ജോലിയില്‍ കയറാന്‍ ജീവനക്കാരോട് ശാസിച്ച് എയര്‍ ഇന്ത്യ എക്‌സപ്രസ്

ജോലിയില്‍ കയറാന്‍ ജീവനക്കാരോട് ശാസിച്ച് എയര്‍ ഇന്ത്യ എക്‌സപ്രസ്

ന്യൂഡല്‍ഹി: കൂട്ട അവധിയെടുത്ത് വിമാനസര്‍വീസുകള്‍ പ്രതിസന്ധിയിലാക്കുന്ന തരത്തില്‍ സമരം നടത്തുന്ന കാബിന്‍ ജീവനക്കാരെ ശാസിച്ച് എയര്‍ഇന്ത്യ എക്‌സ്പ്രസ്. വ്യാഴാഴ്ച വൈകീട്ടോടെ ജോലിയില്‍ പ്രവേശിക്കണമെന്ന് ജീവനക്കാരോട് കമ്പനി അധികൃതര്‍ നിര്‍ബന്ധമായി ആവശ്യപ്പെട്ടു. പ്രതിഷേധവുമായി ബന്ധപ്പെട്ട 30 കാബിന്‍ ക്രൂ അംഗങ്ങളെ എയര്‍ഇന്ത്യ എക്‌സ്പ്രസ് പിരിച്ചുവിട്ടിരുന്നു. പിന്നാലെയാണ് ശാസനം.

പ്രതിസന്ധിയില്‍ പരിഹാരം തേടി കേന്ദ്ര സര്‍ക്കാരും യോഗം വിളിച്ചിട്ടുണ്ട്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് ഡല്‍ഹിയിലാണ് യോഗം. മാനേജ്‌മെന്റും പ്രതിഷേധിക്കുന്ന ജീവനക്കാരും യോഗത്തില്‍ പങ്കെടുക്കും.

ടാറ്റാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യയുടെ ഉപസ്ഥാപനമാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തതിന് പിന്നാലെ യോഗ്യതയ്ക്ക് അനുസരിച്ചുള്ള വേതനം ലഭിക്കുന്നില്ലെന്ന പരാതി ഉന്നയിച്ചാണ് ജീവനക്കാര്‍ പ്രതിഷേധിച്ചത്. എയര്‍ ഇന്ത്യാ എക്സ്പ്രസിനെ എയര്‍ ഏഷ്യയുമായും ടാറ്റാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള മറ്റു വിമാനക്കമ്പനികളുമായും ബന്ധിപ്പിക്കാനുള്ള തീരുമാനത്തിലും ഇവര്‍ക്ക് എതിര്‍പ്പുണ്ട്.മുതിര്‍ന്ന തസ്തികകളിലേക്കുള്ള അഭിമുഖം കഴിഞ്ഞവര്‍ക്കും താഴ്ന്ന തസ്തികകളില്‍ തന്നെ ജോലിയില്‍ തുടരാന്‍ ആവശ്യപ്പെട്ടതും ജീവനക്കാരെ പ്രകോപിപ്പിച്ചു. ജോലി സമയം, അലവന്‍സ് എന്നിവ സംബന്ധിച്ചും തര്‍ക്കം നിലനില്‍ക്കുന്നുണ്ട്.

കൂട്ട അവധിയെടുത്തത് ആസൂത്രിതമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കാബിന്‍ ക്രൂ അംഗങ്ങളെ കമ്പനി പിരിച്ചുവിട്ടത്. ജീവനക്കാര്‍ കൂട്ടത്തോടെ അവധിയെടുത്തത് നിയമലംഘനമാണ്. കമ്പനിക്ക് വലിയ നഷ്ടമുണ്ടായി. അവധിയെടുത്തതിന് കൃത്യമായ കാരണങ്ങള്‍ ബോധിപ്പിച്ചിട്ടില്ല. വിമാന സര്‍വീസികള്‍ മുടങ്ങണമെന്ന ഉദ്ദേശത്തോടെയാണ് അവധിയെടുത്തതെന്നും ജീവനക്കാരെ പിരിച്ചുവിട്ടുകൊണ്ടുള്ള കത്തില്‍ കമ്പനി വ്യക്തമാക്കി.

എയര്‍ഇന്ത്യ എക്‌സ്പ്രസിന്റെ ജീവനക്കാര്‍ പ്രതിഷേധിച്ചതോടെ ചൊവ്വാഴ്ച രാത്രിമുതല്‍ നൂറിലധികം സര്‍വീസുകള്‍ കമ്പനി മുന്നറിയിപ്പില്ലാതെ റദ്ദാക്കിയിരുന്നു. 15,000-ത്തോളം യാത്രക്കാരെ ഇത് ബാധിച്ചുവെന്നാണ് വിലയിരുത്തപ്പെടുന്നത്. മുന്നറിയിപ്പില്ലാതെ സര്‍വീസുകള്‍ റദ്ദാക്കിയതില്‍ ഡി.ജി.സി.എ. എയര്‍ഇന്ത്യ എക്‌സ്പ്രസിനോട് വിശദീകരണം തേടുകയും ചെയ്തു.

 

ജോലിയില്‍ കയറാന്‍ ജീവനക്കാരോട്
ശാസിച്ച് എയര്‍ ഇന്ത്യ എക്‌സപ്രസ്

Share

Leave a Reply

Your email address will not be published. Required fields are marked *