സഹകരണ മേഖലയിലെ ഓരോ നാണയത്തുട്ടും സ്വന്തം ഹൃദയം പോലെ സൂക്ഷിക്കണം; എന്‍.കെ.അബ്ദുറഹിമാന്‍

സഹകരണ മേഖലയിലെ ഓരോ നാണയത്തുട്ടും സ്വന്തം ഹൃദയം പോലെ സൂക്ഷിക്കണം; എന്‍.കെ.അബ്ദുറഹിമാന്‍

കാലിക്കറ്റ് സിറ്റി ജനതവെല്‍ഫെയര്‍ സഹകരണ
സംഘം 10-ാം വാര്‍ഷികം ആഘോഷിച്ചു

 

 

കോഴിക്കോട്: സഹകരണ മേഖലയില്‍ ജനങ്ങള്‍ നിക്ഷേപിക്കുന്ന ഓരോ നാണയത്തുട്ടും സ്വന്തം ഹൃദയം സൂക്ഷിക്കുന്ന പോലെ കാത്തു സൂക്ഷിക്കണമെന്ന് മുതിര്‍ന്ന സഹകാരിയും,കാരശ്ശേരി സര്‍വ്വീസ് സഹകരണ ബാങ്ക് ചെയര്‍മാനുമായ എന്‍.കെ അബ്ദുറഹിമാന്‍ പറഞ്ഞു. കാലിക്കറ്റ് സിറ്റി ജനതവെല്‍ഫെയര്‍ സഹകരണ സംഘത്തിന്റെ പത്താം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പത്ത് വര്‍ഷക്കാലം കോഴിക്കോട്ടെ ജനങ്ങളുടെ വിശ്വാസം നിലനിര്‍ത്തി, സഹകരണ മേഖലയ്ക്ക് അഭിമാനമായി കാലിക്കറ്റ് സിറ്റി ജനത വെല്‍ഫെയര്‍ സംഘത്തെ നയിച്ച ഭരണ സമിതിയെയും. ജീവനക്കാരെയും, പിന്തുണ നല്‍കിയ നാട്ടുകാരെയും അദ്ദേഹം അഭിനന്ദിച്ചു. കേരളം കണ്ട എക്കാലത്തെയും ജനകീയ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്ത ഈ പ്രസ്ഥാനത്തിന്റെ ഉദ്ഘാടന വേളയില്‍ ഭദ്ര ദീപത്തില്‍ ഒരു തിരി തെളിയിക്കാനായത് അദ്ദേഹം അനുസ്മരിച്ചു. 179 വര്‍ഷക്കാലത്തെ മഹത്തായ ചരിത്രമാണ് സഹകരണ മേഖലയ്ക്കുള്ളത്. ആംസ്റ്റര്‍ഡാമിലാണ് ലോകത്തിലെ ആദ്യ സഹകരണ സംഘം പിറവിയെടുക്കുന്നത്. നമ്മുടെ രാജ്യത്ത് ഹിമാചല്‍ പ്രദേശില്‍ ഉന ജില്ലയില്‍ പഞ്ചവ സഹകരണ സംഘവും, കേരളത്തില്‍ പാലക്കാട് ജില്ലയില്‍ കൊടുവായൂരിലും പ്രഥമ സഹകരണ സംഘങ്ങള്‍ രൂപീകൃതമാകുന്നത്. സമീപകാലത്ത്, സഹകരണ മേഖലയില്‍ പുഴുക്കുത്തുകള്‍ ഉണ്ടായിട്ടുണ്ട്. അതെല്ലാം തിരുത്തി, കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിച്ച് സഹകരണ മേഖല കരുത്തോടെ മുന്നോട്ട് പോകും. ജവഹര്‍ലാല്‍ നെഹ്രുവാണ് രാജ്യത്ത് സഹകരണ മേഖലക്ക് ചട്ടക്കൂടുണ്ടാക്കിയത്. 1967ല്‍ ഇഎംഎസ് സര്‍ക്കാരാണ് കേരളത്തില്‍ സഹകരണ മേഖലയ്ക്കായി സമഗ്രമായ നിയമം പാസ്സാക്കിയത്. സഹകരണ മേഖലയിലൂടെ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്ന് തെളിയിച്ചത് കോഴിക്കോട് നടക്കാവ് സ്വദേശിയായിരുന്ന ഡോ.വര്‍ഗ്ഗീസ് കുര്യനാണ്. അദ്ദേഹമാണ് ഗുജറാത്തില്‍ അമുല്‍ സ്ഥാപിക്കുന്നത്. ഇന്ന് 42 രാജ്യങ്ങളില്‍ അമുലിന്റെ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്നുണ്ട്. ഇത്തരം മഹത്തായ മാതൃകകള്‍ പിന്‍പറ്റി, സത്യസന്ധമായി സഹകരണ സംഘങ്ങളെ നയിക്കാന്‍ സഹകാരി സമൂഹത്തെ അദ്ദേഹം ആഹ്വാനം ചെയ്തു. ചടങ്ങില്‍ സംഘം പ്രസിഡണ്ട് കെ.വി.സലീം അധ്യക്ഷത വഹിച്ചു. സംഘം സെക്രട്ടറി വിഷ്ണു.എ റിപ്പോര്‍ട്ടവതരിപ്പിച്ചു. കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് കെ.സി.ശോഭിത, കൗണ്‍സിലര്‍മാരായ വരുണ്‍ ഭാസ്‌ക്കര്‍, രാജേഷ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. അഡ്വ.എം.കെ.എ.സലീം(കായികം), കെ.വി.അലി അരങ്ങാടത്ത് (കലാ സാംസ്‌കാരികം), പ്രിയേഷ് കുമാര്‍.പി(സഹകരണം) എന്നിവരെ പുരസ്‌കാരം നല്‍കി ആദരിച്ചു. മുതിര്‍ന്ന സഹകാരികളെയും ചടങ്ങില്‍ ആദരിച്ചു. ആദരിച്ചവരെ സംഘം ഡയറക്ടര്‍ അഡ്വ.ബിന്ദുകൃഷ്ണ പരിചയപ്പെടുത്തി. സംഘം ഡയറക്ടര്‍ അഡ്വ.എ.വി.അന്‍വര്‍ സ്വാഗതവും, വൈസ് പ്രസിഡണ്ട് പി.കണ്‍മണി നന്ദിയും പറഞ്ഞു. തുടര്‍ന്ന് ജീവനക്കാരുടെ കലാപരിപാടികള്‍ ടിവി ചാനല്‍ പ്രേഗ്രാമുകളിലൂടെ പ്രശസ്തരായ പ്രതിഭകള്‍ അണിനിരന്ന മേക്‌സ് മ്യൂസിക്കല്‍ ബാന്റും, ജാനു തമാശ ടീംസ് ലൈവ് സ്‌റ്റേജ് ഷോയും അരങ്ങേറി.

 

 

 

സഹകരണ മേഖലയിലെ ഓരോ നാണയത്തുട്ടും സ്വന്തം ഹൃദയം പോലെ സൂക്ഷിക്കണം; എന്‍.കെ.അബ്ദുറഹിമാന്‍

Share

Leave a Reply

Your email address will not be published. Required fields are marked *