എഡിറ്റോറിയല്‍
കൊടും ചൂടില്‍ സംസ്ഥാനം കത്തുകയാണ്. മുന്‍പൊരിക്കലും ഉണ്ടായിട്ടില്ലാത്ത വിധത്തിലുള്ള ചൂടാണ് അനുഭവപ്പെടുന്നത്. ഈ ചൂടില്‍ ജോലി സമയം സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അത് പാലിക്കപ്പെടുന്നില്ലെന്ന് ശക്തമായ വിമര്‍ശനമുണ്ട്. കാലത്ത് 11 മണി മുതല്‍ 3 മണിവരെയുള്ള ചൂട് ഒരു തരത്തിലും ശരീരത്തില്‍ ഏല്‍ക്കരുതെന്ന് നിര്‍ദ്ദേശമുണ്ട്. ശക്തമായ സൂര്യ പ്രകാശം ശരീരത്തില്‍ പതിച്ചാല്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളും, മരണമടക്കവും സംഭവിക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍ിയിട്ടുണ്ട്. നിര്‍മ്മാണ മേഖലയില്‍ അധികാരികള്‍ നല്‍കിയിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെടുന്നില്ല. ഇതര സംസ്ഥാന തൊഴിലാളികളാണ് ഇത്തരം തൊഴിലുകളില്‍ കൂടുതലും ഏര്‍പ്പെട്ടിരിക്കുന്നത്. ഇവര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ അറിയാത്തതിനാല്‍ ഇത് മറച്ച് വെച്ചാണ് കരാറുകാര്‍ ജോലിയെടുപ്പിക്കുന്നത്. ഇത്തരക്കാരെ കണ്ടെത്തി നിയമ നടപടികള്‍ സ്വീകരിക്കണം.
ഉഷ്ണതരംഗം മൂലം സംസ്ഥാനത്ത് മൂന്ന് പേര്‍ മരിച്ചതായാണ് കണക്ക്. മരണപ്പെട്ടവര്‍ തൊഴിലാളികളാണ്. കെട്ടിടം ജോലിയും, പോയിന്റിംഗ് ജോലിയും ചെയ്തവരാണ് മരണപ്പെട്ടിട്ടുള്ളത്. ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഇക്കാര്യം പരിശോധിക്കുകയും ഉഷ്ണ തരംഗത്തിനറുതി വരുന്നതുവരെ ജോലി സമയം പാലിക്കപ്പെടാന്‍ നടപടി സ്വീകരിക്കുകയും വേണം.