ഊരാളുങ്കല്‍ സൊസൈറ്റിക്ക് ‘ബെസ്റ്റ് പെര്‍ഫോമര്‍ പുരസ്‌ക്കാരം’

ഊരാളുങ്കല്‍ സൊസൈറ്റിക്ക് ‘ബെസ്റ്റ് പെര്‍ഫോമര്‍ പുരസ്‌ക്കാരം’

അംഗീകാരം തലപ്പാടി ചെങ്കള റോഡിന്റെ നിര്‍മ്മാണത്തിന്

മികച്ച പ്രകടനം കാഴ്ചവച്ചതിന് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് ദേശീയപാതാ അതോറിറ്റിയുടെ അംഗീകാരം.
ബെസ്റ്റ് പെര്‍ഫോര്‍മര്‍ പുരസ്‌കാരം അതോറിറ്റി ചെയര്‍മാന്‍ സന്തോഷ് കുമാര്‍ യാദവ് ഊരാളുങ്കല്‍ സൊസൈറ്റി ചെയര്‍മാന്‍ രമേശന്‍ പാലേരിക്ക് തിരുവനന്തപുരത്തു സമ്മാനിച്ചു. സംസ്ഥാനത്ത് 20-ല്‍പ്പരം റീച്ചുകളിലായി ദേശീയപാത ആറുവരിയായി വികസിപ്പിക്കുന്ന പ്രവൃത്തിയില്‍ രാജ്യത്തെ മുന്‍നിരനിര്‍മ്മാണസ്ഥാപനങ്ങളെക്കാള്‍ മികച്ച പ്രകടനം കാഴ്ചവച്ചതിനാണ് അംഗീകാരം.
സമയക്ലിപ്തത, ഗുണമേന്മ, തൊഴില്‍നൈപുണ്യം, പ്രൊജക്ട് മാനേജ്‌മെന്റ് എന്നിവയിലുള്ള സൊസൈറ്റിയുടെ സമര്‍പ്പണവും അസാമാന്യവൈദഗ്ദ്ധ്യവും കണക്കിലെടുത്താണ് അംഗീകാരം. പുരസ്‌കാര സമര്‍പ്പണത്തില്‍ ദേശീയപാത അതോറിറ്റി മെമ്പര്‍ (പിപിപി) വെങ്കിട്ടരമണ, റീജിയണല്‍ ഓഫീസര്‍ ബി. എല്‍. മീണ, യുഎല്‍സിസിഎസ് എംഡി എസ്. ഷാജു, പ്രൊജക്റ്റ് മാനേജര്‍ നാരായണന്‍, കണ്‍സഷണയര്‍ പ്രതിനിധി ടി. പി. കിഷോര്‍ കുമാര്‍, സിജിഎം റോഹന്‍ പ്രഭാകര്‍, ജിഎം റോഡ്‌സ് പി. ഷൈനു തുടങ്ങിയവര്‍ സംബന്ധിച്ചു.
ഭാരത് മാല പദ്ധതിയില്‍ കേരളത്തില്‍ നടക്കുന്ന പ്രവൃത്തികളില്‍ ആദ്യം പൂര്‍ത്തിയായാകുക ഊരാളുങ്കല്‍ സൊസൈറ്റി നിര്‍മ്മിക്കുന്നതലപ്പാടി – ചെങ്കള റീച്ചാണ്. സംസ്ഥാനത്തെ വടക്കേയറ്റത്തെ ഈ റീച്ചില്‍ ആറുവരിപ്പാതയുടെ 36-ല്‍ 28.5 കിലോമീറ്ററും സര്‍വ്വീസ് റോഡിന്റെ 66-ല്‍ 60.7 കിലോമീറ്ററും ഡ്രയിന്‍ ലൈന്‍ 76.6-ല്‍ 73 കിലോമീറ്ററും പൂര്‍ത്തിയായി. വലിയ പാലങ്ങളില്‍ രണ്ടെണ്ണം പൂര്‍ണ്ണമായും ഓരോന്ന് 85-ഉം 80-ഉം ശതമാനം വീതവും ചെറിയ പാലങ്ങളില്‍ രണ്ടെണ്ണം പൂര്‍ണ്ണമായും ഓരോന്ന് 85-ഉം 50-ഉം ശതമാനം വീതവും പൂര്‍ത്തിയായിക്കഴിഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *