ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തിക്ക് ബുഖാറയുടെ ആദരം

ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തിക്ക് ബുഖാറയുടെ ആദരം

ഹദീസ് പഠനമേഖലയിലെ സംഭാവനകള്‍ക്ക് ആഗോള പ്രശംസ

ഉസ്ബസ്‌കിസ്ഥാന്‍: ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി ശൈഖ് അബൂബക്കര്‍ അഹ്‌മദിന് ഇമാം ബുഖാരിയുടെ ജന്മനാടിന്റെ ആദരം. ബുഖാറയിലെ സറഫ്‌ഷോന്‍ കണ്‍വെഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ മധ്യേഷ്യന്‍ രാജ്യങ്ങളിലെ മുഫ്തിമാരും ഖാളിമാരും ചേര്‍ന്ന് ആദരസൂചകമായി ഗ്രാന്‍ഡ് മുഫ്തിയെ ‘ഹിര്‍ഖത്തുല്‍ ബുഖാരിയ്യ’ വസ്ത്രം അണിയിച്ചു. സ്വാതന്ത്രാനന്തര ഇന്ത്യയിലെ ഒരു മുസ്ലിം പണ്ഡിതന്‍ ഇതാദ്യമായാണ് ഒരു മധ്യേഷ്യന്‍ രാജ്യത്ത് ഇത്തരമൊരു ആദരം ഏറ്റുവാങ്ങുന്നത്.

വിശ്വ പ്രസിദ്ധ ഹദീസ് ഗ്രന്ഥമായ സ്വഹീഹുല്‍ ബുഖാരിയുടെ പഠനത്തിനും പ്രചാരണത്തിനും നല്‍കിയ സേവനങ്ങളും, ഇന്ത്യ കേന്ദ്രീകരിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തുന്ന വൈജ്ഞാനിക പ്രവര്‍ത്തനങ്ങളും പരിഗണിച്ചാണ് ഗ്രാന്‍ഡ് മുഫ്തിക്ക് ആദരം നല്‍കിയത്. പ്രമുഖ യമനി പണ്ഡിതനും ദാറുല്‍ മുസ്തഫ സ്ഥാപനങ്ങളുടെ സ്ഥാപകനുമായ ശൈഖ് ഉമര്‍ ഹഫീളും ചടങ്ങില്‍ ആദരം ഏറ്റുവാങ്ങി. ഹദീസ് പഠനത്തിനു നല്‍കിയ സവിശേഷ സംഭാവനകളും അന്താരാഷ്ട്ര തലത്തില്‍ പുതിയ പ്രബോധന സാധ്യതകള്‍ കണ്ടെത്തി വ്യാപിപ്പിക്കുന്നതിലും വഹിച്ച നേതൃപരമായ പങ്കിനെ മുന്‍നിര്‍ത്തിയാണ് ഇരു പണ്ഡിതന്മാരെയും ആദരവിന് തിരഞ്ഞെടുത്തത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തിയും ഹബീബ് ഉമര്‍ ഹഫീളും ചേര്‍ന്നുള്ള കൂട്ടായ്മകള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിവരുന്ന പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരം കൂടിയാണ് ഈ ആദരം.

ആദരവ് ചടങ്ങിന് താഷ്‌കന്റ് സുപ്രീം ഇമാം ശൈഖ് റഹ്‌മതുല്ലാഹി തിര്‍മിദി, ബുഖാറ മുഫ്തി ശൈഖ് ജാബിര്‍ ഏലോവ്, സുര്‍ഖന്‍ദരിയ ഖാളി ശൈഖ് അലി അക്ബര്‍ സൈഫുല്ലാഹ് തിര്‍മിദി എന്നിവര്‍ നേതൃത്വം നല്‍കി. ഇതോടനുബന്ധിച്ച് നടന്ന പണ്ഡിത സംഗമം ചെച്‌നിയന്‍ പ്രസിഡന്റ് റമളാന്‍ കെദിറോവിന്റെ മതകാര്യ ഉപദേഷ്ടാവ് ശൈഖ് ആദം ശഹീദോവ് ഉദ്ഘാടനം ചെയ്തു. പാശ്ചാത്യ ലോകത്തെ പ്രമുഖ മുസ്ലിം പണ്ഡിതനായ ശൈഖ് യഹ്യ റോഡസ് വിശിഷ്ടാതിഥിയായി.ശൈഖ് ഹബീബ് ജിന്‍ദാന്‍ ഇന്തോനേഷ്യ, ഹബീബ് അലി സൈനുല്‍ ആബിദീന്‍ മലേഷ്യ, സാലിം ബിന്‍ ഹഫീള് ഉമര്‍ യമന്‍ സംഗമത്തില്‍ സംസാരിച്ചു. ഇരുപത് രാജ്യങ്ങളില്‍ നിന്നുള്ള പണ്ഡിതരും അതിഥികളും ചടങ്ങില്‍ സംബന്ധിച്ചു. ഇമാം ബുഖാരിയുടെ വൈജ്ഞാനിക ജീവിതവും ദീനി സേവനവും അനുധാവനം ചെയ്യാന്‍ ആധുനിക പണ്ഡിത സമൂഹം തയ്യാറാവണമെന്ന് സംഗമം അഭിപ്രായപ്പെട്ടു.

സമര്‍ഖന്ദിലെ ഇമാം ബുഖാരിയുടെ അന്ത്യവിശ്രമകേന്ദ്രത്തില്‍ ഗ്രാന്‍ഡ് മുഫ്തി നേത്യത്വം നല്‍കുന്ന ഗ്രാന്‍ഡ് സ്വഹീഹുല്‍ ബുഖാരി ദര്‍സ് ഇന്ന്(ശനി) നടക്കും. ഉസ്ബാക്കിസ്ഥാന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ ബുഖാരി മജ്ലിസാണിത്. ഇമാം ബുഖാരിയുടെ ജന്മനാട്ടിലും മധ്യേഷ്യയിലും സ്വഹീഹുല്‍ ബുഖാരിയുടെ പുനരുദ്ധാരണം ലക്ഷ്യം വെച്ചുള്ള ഗ്രാന്‍ഡ് മുഫ്തിയുടെയും ശൈഖ് ഉമര്‍ ബിന്‍ ഹഫീളിന്റെയും ഒരാഴ്ച നീണ്ടു നില്‍ക്കുന്ന ഉസ്ബാക്കിസ്ഥാന്‍ പര്യടനത്തെ വളരെ പ്രാധാന്യത്തോടെയാണ് പണ്ഡിത ലോകം ഉറ്റുനോക്കുന്നത്. ഉസ്ബാക്കിസ്ഥാന്‍ ഗവണ്‍മെന്റിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന വിവിധ പരിപാടികളിലും ഗ്രാന്‍ഡ് മുഫ്തി പങ്കെടുക്കും.

 

 

ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തിക്ക് ബുഖാറയുടെ ആദരം

 

Share

Leave a Reply

Your email address will not be published. Required fields are marked *