യൂറോപ്പില്‍ നിന്ന് നമുക്ക് പലതും പഠിക്കാനുണ്ട്; എം.എന്‍.കാരശ്ശേരി

യൂറോപ്പില്‍ നിന്ന് നമുക്ക് പലതും പഠിക്കാനുണ്ട്; എം.എന്‍.കാരശ്ശേരി

‘യൂറോപ്പനുഭവം, ഓസ്ട്രിയ, ജര്‍മ്മനി, ഫ്രാന്‍സ്’ എന്ന ഗ്രന്ഥം പ്രകാശനം ചെയ്തു

 

കോഴിക്കോട്: യൂറോപ്യന്‍ ജനതയില്‍ നിന്ന് നമുക്ക് പലതും പഠിക്കാനുണ്ടെന്ന് ഡോ.എം.എന്‍.കാരശ്ശേരി പറഞ്ഞു. ഒ.സുഗുണന്‍ രചിച്ച ‘യൂറോപ്പനുഭവം, ഓസ്ട്രിയ, ജര്‍മ്മനി, ഫ്രാന്‍സ്’ എന്ന ഗ്രന്ഥം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.എസ്.വെങ്കിടാചലം പുസ്തകം ഏറ്റുവാങ്ങി. മലയാളികള്‍ മറ്റുള്ളവരുടെ കാര്യങ്ങളില്‍ മുഴുകുന്നവരാണ്. യൂറോപ്പുകാരാവട്ടെ അവനവന്റെ കാര്യങ്ങള്‍ ആലോചിക്കുന്നവരാണ്. അവനവന്റെ ജോലി അവനവനെടുക്കണം എന്ന കാര്യം ആദ്യം ഉന്നയിച്ചത് ഗാന്ധിജിയാണ്. ബറാക്ക് ഒബാമ സ്വന്തം കുട പിടിച്ച് നടന്ന് പോകുമ്പോള്‍ നമ്മുടെ നാട്ടിലെ നേതാക്കള്‍ക്ക് കുട മറ്റൊരാള്‍ പിടിച്ച് കൊടുക്കണം. കാറിന്റെ ഡോര്‍ തുറക്കാന്‍ പോലും ആരോഗ്യമില്ലാത്തവരാണ് നമ്മുടെ നേതാക്കള്‍.

ജാതി വ്യവസ്ഥ അധ്വാനത്തോടുള്ള ബഹുമാനം നശിപ്പിച്ച ഒരു രാജ്യമാണ് ഇന്ത്യ. ഇന്ത്യയില്‍ സമയനിഷ്ഠ രണ്ട് കാര്യങ്ങളിലാണ്. ഒന്ന് വിവാഹത്തിന്റെ മുഹൂര്‍ത്തം, മറ്റൊന്ന് രാഹുകാലമാണ്. യൂറോപ്പില്‍ ഓരോ ജോലിക്കും തുല്യ പരിഗണനയാണ് നല്‍കുന്നത്.

വിദ്യയുടെയും, കാവ്യത്തിന്റെയും പ്രതിരൂപം സരസ്വതിയാണ്. സരസ്വതി എന്ന് പേരായ സ്ത്രീയായിട്ട് പോലും ഇന്ത്യയില്‍ സ്ത്രീക്ക് വിദ്യ നിഷേധിക്കപ്പെട്ടു. അഭിജ്ഞാനശാകുന്തളത്തില്‍ ശകുന്തളക്കും മുക്കുവനും താഴ്ന്നവന്റെ ഭാഷയിലേ സംസാരിക്കാന്‍ അനുവാദമുള്ളൂ.

സ്ത്രീകളെ അധമ രൂപത്തിലാണ് ഇന്ത്യയില്‍ കൊണ്ട് നടക്കുന്നത്. സ്ത്രീ ദേവിയാണ്, ദീപമാണ് എന്നൊക്കെ നാം ബഡായി പറയുകയാണ്. വസ്ത്രത്തില്‍ പോലും ആണ്‍പെണ്‍ വേര്‍തിരിവുണ്ടാക്കാനും സ്ത്രീകളെ അടിമകളാക്കാനുമാണ് രാജ്യത്ത് ശ്രമം നടക്കുന്നത്. യൂറോപ്പില്‍ ശരീരഭാഷകൊണ്ട് ആണിനെയും പെണ്ണിനെയും തിരിച്ചറിയാനാവില്ല.

ഓരോ മലയാളിയും ഒരു സദാചാര ഗുണ്ടയാണ്. മറ്റൊരാളുടെ സ്വകാര്യതയില്‍ ഇടപെടുന്നത് സദാചാരമല്ല ദുരാചാരമാണ്. എന്നിട്ടും മലയാളി അവന്റെ സമയം ദുര്‍വ്യയം ചെയ്യുകയാണ്. യഥാര്‍ത്ഥത്തില്‍ മണ്ണില്‍ പണിയെടുക്കുന്നവനെയാണ് തിരുമേനിയെന്നു വിളിക്കേണ്ടത്. സ്വന്തം തല മുണ്ഡനം ചെയ്തവനെ ശ്രീബുദ്ധന്‍ വിളിച്ചത് പണ്ഡിതന്‍ എന്നാണ്. യൂറോപ്പില്‍ തലയില്‍ ഓപ്പറേഷന്‍ ചെയ്യുന്ന ഡോക്ടര്‍ക്കും, തലമുടി മുറിക്കുന്നവനും അധ്വാനപരമായ പരിഗണന ലഭിക്കുന്നുണ്ട്.

ഇവിടെ ഒരു മുദ്രാവാക്യമുണ്ടായിരുന്നു. നാടുഭരിക്കാനറിയില്ലെങ്കില്‍ താടിവടിയ്ക്കാന്‍ പോയിക്കൂടെ. യാത്രാ വിവരണത്തില്‍ ഇന്നും ഏവര്‍ക്കും പ്രിയങ്കരന്‍ എസ്.കെ.പൊറ്റക്കാടായിരുന്നു.

കേരളത്തില്‍ വികസനമാണ് പ്രധാന ചര്‍ച്ച. വലിയ വികസന പദ്ധതികള്‍ വന്നാലേ സിപിഎമ്മിനും, കോണ്‍ഗ്രസ്സിനും, ബിജെപിക്കും പുട്ടടിക്കാന്‍ പറ്റൂ. നീതിയാവണം പ്രത്യയശാസ്ത്രം, സമത്വമാവണം പ്രത്യയശാസ്ത്രം. എല്ലാ ജീവജാലങ്ങള്‍ക്കും വേണ്ടി യൂറോപ്പില്‍ ഹരിത രാഷ്ട്രീയം വളര്‍ന്നു വരികയാണ്. ഇത് മലയാളി ഓര്‍ക്കണമെന്നും ഡോ.എം.എന്‍.കാരശ്ശേരി കൂട്ടിച്ചേര്‍ത്തു.

പ്രശസ്ത എഴുത്തുകാരന്‍ യു.കെ.കുമാരന്‍ അധ്യക്ഷത വഹിച്ചു. ഡോ.സി.രവീന്ദ്രന്‍, പി.കോയ, പി.കെ.ദയാനന്ദന്‍, വാഗ്ഭടാനന്ദ ഗുരുദേവന്‍ വായനശാല പ്രസിഡണ്ട് വിപിന്‍.പി.എസ് മലബാറി, സി.സുരേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. ഒ.സുഗുണന്‍ മറുമൊഴി നടത്തി. പൂര്‍ണ്ണ പബ്ലിക്കേഷന്‍സാണ് പ്രസാധകര്‍.

 

 

 

 

 

 

യൂറോപ്പില്‍ നിന്ന് നമുക്ക് പലതും പഠിക്കാനുണ്ട്; എം.എന്‍.കാരശ്ശേരി

Share

Leave a Reply

Your email address will not be published. Required fields are marked *