നതിനുള്ള ശാസ്ത്രീയ പരിഹാരം തേടിയുള്ള അന്വേഷണത്തിന്റെ ഭാഗമാകാന്‍ പീച്ചിയിലെ വന ഗവേഷണ കേന്ദ്രം, കോഴിക്കോട് സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്‌സസ് ഡവലപ്‌മെന്റ് & മാനേജ്ബന്റ് (KSCSTE – CWRDM) തുടങ്ങിയവര്‍ രംഗത്തുണ്ട്. വനത്തിനുള്ളിലെ സ്വാഭാവിക ജലസ്രോതസ്സുകളും അന്യം നില്‍ക്കുന്നതിന് ഈ രാക്ഷസ കൊന്നയുടെ വ്യാപനം കാരണമാകുന്നു. അവശേഷിക്കുന്ന തൊലിയില്‍ നിന്ന് പോലും പുതിയ തൈകള്‍ വളരുന്നു എന്ന കണ്ടെത്തലിന് കൂടി പരിഹാരം തേടിയാണ് പൃഥ്വി റൂട്‌സ് ശ്രമദാനത്തിന് ഇറങ്ങുന്നത്. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിന്റെ ഭാഗമാകാന്‍ കാളാണ്ടിത്താഴം ദര്‍ശനം സാംസ്‌കാരികവേദി ഗ്രന്ഥശാല യന്ത്രവാള്‍ സമ്മാനിച്ചു. ഗ്രന്ഥശാല എം എന്‍ സത്യാര്‍ത്ഥി ഹാളില്‍ ദര്‍ശനം ചെയര്‍മാന്‍ കെ കുഞ്ഞാലി സഹീറില്‍ നിന്ന് പൃഥ്വി റൂട്ട്‌സ് പ്രതിനിധികളായ പി വി മഹേഷ്, കെ പ്രണവ്, പി അഭിജിത്ത് എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. പറമ്പിക്കുളം ടൈഗര്‍ റിസര്‍വ് മുന്‍ റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ നമ്പ്യാലത്ത് ബാബു മനുഷ്യ-വന്യമൃഗ സംഘര്‍ഷത്തിന്റെ കാരണങ്ങളെക്കുറിച്ച് ക്‌ളാസ് എടുത്തു. ദര്‍ശനം പ്രതിനിധികളായ പി ടി സന്തോഷ്‌കുമാര്‍, സി എച്ച് സജീവ് കുമാര്‍, പി ദീപേഷ് കുമാര്‍, ഇ സോമന്‍, ദര്‍ശനം കാര്‍ഷികവേദി കണ്‍വീനര്‍ ബെന്നി അലക്‌സാണ്ടര്‍ , ലൈബ്രേറിയന്‍മാരായ വി വിലാസിനി, വി ജൂലൈന എന്നിവര്‍ ആശംസ നേര്‍ന്നു. സെക്രട്ടറി എം എ ജോണ്‍സണ്‍ സ്വാഗതവും പി വി മഹേഷ് നന്ദിയും പറഞ്ഞു.

 

 

 

 

രാമകൃഷ്ണ മിഷന്‍ സ്‌കൂളിന്റെ പൃഥ്വി റൂട്ട്‌സിന്
യന്ത്രവാള്‍ കൈമാറി

Share

Leave a Reply

Your email address will not be published. Required fields are marked *