തിരുവനന്തപുരം: മാസപ്പടിക്കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ ടി വീണയ്ക്കുമെതിരെ മാസപ്പടിക്കേസില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ ഹര്‍ജി വിജിലന്‍സ് കോടതിതള്ളി. കോടതി നേരിട്ട് അന്വേഷിക്കണമെന്നായിരുന്നു കുഴല്‍നാടന്റെ ആവശ്യം. നിയമപോരാട്ടം തുടരുമെന്ന് മാത്യു കുഴല്‍നാടന്‍ പ്രതികരിച്ചു. കോടതിയുടെ തീരുമാനം അപ്രതീക്ഷിതമാണെന്നും വിധിപകര്‍പ്പ് ലഭിച്ചശേഷം പ്രതികരിക്കാമെന്നും കുഴല്‍നാടന്‍ കൂട്ടിച്ചേര്‍ത്തു.സിഎംആര്‍എലിനു മുഖ്യമന്ത്രി നല്‍കിയ വഴിവിട്ട സഹായമാണ് മകള്‍ വീണക്ക് സിഎംആര്‍എലില്‍ നിന്ന് മാസപ്പടി ലഭിക്കാന്‍ കാരണമെന്നായിരുന്നു ഹര്‍ജിയില്‍ മാത്യു കുഴല്‍നാടന്‍ ഉന്നയിച്ച ആരോപണം.
വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിടുന്നതിന് പകരം, കോടതി നേരിട്ട് കേസെടുത്താല്‍ മതിയെന്ന കുഴല്‍നാടന്റെ നിലപാടിലെ മാറ്റത്തെ കോടതി വിമര്‍ശിച്ചിരുന്നു. ഒന്നില്‍ ഉറച്ചുനില്‍ക്കൂയെന്ന് കോടതി കുഴല്‍നാടനോട് നിര്‍ദേശിച്ചു. നിലപാട് മാറ്റത്തിലൂടെ ഹര്‍ജി രാഷ്ട്രീയ പ്രേരിതമാണെന്നും ഹര്‍ജി തള്ളണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.